'മഞ്ജു വാര്യർ മദ്യപിക്കുമെന്നും ദിലീപുമായി വഴക്ക് പതിവെന്നും പറയണം'; നിർണായകമായത് ആ ശബ്‌ദരേഖ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക വിധി വരാൻ ഇനി മൂന്ന് ദിനങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. എട്ട് വർഷത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് ഇപ്പോൾ വിധി വരാനിരിക്കുന്നത്. മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാൾ ആക്രമിക്കപ്പെട്ടു എന്നതിനൊപ്പം തന്നെ ഈ കേസിന് പ്രാധാന്യം കൈവന്നത് ദിലീപ് പ്രതിപട്ടികയിൽ വന്നപ്പോൾ ആയിരുന്നു. കേസിലെ എട്ടാം പ്രതിയാണ് സൂപ്പർതാരമായ ദിലീപ്.
എട്ടാം തീയതി കേസിൽ നിർണായക വിധി വരുമ്പോൾ അവിടെ തീരുമാനിക്കപ്പെടുന്നത് ദിലീപിന്റെ കൂടി ഭാവിയാണ്. കേസിൽ 85 ദിവസത്തോളം ജയിലിൽ കഴിയേണ്ടി വന്നയാളാണ് ദിലീപ്. അതുകൊണ്ട് തന്നെ ആരോപണ ശരങ്ങൾ എല്ലാം താരത്തിന് നേരെയായിരുന്നു. പിന്നീട് വിചാരണ കാലയളവിൽ പലപ്പോഴായി ദിലീപിനെതിരെ പലരും രംഗത്ത് വരികയും ചെയ്‌തിരുന്നു.

വിധിക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചർച്ചയാവുന്നത് കേസിന്റെ തുടർനടപടികളെക്കാൾ അധികം പഴയ കാര്യങ്ങളാണ്. വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ പല തെളിവുകളും കേസിൽ നിർണായകമായി മാറിയിട്ടുണ്ട്. അത്തരത്തിൽ പ്രോസിക്യൂഷൻ സാക്ഷി ആയിരുന്ന ദിലീപിന്റെ സഹോദരൻ അനൂപും അഭിഭാഷകനും തമ്മിലുള്ള സംഭാഷണം ഏറെ കോളിളക്കം സൃഷ്‌ടിച്ച ഒരു തെളിവുകളിൽ ഒന്നായിരുന്നു.
അനൂപും അഭിഭാഷകനും തമ്മിലുള്ള സംഭാഷണം
നടിയെ ആക്രമിച്ച കേസിൽ എങ്ങനെ കോടതിക്ക് മുൻപാകെ മൊഴി നൽകണമെന്ന് ദിലീപിന്റെ സഹോദരൻ അനൂപിനെ അഭിഭാഷകൻ പറഞ്ഞു പഠിപ്പിക്കുന്നതിന്റെ ശബ്‌ദ രേഖയാണ് പുറത്തുവന്നത് നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായിരുന്നു അനൂപ്. നടിയെ ആക്രമിച്ച കേസിന്റെ വിസ്‌താര വേളയിൽ എങ്ങനെ മൊഴി നൽകണമെന്നാണ് അഭിഭാഷകൻ അനൂപിനെ പഠിപ്പിക്കുന്നത്.
ഇത് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. കേസിനെ അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപിന്റെ ഭാഗത്തുനിന്ന് ഏതൊക്കെ വിധത്തിലുള്ള ശ്രമം ഉണ്ടായി എന്ന് സ്ഥാപിക്കാനാണ് പ്രോസിക്യൂഷൻ ഇതിലൂടെ ശ്രമിച്ചത്. അതുകൊണ്ട് തന്നെ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ പ്രോസിക്യൂഷന്റെ ശക്തമായ തെളിവുകളിൽ ഒന്നായാണ് ഇത് വിലയിരുത്തുന്നത്.
ദിലീപിന് ശത്രുക്കൾ ഒരുപാടുണ്ടെന്ന് കോടതിയിൽ പറയണം. ശ്രീകുമാർ മേനോനും ലിബർട്ടി ബഷീറും ദിലീപിന്റെ ശത്രുക്കൾ ആണെന്ന് പറയണം. ശ്രീകുമാർ മേനോനും മഞ്ജു വാര്യരും തമ്മിൽ അടുപ്പമുണ്ടെന്നും പറയണം. ഗുരുവായൂരിലെ ഡാൻസ് പ്രോഗ്രാമിന്റെ പേരിൽ വീട്ടിൽ വഴക്കുണ്ടായെന്ന് പറയണമെന്നും അഭിഭാഷകൻ അനൂപിനോട് പറയുന്നത് ഓഡിയോ ക്ലിപ്പുകളിൽ വ്യക്തമായിരുന്നു.
മഞ്ജുവും ദിലീപും തമ്മിൽ നൃത്തപരിപാടികളുടെ പേരിൽ വഴക്ക് പതിവായിരുന്നുവെന്നും. മഞ്ജു മദ്യപിക്കും എന്നും കോടതിയിൽ പറയണമെന്ന് അഭിഭാഷകൻ അനൂപിനെ പഠിപ്പിക്കുന്നത് ശബ്‌ദരേഖയിൽ കേൾക്കാമായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തോളമായി ദിലീപ് മദ്യപാനം ഒഴിവാക്കിയിട്ടെന്നും ദിലീപ് മദ്യപിക്കാറില്ലെന്ന് പറയണമെന്നും അഭിഭാഷകൻ ചട്ടം കെട്ടുന്നുണ്ട്.
ചാലക്കുടിയിൽ ദിലീപിന്റെ തിയേറ്റർ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ സംബന്ധിച്ചും അഭിഭാഷകൻ ഓഡിയോ ക്ലിപ്പിൽ സംസാരിക്കുന്നുണ്ട്. എന്നാൽ, ഇത് കൃത്യമായി എന്തിനെക്കുറിച്ചാണെന്ന് അതിൽ വ്യക്തതയില്ല. മറ്റൊന്ന് ഡ്രൈവർ അപ്പുണ്ണിയെക്കുറിച്ചാണ്. അപ്പുണ്ണി ദിലീപിന്റെ സന്തത സഹചാരിയല്ല എന്ന് നിലപാടെടുക്കണമെന്നാണ് അനൂപിനോട് അഭിഭാഷകൻ ആവശ്യപ്പെട്ടത്.
അതേസമയം, ദിലീപ് സാക്ഷികളെ സ്വാധിനിക്കുന്നു എന്ന് തെളിയിക്കാനാണ് ഈ ഓഡിയോ സന്ദേശം പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്. കേസിൽ 20ലധികം സാക്ഷികൾ കൂറുമാറിയിരുന്നു. ഈ സാക്ഷികൾ എല്ലാം സിനിമാ മേഖലയിലുള്ളവരായിരുന്നു. ഇവരെല്ലാം കൂറുമാറിയത് ദിലീപിന്റെ സ്വാധീനത്താലാണ് എന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. അതിന്റെ ഉദാഹരണമായാണ് ഈ ശബ്‌ദരേഖ കോടതിയിൽ സമർപ്പിച്ചത്.












Click it and Unblock the Notifications