കവിത പിള്ളക്കൊപ്പം സിപിഎം നേതാവിന്റെ മകനും
കൊച്ചി: മെഡിക്കല്‍ സീറ്റിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെ കേസിലെ പ്രതി കവിത പിള്ളക്കൊപ്പം തട്ടിപ്പിന് കൂട്ടു നിന്നത് സിപിഎം നേതാവിന്റെ മകനെന്ന് മൊഴി. കൊല്ലത്തെ മുതിര്‍ന്ന സിപിഎം നേതാവും ജില്ലാ കമ്മിറ്റി അംഗവും ആയ സി രാധാകൃഷ്ണന്റെ മകന്‍ റാഷ് ലാല്‍ ആണ് തട്ടിപ്പിന് കൂട്ട് നിന്നത് എന്നാണ് കവിത പിള്ള പോലീസിന് മൊഴി നല്‍കിയത്.
തട്ടിപ്പ് നടത്തിയതില്‍ റാഷ് ലാല്‍ ആണ് മുഖ്യ പ്രതി എന്നാണ് കവിതയുടെ മൊഴി സൂചിപ്പിക്കുന്നത്.കൊല്ലം ജില്ലയില്‍ നിന്ന് മാത്രം 60 ല്‍പരം ആളുകളില്‍ നിന്ന് മെഡിക്കല്‍ സീറ്റിന്റെ പേരില്‍ റാഷ് ലാല്‍ പണം തട്ടിയെടുത്തിട്ടുണ്ടത്രെ. കൊല്ലത്തുള്ള മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഇയാള്‍ തട്ടിപ്പ് നടത്തിയതായാണ് കവിത മൊഴി നല്‍കിയിട്ടുള്ളത്.

തനിക്ക് വധ ഭീഷണി ഉള്ളതായി കവിത പിള്ള കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ആരാണ് ഭീഷണിക്ക് പിന്നിലെന്ന് പിന്നീട് വെളിപ്പെടുത്തുമെന്നാണ് അവര്‍ പറഞ്ഞത്. നിലവിലെ അന്വേഷണത്തോട് സഹകരിക്കില്ലെന്ന് ആദ്യം ഇവര്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
മെഡിക്കല്‍ സീറ്റ് തട്ടിപ്പ് കേസിലും സിപിഎം നേതാക്കള്‍ ഭരണപക്ഷത്തെ ചില നേതാക്കള്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി പോലും കവിത പിള്ളയെ പറ്റി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാല്‍ തട്ടിപ്പില്‍ സിപിഎം നേതാവിന്റെ മകന്‍ ഉള്‍പ്പെട്ടതായി മൊഴി വന്നതോടെ പാര്‍ട്ടി പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.












Click it and Unblock the Notifications