വോട്ട് ചെയ്യാതെ മമ്മൂട്ടിയും പൃഥ്വിയും ഉര്‍വശിയും.. മഞ്ജു വാര്യരും വിട്ടുനിന്നു! കാരണമെന്ത്?
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയെ നയിക്കാന്‍ ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ശ്വേത മേനോന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കുക്കു പരമേശ്വരന്‍ ആണ് ജനറല്‍ സെക്രട്ടറിയായത്. മോഹന്‍ലാലും സുരേഷ് ഗോപിയും അടക്കമുള്ള മലയാള സിനിമയിലെ സൂപ്പര്‍താരങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഭാഗമായിരുന്നു.
താരങ്ങളില്‍ പലരും കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ വെച്ച് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു. എന്നാല്‍ പല പ്രമുഖ താരങ്ങളുടേയും അസാന്നിധ്യം കൊണ്ടും അമ്മ തിരഞ്ഞെടുപ്പ് ശ്രദ്ധേയമായി. 508 പേര്‍ക്ക് വോട്ട് അവകാശം ഉണ്ടായിരുന്നെങ്കിലും ഇന്ന് വോട്ട് ചെയ്യാന്‍ എത്തിയത് 298 പേര്‍ മാത്രമായിരുന്നു. മമ്മൂട്ടിയും മഞ്ജു വാര്യരും അടക്കമുള്ള മുന്‍നിര താരങ്ങള്‍ വോട്ട് ചെയ്യാന്‍ എത്തിയിരുന്നില്ല.

അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറെ നാളായി മമ്മൂട്ടി പൊതുജനമധ്യത്തില്‍ എത്താറില്ല. അതേസമയം നടിയെ ആക്രമിച്ച കേസിന് ശേഷം മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി രൂപീകരിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന മഞ്ജു വാര്യരുടെ വോട്ടെടുപ്പിലെ അസാന്നിധ്യം ശ്രദ്ധേയമാണ്. പ്രത്യേകിച്ച് പ്രധാന സ്ഥാനങ്ങളിലേക്കെല്ലാം വനിതകള്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്ത ഒരു തിരഞ്ഞെടുപ്പില്‍.
മുന്‍നിര താരങ്ങളായ ജയറാം, ഉര്‍വശി, പൃഥ്വിരാജ് സുകുമാരന്‍, കുഞ്ചാക്കോ ബോബന്‍, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ആസിഫ് ആലി, ഇന്ദ്രജിത്ത് എന്നീ പ്രമുഖ താരങ്ങളും ഇന്ന് നടന്ന വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശ്വേത മേനോന് 159 വോട്ടുകള്‍ ലഭിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി ദേവന്‍ 132 വോട്ടുകള്‍ ആണ് നേടിയത്.
29 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആണ് ശ്വേത പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ രവീന്ദ്രനെ 57 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കുക്കു പരമേശ്വരന്‍ പരാജയപ്പെടുത്തിയത്. കുക്കുവിന് 175 വോട്ടും രവീന്ദ്രന് 115 വോട്ടും ലഭിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ, നാസര്‍ ലത്തീഫ് എന്നിവര്‍ ആയിരുന്നു മത്സരിച്ചത്.
രണ്ട് വൈസ് പ്രസിഡന്റുമാരായി ജയന്‍ ചേര്‍ത്തലും ലക്ഷ്മിപ്രിയയും തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറര്‍ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ ഉണ്ണി ശിവപാല്‍, അനൂപ് ചന്ദ്രനെ പരാജയപ്പെടുത്തി. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്ത്രീകള്‍ക്ക് നാല് സീറ്റ് സംവരണമുള്ള എക്‌സിക്യൂട്ടീവില്‍ അഞ്ജലി നായര്‍, ആഷ അരവിന്ദ്, നീന കുറുപ്പ്, സജിത ബേട്ടി, സരയു മോഹന്‍ എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ഇതില്‍ സജിത ബേട്ടി ഒഴികേയുള്ളവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ജോയി മാത്യു, കൈലാഷ്, റോണി ഡേവിഡ് രാജ്, സന്തോഷ് കീഴാറ്റൂര്‍, ടിനി ടോം, വിനു മോഹന്‍, സിജോയ് വര്‍ഗീസ് എന്നിവരാണ് മറ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍.












Click it and Unblock the Notifications