'മമ്മൂട്ടിയുടെ ലക്ഷ്യം കയ്യടി; അയാളുടെ വായിലുള്ളതൊക്കെ കേള്‍ക്കേണ്ട വല്ല ആവശ്യവുമുണ്ടോ'
ശ്രീനാഥ് ഭാസി വിഷയത്തില്‍ വിലക്ക് എന്ന പ്രചരണമാണ് വിഷയമായതെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. വിലക്കാന്‍ നിങ്ങളാരാണ് എന്നാണ് പലരും ഇപ്പോള്‍ ചോദിക്കുന്നത്. യഥാർത്ഥത്തില്‍ വിലക്കില്ല, തല്‍ക്കാലം അയാളെ ഞങ്ങളുടെ സിനമയില്‍ സഹകരിപ്പിക്കുന്നില്ല എന്ന് പറഞ്ഞാല്‍ മതിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഒരാള്‍ കാശ് മുടക്കി എടുക്കുന്ന സിനിമയില്‍ ആര് അഭിനയിക്കണമെന്നും ആര് സംവിധാനം ചെയ്യണമെന്നും തീരുമാനിക്കുന്നത് അവരല്ലേ. അങ്ങനെയങ്ങല്ലേ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. തെറ്റുകള്‍ എല്ലാം സമ്മതിച്ചതിനാല്‍ മാറ്റി നിർത്തുക മാത്രമാണ് ചെയ്തതെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു. സ്വന്തം യൂട്യൂബ് ചാനലായ ലൈറ്റ്സ് ക്യാമറ ആക്ഷനിലൂടെ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

ശ്രീനാഥ് ഭാസി അമ്മയിലൊന്നും മെമ്പർ അല്ല. മെമ്പർഷിപ്പില്ലാത്ത ഇയാളുടെ കൂടെ അഭിനയിക്കില്ലെന്ന് അമ്മയിലെ ഒറ്റ ഒരാളും പറഞ്ഞിട്ടില്ല. തലവേദന ഒഴിവാക്കാന്‍ വേണ്ടി ഈയാളെപ്പോലുള്ളവർ അമ്മയില്‍ വേണ്ടാ എന്ന് തീരുമാനിച്ചതാണോന്നും അറിയില്ല. എന്ത് തന്നെയായാലും അയാളുടെ പേരിലുളള നടപടി പിന്‍വലിച്ചിട്ടില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന ശക്തമായി തന്നെ വ്യക്തമാക്കിയിരിക്കുന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു

ഒരു ആവശ്യവും ഇല്ലാതെ മമ്മൂട്ടി നടത്തിയ പരാമർശമാണ് നിർമ്മാതാക്കളെ കൊണ്ട് ഇങ്ങനെ കടുപ്പിച്ച് പറയിപ്പിച്ചത്. മമ്മൂട്ടി അദ്ദേഹത്തിന്റെ പുതിയ പടത്തിന്റെ പ്രമോഷന് വന്നതാണെങ്കില്‍ അത് ചെയ്താല്‍ പോരെ. വിശ്വപൌരന്‍ ആവാനുള്ള ശ്രമം പണ്ടേ നടത്തുന്ന ആളാണ്. ആവശ്യമില്ലാത്ത കാര്യങ്ങളിലെല്ലാം കയറി ഇത്തരം ചില കമന്റുകള്‍ മമ്മൂട്ടി ഇടും.

വിലക്കില്ലെന്നാണ് ഞാനറിഞ്ഞത് എന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ നിർമ്മാതാക്കളുടെ സംഘടന പറയുന്നു വിലക്കുണ്ടെന്ന്. ഒരാളുടേയും അന്നം മുട്ടിക്കരുതെന്ന് മമ്മൂട്ടി, മുട്ടിക്കുമെന്ന് സുരേഷ് കുമാർ. തൊഴില്‍ നിഷേധിക്കാന്‍ ആർക്കും അവകാശമില്ലെന്നും മമ്മൂട്ടി പറയുന്നു. അത് ശരിയാണ് ഞാന്‍ പൈസ മുടക്കി എടുക്കുന്ന പടം പൂർത്തിയാക്കില്ലെന്ന് പറയാന്‍ ശ്രീനാഥ് ഭാസിക്ക് അവകാശമുണ്ടോ. ആരും ആരുടേയും അന്നം മുട്ടിക്കാന്‍ പാടില്ല.

പത്ത് സുരേഷ് കുമാറുമാർ ഉണ്ടായിരുന്നെങ്കില്‍ സിനിമ മേഖല തന്നെ ചിലപ്പോള്‍ നന്നായിപ്പോയെനെ. വൃത്തികേട് കാണിക്കുന്നവരെ ഇനിയും വിലക്കുമെന്നാണ് സുരേഷ് കുമാർ ഒരു ശങ്കയ്ക്കും ഇടയില്ലാതെ പറയുന്നത്. ഈ സുരേഷ് കുമാറിന്റെ വായിലിരിക്കുന്നതൊക്കെ കേള്‍ക്കേണ്ടതിന്റെ വല്ല കാര്യവുമുണ്ടോ മമ്മൂട്ടിക്ക്. മൈക്ക് കാണുമ്പോള്‍ മമ്മൂട്ടി ഇങ്ങനെ വിശാല ഹൃദയനൊന്നും ആവരുത്.

നിർമ്മാതാക്കളുടെ അന്നം മുട്ടിക്കുന്നവരുടെ അന്നം ഞങ്ങള്‍ മുട്ടിക്കുക തന്നെ ചെയ്യും എന്നാണ് സുരേഷ് കുമാറിന്റെ നിലപാട്. ഒരാളെങ്കിലും ഉണ്ടല്ലോ ഇങ്ങനെ പറയാന്‍. ആരുടേയും അന്നം മുട്ടിക്കുന്നവനല്ല, എല്ലാവർക്കും അന്നം ഊട്ടുന്നവരാണ് നിർമ്മാതാക്കളെന്നാണ് അദ്ദേഹം പറയുന്നത്. അത് ശരിയാണ്. ഒരു സിനിമയ്ക്കായി മമ്മൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങുകയാണെങ്കില്‍ അദ്ദേഹത്തിന്റെ മുഴുവന്‍ കാര്യങ്ങളും നോക്കുന്നത് നിർമ്മാതാക്കളല്ലേ.

മമ്മൂട്ടി സ്വന്തം ഷർട്ടും പാന്റും ഇട്ടിട്ട് എത്ര കാലമായി കാണും. ഏതെങ്കിലും ഒരു ഹോട്ടല്‍ മുറിയില്‍ സ്വന്തമായി റൂമെടുത്തിട്ട്, അദ്ദേഹം കഴിക്കുന്നതിന്റേയും, അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വരുമ്പോള്‍ വാങ്ങിക്കഴിക്കുന്നതിന്റെയുമൊക്കെ പൈസ അദ്ദേഹം കൊടുത്തിട്ട് എത്രകാലമായി കാണും. എല്ലാം മമ്മൂട്ടി വർക്ക് ചെയ്യുന്ന സിനിമയുടെ നിർമ്മാതാക്കളാണല്ലോ നിർവ്വഹിക്കുന്നത്. അതെന്താണ് മമ്മൂട്ടി മനസ്സിലാക്കുന്നതെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.












Click it and Unblock the Notifications