പ്രസവ ശേഷം വീട്ടിലേക്ക് സൗജന്യ യാത്ര; എല്ലാ ആശുപത്രികളിലും പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: പ്രസവ ശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വാഹനത്തില്‍ വീട്ടിലെത്തിക്കുന്ന പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പാക്കാന്‍ സര്‍ക്കാര്‍. നിലവില്‍ ചില സര്‍ക്കാര്‍ ആശുപത്രികളിലാണ് മാതൃയാനം പദ്ധതിയുള്ളത്. ഇത് പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലേക്കും നീട്ടുകയാണ്. ഒട്ടേറെ പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്.
സെപ്തംബര്‍ മാസത്തോടെയാണ് സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പാക്കുക. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പദ്ധതിയുടെ ഗുണം കിട്ടും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ പ്രസവം നടക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ പദ്ധതി യാഥാര്‍ഥ്യമായിട്ടുണ്ട്. തിരുവനന്തപുരവും കണ്ണൂരും ഉടന്‍ നടപ്പാകും.

തിരുവനന്തപുരം എസ്എടി ആശുപത്രിയിലും പദ്ധതി നടപ്പാകുന്നു എന്നതാണ് എടുത്തുപറയേണ്ടത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന ആശുപത്രികളിലൊന്നാണിത്. മാത്രമല്ല, വിദഗ്ധ പ്രസവ ചികില്‍സയ്ക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എസ്എടി ആശുപത്രികളിലെത്തുന്നവരും നിരവധിയാണ്. ഇവര്‍ക്കെല്ലാം മടങ്ങുമ്പോള്‍ സൗജന്യ യാത്ര ലഭ്യമാകും.
എസ്എടി ആശുപത്രിയില്‍ അമ്മയുടെയും കുഞ്ഞിന്റെയും യാത്രയ്ക്ക് 28 വാഹനങ്ങളാണ് ഒരുക്കി നിര്‍ത്തുന്നത്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണ് പദ്ധതി. എപിഎല്‍ കുടുംബങ്ങള്‍ക്കും പ്രയോജനം കിട്ടുമെന്നത് എടുത്തുപറയേണ്ടതാണ്.












Click it and Unblock the Notifications