സവാദിനെ മാലയിട്ട് സ്വീകരിച്ച് മെന്‍സ് അസോസിയേഷന്‍; യുവതിക്കെതിരെ ഡിജിപിക്ക് പരാതി
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസില്‍ നഗ്നത പ്രദര്‍ശനം നടത്തിയ കേസില്‍ ജാമ്യം ലഭിച്ച കോഴിക്കോട് സ്വദേശി സവാദിന് സ്വീകരണം നല്‍കി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. പ്രസിഡന്റ് വട്ടിയൂര്‍കാവ് അജിത്തിന്റെ നേതൃത്വത്തിലാണ് ആലുവ സബ്ജയിലിന് പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ സവാദിന് അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ച് സ്വീകരിക്കുകയായിരുന്നു. ഇതിന്റെ ലൈവ് ദൃശ്യങ്ങള്‍ അസോസിയേഷന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.
'ഞങ്ങള്‍ എല്ലാം ഒപ്പമുണ്ട്' എന്ന വാക്കുകളോടെയാണ് സവാദിന് സ്വീകരമം നല്‍കിയത്. ഇതിന് ശേഷം സവാദ് വാഹനത്തില്‍ കയറി പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെയാണ് സവാദിന് ജാമ്യം നല്‍കിയത്. നഗ്‌നതാപ്രദര്‍ശനവുമായി ബന്ധപ്പെട്ട കേസില്‍ പരാതിക്കാരിയെ നുണപരിശോധനക്ക് വിധേയയാക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ഡി ജി പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

സമൂഹത്തില്‍ പ്രശസ്തി ലഭിക്കുന്നതിന് വേണ്ടിയാണ് യുവതി പരാതി ഉന്നയിച്ചത് എന്നാണ് അജിത്കുമാര്‍ ആരോപിക്കുന്നത്. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിനെ കൂട്ടുന്നതിന് വേണ്ടിയാണ് യുവതി കള്ളപ്പരാതി കൊടുത്തതെന്നും അജിത്കുമാര്‍ പറഞ്ഞു. തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ വച്ചാണ് സവാദ് യുവതിക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയതെന്നാണ് പരാതി.
എന്നാല്‍ യുവതി കാണിച്ച വീഡിയോയില്‍ മോശം കാര്യങ്ങള്‍ ചെയ്തതായി തെളിവില്ല. യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പരാതിയില്‍ പറയുന്നുയ യുവതിയുടെ ഭാഗത്താണ് ആദ്യമൊക്കെ ശരിയെന്ന് കരുതിയത്. എന്നാല്‍ ഇന്‍സ്റ്റഗ്രാം ഐ ഡി പരിചയപ്പെടുത്തി യുവതി വീഡിയോ ചെയ്തതോടെയാണ് ഫോളോവേഴ്‌സിനെ കൂട്ടാനുള്ള പദ്ധതിയാണെന്ന് മനസിലായതെന്ന് അജിത് കുമാര്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ ഇതൊക്കെ നാടകമാണെന്ന് പറയുന്നുണ്ട്. പരാതി ലഭിച്ച ശേഷം നിരവധി ഭീഷണി സന്ദേശങ്ങള്‍ വരുന്നതായും സവാദിന് നീതി ലഭിക്കുന്നതുവരെ പോരാടാനാണ് സംഘടനയുടെ തീരുമാനമെന്ന് അജിത് കുമാര്‍ പറഞ്ഞു. സവാദിന് ഇപ്പോള്‍ നാട്ടിലിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കുടുംബം താമസം മാറി. മാനസികമായി തകര്‍ന്ന അവസ്ഥയിലാണ് സവാദ്. ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് യുവാവിനെ മാറ്റിയെടുക്കാനാണ് ആദ്യ പരിഗണനയെന്നും അജിത് കുമാര്‍ പറഞ്ഞു.
അതേസമയം, യുവതി തന്നെയാണ് സവാദില്‍ഡ നിന്നും തനിക്കുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് ഷൂട്ടിനായി പോകുമ്പോഴാണ് തനിക്ക് സവാദില്‍ നിന്ന് ദുരനുഭവമുണ്ടായെന്നാണ് യുവതി വീഡിയോയില്‍ പറഞ്ഞത്. അങ്കമാലിയില്‍ നിന്ന് ബസില്‍ കയറിയ യുവാവ് തന്റെ സമീപത്തിരിക്കുകയായിരുന്നു. തൊട്ടരികില്‍ മറ്റൊരു യാത്രക്കാരിയുമുണ്ടായിരുന്നു. ബസില്‍ കയറിയത് മുതല്‍ ഇയാള്‍ കൈകൊണ്ട് ശരീരത്ത് ഉരസാന്‍ തുടങ്ങി. ഇതിന് ശേഷം നഗ്‌നത പ്രദര്‍ശനം നടത്തിയെന്നും യുവതി പറഞ്ഞു. സംഭവം വീഡിയോയില്‍ പകര്‍ത്തിയതിന് ശേഷമാണ് പ്രതികരിച്ചതെന്നും യുവതി പറഞ്ഞു.












Click it and Unblock the Notifications