'കരാറുകാരൻറെ ഹുങ്ക്, ഒടുവിൽ അയാളെ മാറ്റി,അത് ചിലർക്ക് പൊള്ളി'; കടകംപള്ളിക്ക് റിയാസിന്‍റെ മറുപടി
തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് വികസനം സംബന്ധിച്ച മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വിമര്‍ശനത്തിന് പരോക്ഷ മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. കരാരുകാരനെ പുറത്താക്കിയത് ചിലർക്ക് പൊള്ളിയെന്നും പൊള്ളലേറ്റ് മുറിവുണങ്ങാത്തവർ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ലെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു. നേമം മണ്ഡലത്തിലെ പാപ്പനംകോട് എസ്റ്റേറ്റ് റോഡിനെയും പൂജപ്പുര മുടവന്‍ മുഗളിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മുടവന്‍മുഗള്‍ പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
'കാലങ്ങളായുള്ള ആവശ്യമാണ് റോഡ് നവീകരണം. 63 റോഡുകളുടെ പണി പൊതുമരാമത് വകുപ്പിനാണ്. പണി നടക്കുന്നതിനാലാണ് ഗതാഗത പ്രശ്നം ഉണ്ടാകുന്നത്.പണി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് മുൻപുണ്ടായിരുന്ന കരാറുകാരന്റെ നിസ്സഹകരണം തടസ്സമായിരുന്നു. കരാറുകാരന്‍റെ ഭാഗത്ത് നിന്ന് വീഴ്ചകല്‍ ഉണ്ടായി. പലവട്ടം തിരുത്താൻ ശ്രമിച്ചിട്ടും നടന്നില്ല. എന്തും ചെയ്യാമെന്ന ഹുങ്കോടെയായിരുന്നു കരാറുകാരന്‍ പ്രവർത്തിച്ചത്. കരാർ വീതിച്ചു നൽകിയില്ലെങ്കിൽ പണി പൂർത്തിയാകില്ലായിരുന്നു. തുടർന്ന് ഈ കരാറുകാരനെ സർക്കാർ പിരിച്ചു വിട്ടു.

എന്നാല്‍ കരാരുകാരനെ മാറ്റിയത് ചിലർക്ക് പൊള്ളി. പൊള്ളലേറ്റ് മുറിവുണങ്ങാത്തവർ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ല. എത്ര വലിയ കരാറുകാരൻ ആയാലും സർക്കാർ നിബന്ധനകൾ അനുസരിച്ച് സമയബന്ധിതമായി പണി പൂർത്തിയാക്കാൻ തയ്യാറായില്ലെങ്കിൽ പിരിച്ചുവിടാൻ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ റോഡുകളും ഒരുമിച്ച് ഒറ്റ കരാർ നൽകാതെ കരാറുകൾ വിഭജിച്ചു നൽകിയതോടെ പണി ഇപ്പോൾ ഭംഗിയായി നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേമം മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. മുടവൻ മുഗൾ പാലത്തിൻ്റെ നിർമ്മാണ പുരോഗതി തന്റെ ഓഫീസ് നേരിട്ട് വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഏഴര വർഷം കൊണ്ട് തിരുവനന്തപുരം നഗരത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് പൊതുമരാമത്ത് രംഗത്ത് നടന്നുവരുന്നത്. അതിൽ പ്രധാനമാണ് സ്മാർട്ട് സിറ്റി റോഡുകളുടെ നവീകരണം. തിരുവനന്തപുരം നഗരത്തിലെ സ്മാർട്ട് സിറ്റി പദ്ധതിക്ക് കീഴിൽ നവീകരിക്കുന്ന റോഡുകളുടെ പണി പൂർത്തിയാകുന്നതോടെ നഗരത്തിന്റെ മുഖച്ഛായതിന്റെ മാറുമെന്നും മന്ത്രി പറഞ്ഞു.
അമൃത്, സ്മാർട്ട് സിറ്റി പദ്ധതികളുടെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയായിരുന്നു മുൻ മന്ത്രി കടകംപള്ളിയുടെ വിമർശനം.സ്മാർട്ട് സിറ്റി പദ്ധതികൾ വേണ്ടത്ര വേഗതയിൽ നടപ്പാക്കാനാവുന്നില്ല. വർഷങ്ങളായി തലസ്ഥാനത്തെ റോഡുകൾ പൊളിച്ചിട്ടിരിക്കുകയാണ്. വികസനപദ്ധതികളുടെ പേരിൽ വർഷങ്ങളായി തലസ്ഥാനവാസികളെ തടവിലാക്കിയിരിക്കുകയാണ് എന്നായിരുന്നു കടകംപള്ളിയുടെ വാക്കുകൾ.












Click it and Unblock the Notifications