'നിറം കുറവ്, ഇംഗ്ലീഷ് അറിയില്ല': ഭർത്താവില്‍ നിന്നും നിരന്തരം അവഹേളനം; മലപ്പുറത്ത് 19 കാരി ജീവനൊടുക്കി
മലപ്പുറം: നിറത്തിന്റെ പേരില്‍ ഭർത്താവില്‍ നിന്നുണ്ടായ തുടർച്ചയായ അവഹേളനത്തെ തുടർന്ന് മലപ്പുറത്ത് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഭർത്താവിന്റെ ഭാഗത്ത് നിന്നും നിറത്തിന്റെ പേരില്‍ തുടർച്ചയായ അവഹേളം സഹിക്കാതെയാണ് ഷഹാന ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവിന്റെ ഭാഗത്ത് നിന്നും വിവാഹ മോചനത്തിനായുള്ള സമ്മർദ്ദവും ശക്തമായിരുന്നു.

മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിന്റേയും ഷഹാനയുടേയും വിവാഹം 2024 മെയ് 27 നായിരുന്നു നടന്നത്. വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ പ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ ജോലിക്കായി വിദേശത്ത് പോയതോടെ അബ്ദുള്‍ വാഹിദിന്റെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റമുണ്ടായി. വാഹിദ് നിറത്തിന്റെ പേരിൽ നിരന്തരം ഷഹാനയെ മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം പരാതിയിൽ പറയുന്നു.
പെണ്‍കുട്ടിക്ക് നിറം കുറവാണെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തല്‍. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തതിന്റെ പേരിലും അവഹേളനമുണ്ടായി. ഇതിന്റെയെല്ലാം പേരില്‍ വിവാഹ മോചനം വേണമെന്നും വാഹിദ് നിർബന്ധം പിടിച്ചു. വീട്ടുകാരില്‍ നിന്നും വലിയ മാനസിക പീഡനം ഷഹാന നേരിടേണ്ടി വന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
വിവാഹ ബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെ ഷഹാന വളരെ മാനസിക പ്രയാസത്തിലായിരുന്നു. വിവരം സ്വന്തം വീട്ടുകാരെ അറിയിക്കുകയും വിവാഹമോചിതയായ ശേഷം എന്ത് ചെയ്യുമെന്ന ആശങ്ക പങ്കുവെക്കുകയും ചെയ്തു. ഇതേ തുടർന്ന് പെണ്‍കുട്ടിയെ കുടുംബം കൗണ്‍സിലിങിന് അയച്ചതായും റിപ്പോർട്ടുണ്ട്. ഇതിനിടയിലാണ് ആത്മഹത്യയുണ്ടാകുന്നത്. കുടുംബത്തിന്റെ പരാതിയിൽ ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications