മനോജ് വധം; സിപിഎം ലോക്കല്‍ കമ്മറ്റി അംഗം അറസ്റ്റില്‍
കണ്ണൂര്‍: ആര്‍.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖും കതിരൂര്‍ സ്വദേശിയുമായ ഇളംതോട്ടില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം അംഗം അറസ്റ്റില്‍. പാട്യം സര്‍വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പ്രകാശനാണ് അറസ്റ്റിലായത്. നേരത്തെ കോടതിയില്‍ കീഴടങ്ങിയ വിക്രമന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്നാണ് സൂചന.
സെപ്റ്റംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്നും വാനില്‍ പുറത്തേക്ക് പോകവെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം മനോജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മനോജിനെ വാനില്‍ നിന്നും പുറത്തേക്ക് വലിച്ചിറക്കിയതും മഴുകൊണ്ട് ക്രൂരമായി വെട്ടിയതും വിക്രമനാണെന്ന് സംഭവത്തില്‍ പരിക്കേറ്റ ദൃക്‌സാക്ഷി പോലീസിനോട് പറഞ്ഞിരുന്നു.

ആക്രമണത്തിനിടെ പരിക്കേറ്റ വിക്രമന്‍ അന്നേദിവസം പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വിക്രമനെ പയ്യന്നൂരിലേക്ക് അനുഗമിച്ചത് അറസ്റ്റിലായ പ്രകാശനായിരുന്നെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രകാശനെ കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തിന് വിക്രമനൊപ്പമുണ്ടായിരുന്ന ആറോളം പേരെ ഇനിയും പിടികൂടാനുണ്ട്.
അതിനിടെ കൂടുതല്‍ സിപിഎം നേതാക്കളെ പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത് സിപിഎം നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ കേസില്‍ പ്രതിയാകുന്നത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കും. മനോജ് വധത്തില്‍ തിരിച്ചടിക്കാതെ സിപിഎമ്മിനെതിരെ പ്രചരണ ആയുധമാക്കാനാണ് ആര്‍എസ്എസ് ശ്രമം.












Click it and Unblock the Notifications