'മാഗ്‌നസ് കാള്‍സന് ഇനി ഉറക്കമില്ലാത്ത നാളുകള്‍'; പ്രഗ്നാനന്ദയ്ക്ക് അഭിനന്ദനപ്രവാഹം, വൈറല്‍ കുറിപ്പ്
തിരുവനന്തപുരം: ചെസിലെ നമ്പര്‍ വണ്‍ എന്ന് ലോകം വിശേഷിപ്പിക്കുന്നതും അഞ്ച് തവണ ലോക ചെസ് ചാമ്പ്യനുമായ നോര്‍വേയുടെ മാഗ്നസ് കാള്‍സനെ മൂന്നാം തവണയും പരാജയപ്പെടുത്തിയ ഇന്ത്യന്‍ സെന്‍സേഷന്‍ ആര്‍ പ്രഗ്നാനന്ദയ്ക്ക് അഭിനന്ദനപ്രവാഹം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും അഭിനന്ദനവുമായി രംഗത്തെത്തി.

ചെസിലെ നമ്പര്‍ വണ്‍ മാഗ്‌നസ് കാള്‍സന് ഇനി ഉറക്കമില്ലാത്ത നാളുകളാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കാരണം ഇന്ത്യയില്‍ നിന്ന് ഒരു കൊച്ചു പയ്യന്‍ താരമായി പ്രകാശിച്ചു തുടങ്ങിയിരിക്കുന്നു. പ്രഗ്‌നാനന്ദ കാള്‍സനെ തോല്‍പിച്ചത് ഒരു തവണയല്ല, മൂന്ന് തവണ. അഭിനന്ദനങ്ങള്‍ പ്രഗ്‌നാനന്ദ- വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രിയെ കൂടാതെ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാറും പ്രഗ്നാനന്ദയെ അഭിനന്ദിച്ച് രംഗത്തെത്തി. അരുണ്‍കുമാറിന്റെ കുറിപ്പ് ഇങ്ങനെ,
പ്രജ്ഞാനന്ദയും അമ്മയും തോറ്റു തോറ്റു കിടന്ന മൂന്നാം ലോകത്തിന്റെ നിറം മങ്ങിയ മനുഷ്യരായിരുന്നു. വലിയ ആള്‍ക്കൂട്ടം അവരെ തിരഞ്ഞില്ല. ബ്രാന്‍ഡുകള്‍ അവനെയോ സഹോദരിയേയോ തേടിയെത്തിയില്ല.

അവന്റെ കരുനീക്കങ്ങളില്‍ നിന്ന് കുതറിയോടാന്‍ കഴിയാതെ അഞ്ചു തവണ ലോകം ജയിച്ച ചാമ്പ്യന്‍ മൂന്നാം വട്ടവും അവനു മുന്നില്‍ തലകുനിച്ച് മടങ്ങുമ്പോള്‍ ആ അമ്മയും മകനും കുടുംബവും ലോകത്തിന്റെ കാഴ്ചയെ തിരുത്തുകയായിരുന്നു. ആ കവിളിലെ ഉമ്മ ജയിച്ച ഒരമ്മയുടെയും രാജ്യത്തിന്റെയും ലോകത്തിന്റേതുമാണ്. ഒപ്പം ചെസ്സ് പാഠ്യപദ്ധതിയിലുള്‍പ്പെടുത്തിയ ഒരു സംസ്ഥാനത്തിന്റെ രാഷ്ട്രീയ ബോധ്യം കൂടിയാണ്. അഭിമാനം!- അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ചെസ് ഇതിഹാസം മാഗ്നസ് കാള്‍സനെ ഇന്ത്യയുടെ പതിനേഴ് വയസുകാരനായ പ്രഗ്നാനന്ദ തോല്‍പ്പിക്കുന്നത്. ഫെബ്രുവരിയില്‍ ഓള്‍ലൈന്‍ റാപിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിലും മെയ് 20ന് ചെസ്സബിള്‍ മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ ടൂര്‍ണമെന്റിലും കാള്‍സനെ പ്രഗ്‌നാനന്ദ തോല്‍പ്പിച്ചിരുന്നു.

ഈ ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കണം, ഇല്ലെങ്കില്‍ സംഭവിക്കുന്നത്
വിശ്വനാഥന്‍ ആനന്ദിനും ഹരികൃഷ്ണനും ശേഷം കാള്‍സനെ തോല്‍പിക്കുന്ന ഇന്ത്യന്‍ താരം കൂടിയാണ് ആര്‍ പ്രഗ്‌നാനന്ദ. ചെന്നൈ സ്വദേശിയും വേലമ്മല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമാണ്. 2013ല്‍ ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍-8 കിരീടം നേടിയ പ്രഗ്‌നാനന്ദയ്ക്ക് 7-ാം വയസ്സില്‍ FIDE മാസ്റ്റര്‍ പദവിയും 2015-ല്‍ 10 വയസ്സില്‍ താഴെയുള്ള കിരീടവും നേടി.

10ആം വയസ്സില്‍ അന്താരാഷ്ട്ര മാസ്റ്റര്‍ പട്ടം നേടി, അക്കാലത്ത് അങ്ങനെ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞയാളും, 12-ാം വയസ്സില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പട്ടവും നേടി. അക്കാലത്ത് അത് നേടിയ രണ്ടാമത്തെ-ചെറുപ്പക്കാരനാണ് പ്രഗ്നാനന്ദ. ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണിനെതിരെ ഏത് സമയ ഫോര്‍മാറ്റിലും വിജയിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ കളിക്കാരനായി പ്രഗ്നാനന്ദ മാറി.

തമിഴ്നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായ പ്രഗ്‌നാനന്ദയുടെ സഹോദരി വൈശാലിയും ഇന്റര്‍നാഷണല്‍ മാസ്റ്ററാണ്. ഇന്ത്യയുടെ മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്റെ അക്കാദമിയിലൂടെയാണ് പ്രഗ്‌നാനന്ദ ചെസ് ലോകത്തേക്കെത്തിയത്. ആര്‍ ബി രമേഷ് ആണ് പ്രഗ്‌നാനന്ദയുടെയും വൈശാലിയുടേയും പരിശീലകന്‍.












Click it and Unblock the Notifications