'എസ്എഫ്‌ഐയുടെ സെക്രട്ടറി കള്ളനാണെന്ന് നിങ്ങള്‍ പറഞ്ഞില്ലേ?'; മാധ്യമങ്ങള്‍ക്കെതിരെ ആര്‍ഷോ
കൊച്ചി: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ രംഗത്ത്. എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറി കള്ളനാണെന്ന് നിങ്ങള്‍ സ്ഥാപിച്ചില്ലേയെന്ന് പി എം ആര്‍ഷോ ചോദിച്ചു. ആ നിലയ്ക്കായിരുന്നു നിങ്ങളുടെ മുഴുവന്‍ വാര്‍ത്തയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എസ് എഫ് ഐ യുടെ സംസ്ഥാന സെക്രട്ടറി കള്ളനാണെന്നും, മാര്‍ക്ക് തിരുത്തുന്നവനാണെന്നും, കൃത്രിമത്വം കാണിച്ച് മാര്‍ക്ക് മാറ്റി പാസാകാന്‍ ശ്രമിക്കുന്ന ആളാണ്. അങ്ങനെ എസ് എഫ് ഐക്കാര്‍ക്ക് കേരളത്തിലെ ഏത് സര്‍വ്വകലാശാലയിലും പാസാകാന്‍ വേണ്ടി കഴിയും എന്നൊക്കെയുള്ള പൊതുബോധം നിങ്ങള്‍ സൃഷ്ടിച്ചു'- പി എം ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു.

'ഇക്കാര്യം ഫോളോ ചെയ്യുന്ന ആള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ക്‌ളാരിറ്റി വന്നിട്ടുണ്ടാകും. അതല്ലാതെ വലിയൊരു മനുഷ്യര്‍ക്കിടെയില്‍ പി എം ആര്‍ഷോ മാര്‍ക്ക് തിരുത്തിയ ആളാണ്. എന്നൊരു സാധനം നിങ്ങള്‍ സ്ഥാപിച്ചു. അങ്ങനെ സ്ഥാപിക്കപ്പെട്ട എന്നെ സംബന്ധിച്ച് ഞാന്‍ വേറെ എന്താണ് ചെയ്യേണ്ടത്. ഇക്കാര്യത്തെ കുറിച്ച് എനിക്ക് ലഭ്യമായ വവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഞാന്‍ പറഞ്ഞു പോയിട്ടുണ്ട്'- ആര്‍ഷോ പറഞ്ഞു.
'എസ് എഫ് ഐ ഏതൊരു വിഷയത്തിലും ആരോപണം ഉന്നയിക്കുമ്പോള്‍ അതിന്റെ ആധികാരികത കൃത്യമായി പരിശോധിക്കും. നിങ്ങള്‍ രണ്ട് ദിവസം വലിയ തോതില്‍ വാര്‍ത്ത കൊടുത്ത്, പിന്നെ അത് തെറ്റാണെന്ന് പറഞ്ഞ് നിങ്ങള്‍ പോയി. പക്ഷേ, ആ രണ്ട് ദിവസം കൊണ്ട് നിങ്ങള്‍ സ്ഥാപിച്ചു, എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറി കള്ളത്തരം കാണിച്ചെന്ന്'- ആര്‍ഷോ പറഞ്ഞു.
അതേസമയം, പി എം ആര്‍ഷോയുടേ മാര്‍ക്ക് ലിസ്റ്റ് അടക്കം, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ന്‍ കമ്മിറ്റിയാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയത്. ആര്‍ഷോയുടെ ഒന്നാം സെമസ്റ്ററിലേയും രണ്ടാം സെമസ്റ്ററിലേയും മാര്‍ക്കുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന ആക്ഷേപമാണ് പരാതിയില്‍ പറയുന്നത്.
ഓട്ടോണമസ് പദവിയുള്ള മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പും മാര്‍ക്ക്‌ലിസ്റ്റ് തയ്യാറാക്കലും സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എല്ലാ പരീക്ഷാഫലങ്ങളും പരിശോധിക്കാന്‍ എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി പരാതിയില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications