പര്‍ദ്ദയും ജീന്‍സും ആരോഗ്യത്തിന് ഹാനികരം: ഫസല്‍ ഗഫൂര്‍
കോഴിക്കോട്: പര്‍ദ്ദയും ജീന്‍സും കേരളത്തിന്റെ കാലാവസ്ഥക്ക് ചേര്‍ന്നതല്ലെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. ജീന്‍സിലൂടെ പശ്ചാത്യവത്കരണം വരുമ്പോള്‍ പര്‍ദ്ദയിലൂടെ അറബിവത്കരണമാണ് വരുന്നതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. രണ്ടും എതിര്‍ക്കപ്പെടേണ്ടതാണെന്നും ഫസല്‍ ഗഫൂര്‍ പറയുന്നു.
എംഇഎസിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സെമിനാറുകളില്‍ സ്ത്രീകളുടെ വസ്ത്രധാരണം എന്നത് പൊതു ചര്‍ച്ചയാക്കി ഉയര്‍ത്തിക്കൊണ്ടുവരും എന്നാണ് വിവരം. മംഗളം ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫസല്‍ ഗഫൂര്‍ ജീന്‍സിനോടും പര്‍ദ്ദയോടും ഉള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

തുണി കൂടുന്നതുകൊണ്ട് സംസ്‌കാരം കൂടില്ലെന്നാണ് ഫസല്‍ ഗഫൂറിന്റെ പക്ഷം. തുണി കുറഞ്ഞാല്‍ സംസ്‌കാരം കുറയുകയും ഇല്ല. എന്നാല്‍ പര്‍ദ്ദയോ ജീന്‍സോ ധരിക്കാനുള്ള സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെ എതിര്‍ക്കാനില്ലെന്നും ഫസല്‍ ഗഫൂര്‍ പറയുന്നുണ്ട്.
ഇസ്ലാമിന്റെ പേരില്‍ പലരും പര്‍ദ്ദ പ്രചരിപ്പിക്കുന്നുണ്ട്. അത് ശരിയല്ല. പര്‍ദ്ദ ധരിച്ചാല്‍ പിന്നെ സൂര്യപ്രകാശം ശരീരത്തില്‍ എവിടേയും പതിക്കില്ല. ജീന്‍സ് ധരിച്ചാല്‍ വിയര്‍പ്പ് കെട്ടി നില്‍ക്കും. ഇത് രണ്ടും പല ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുമെന്നും ഫസല്‍ ഗഫൂര്‍ പറയുന്നു.
വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകളാണ് ആവശ്യം. ബിജെപി അടക്കമുള്ള സംഘടനകള്‍ നടത്തുന്ന ആര്യ വത്കരണവും എതിര്‍ക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
എംഇഎസിന്റെ ഒരു സ്ഥാപനത്തിലും മതപരമായ വസ്ത്ര നിഷ്‌കര്‍ഷകള്‍ ഇല്ലെന്ന് ഫസല്‍ ഗഫൂര്‍ സൂചിപ്പിക്കുന്നു. എംഇഎസ് സ്ഥാപനങ്ങളില്‍ സല്‍വാര്‍ കമ്മീസും സാരിയും ആണ് വിദ്യാര്‍ത്ഥിനികള്‍ക്കും അധ്യാപികമാര്‍ക്കും നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. മുഖം മറച്ച് പര്‍ദ്ദ ധരിക്കണമെന്ന് ഇസ്ലാമില്‍ എവിടേയും പറഞ്ഞിട്ടില്ലെന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കുന്നുണ്ട്.












Click it and Unblock the Notifications