2 വർഷത്തിനിടെ മന്ത്രിമാരും മുൻമന്ത്രിമാരും ചികിത്സക്ക് കൈപ്പറ്റിയ തുക 1 കോടിക്ക് മുകളിൽ
കൊച്ചി: മന്ത്രിമാരും മുൻമന്ത്രിമാരും പ്രതിപക്ഷ നേതാവും ഉൾപ്പെടെ ഉള്ളവർ രണ്ട് വർഷം ചികിത്സ ചെലവിനുള്ള മെഡിക്കൽ റീഇംബേഴ്സ്മെൻറായി കൈപ്പറ്റിയത് 1.03 കോടി രൂപ എന്ന് റിപ്പോർട്ട്. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിലെ 16 മന്ത്രിമാരും പ്രതിപക്ഷ നേതാവും കൂടി കഴിഞ്ഞ 24 മാസത്തിനിടെ കൈപ്പറ്റിയത് 92.58 ലക്ഷം രൂപ ആണ്.
മുൻകാല പ്രാബല്യ ആനുകൂല്യത്തിലൂടെ ഒന്നാം പിണറായി മന്ത്രിസഭയിലെ 13 മന്ത്രിമാർ 11.02 ലക്ഷം രൂപയാണ് കൈപ്പറ്റിയത്. പൊതുഭരണ വകുപ്പ് നൽകിയ വിവരാവകാശ മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കിയത്. കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസ് ആണ് ചോദ്യം ചോദിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ ആണ് മെഡിക്കൽ റീഇംബേഴ്സ്മെൻറ് തുക ഏറ്റവും കൂടുതൽ വാങ്ങിയത്. 31.76 ലക്ഷം രൂപയാണ്. ഇതിൽ 29.82 ലക്ഷം രൂപ വിദേശ ചികിത്സയ്ക്ക് ആയാണ് ചെലവിട്ടത്. വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി 31.31 ലക്ഷം രൂപയാണ് കൈപ്പറ്റിയത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 97,838 രൂപയാണ് കൈപ്പറ്റിയത്. സജി ചെറിയാനാണ് മന്ത്രിമാരിൽ ഏറ്റവും കുറവ് തുക വാങ്ങിയത് . സജി ചെറിയാൻ 12,096 രൂപയാണ് വാങ്ങിയത്. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് 11,100 രൂപ മാത്രമാണ് കൈപ്പറ്റിയത്.
വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി 8. 85 ലക്ഷം രപയാണ് വാങ്ങിച്ചത്. തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ വാങ്ങിച്ചത് 4.04 ലക്ഷം രൂപയാണ്. ഗതാഗതമന്ത്രി ആൻറണി രാജു 3.99 ലക്ഷം രൂപയാണ് കൈപ്പറ്റിയത്, വഖഫ്, ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദുറഹ്മാൻ 2.68 ലക്ഷം രൂപയാണ് കൈപ്പറ്റിയത്. ,
2.44 ലക്ഷം വനംമന്ത്രി എ.കെ. ശശീന്ദ്രൻ വാങ്ങി , സഹകരണ മന്ത്രി വി എൻ വാസവൻ -2.21 ലക്ഷം, മുൻ തദ്ദേശ മന്ത്രി എം.വി. ഗോവിന്ദൻ -1.97 ലക്ഷം, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു - 93,378 രൂപയാണ് വാങ്ങിയത്. ഭക്ഷ്യസിവിൽസപ്ലൈസ് മന്ത്രി ജിആർ അനിൽ 72122 രൂപയാണ് വാങ്ങിയത്. മന്ത്രി കെ രാധാകൃഷ്ണൻ 24938 രൂപയും മന്ത്രി ചിഞ്ചുറാണി 17,920 എന്നിങ്ങനെയാണ് ആനുകൂല്യം കൈപ്പറ്റിയത്.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ, തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്, ആരോഗ്യമന്ത്രി വീണ ജോർജ്, റവന്യൂ മന്ത്രി കെ. രാജൻ, കൃഷി മന്ത്രി പി. പ്രസാദ് എന്നിവർ മെഡിക്കൽ റീഇംബേഴ്സ്മെൻറായി പണമൊന്നും വാങ്ങിയിട്ടില്ല. മന്ത്രിമാർക്ക് മെഡിക്കൽ ഇൻഷുറൻസോ ജീവനക്കാർക്കായി ആരംഭിച്ച മെഡിസെപ് പോലുള്ള പദ്ധതികളിലോ പങ്കാളിത്തം നൽകിയിട്ടില്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.












Click it and Unblock the Notifications