6 വയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശ്രീമഹേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ആലപ്പുഴ: മാവേലിക്കരയിൽ ആറ് വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാവേലിക്കര സബ് ജയിലിൽ വെച്ചാണ് ശ്രീമഹേഷ് കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ശ്രീമഹേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്
കഴുത്തിലേയും കയ്യിലേയും ഞരമ്പുകൾ മുറിച്ചു. ഇയാളുടെ മുറിവ് ഗുരുതരമാണെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞദിവസമാണ് ശ്രീമഹേഷ് മകൾ നക്ഷത്രയെ മഴുകൊണ്ട് വെട്ടിക്കൊന്നത്. ബഹളം കേട്ട് എത്തിയ ഇയാളുടെ അമ്മയേയും വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. പോലീസ് എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്.

അതേസമയം, ഇയാൾ മകളെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിൽ പോലീസ് എത്തിയിരുന്നു. കൊലപാതകത്തിനായി ഇയാൾ പ്രത്യേകം മഴു തയ്യാറാക്കിയതായും പോലീസ് കണ്ടെത്തിയിരുന്നു. അതേ സമയം പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല എന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു.
ശ്രീമഹേഷ് പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും പോലീസ് പറഞ്ഞിരുന്നു. കൊല നടന്ന വീട്ടിൽ ശ്രീമഹേഷുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. പോസ്റ്റുമോർട്ടം പൂർത്തിയായ കുട്ടിയുടെ മൃതദേഹം മാതാവിന്റെ ബന്ധുക്കൾക്ക് വിട്ട് നൽകി.
ഇയാളുടെ ഭാര്യ മൂന്ന് വർഷം മുമ്പാണ് ആത്മഹത്യ ചെയ്തത്. വിദേശത്തായിരുന്ന മഹേഷ് ഇയാളുടെ അച്ഛൻ ട്രെയിൻ തട്ടിമരിച്ചതിന് പിന്നാലെയാണ് നാട്ടിലേക്ക് വന്നത്. മുൻ സൈനികനായ അച്ഛന്റേയും റിട്ട. നഴ്സിംഗ് സൂപ്രണ്ടായ അമ്മയുടേയും പെൻഷൻ തുക കൊണ്ടാണ് കഴിഞ്ഞിരുന്നത്.
സാമ്പത്തികമായ പ്രശ്നങ്ങളൊന്നും ഇയാൾക്കുണ്ടായിരുന്നില്ല. അധികം സുഹൃത്തുക്കളൊന്നും ഇല്ലാത്ത ആളായിരുന്നു മഹേഷ്. മുള്ളിക്കുളങ്ങര എൽ.പി. സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനിയായിരുന്നു നക്ഷത്ര. ശ്രീമഹേഷിന്റെ ആക്രമണത്തിൽ പരിക്കേറ്റ അമ്മ സുനന്ദ ഇപ്പോൾ ആശുപത്രിയിലാണ്. സുന്ദയെ നാട്ടുകാരാണ് മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുട്ടിയെ ഇയാൾ ഉപദ്രവിക്കുന്നതായും മുൻപ് ആരും കണ്ടിട്ടില്ല. കുട്ടിയേയും കൂട്ടി ഇയാൾ പുറത്തുപോകാറുണ്ടായിരുന്നുവെന്നാണ് അയൽലാസികൾ പറയുന്നത്. അടുത്തിടെ ഒരു പോലീസ് ഉദ്യോഗസ്ഥയുമായി ഇയാൾക്ക് വിവാഹം ആലോച്ചിരുന്നു. എന്നാൽ ശ്രീമഹേഷ് ഇവരുടെ വീട്ടിൽ എത്തി ശല്യം ചെയ്യുമായിരുന്നു. ഇതിന് പിന്നാലെ ഇവരുടെ വീട്ടുകാർ വിവാഹം വേണ്ടെന്നുവെച്ചു. മഹേഷിനെതിരെ പോലീസിൽ പരാതിയും കൊടുത്തിരുന്നു.












Click it and Unblock the Notifications