ന്യൂനപക്ഷ സ്കോളർഷിപ്പ്: യുഡിഎഫിലെ ഭിന്നത ആയുധമാക്കി സിപിഎം, ലീഗിന് മുന്നിൽ നിരത്തുന്ന വാദങ്ങൾ...
നിയമസഭയിലും പുറത്തും ഇത് ആയുധമാക്കാൻ തന്നെയാണ് സിപിഎം തീരുമാനം
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സർക്കാരിനെതിരായ വിമർശനങ്ങൾ ശക്തമാക്കുകയാണ് മുസ്ലിം ലീഗ്. എന്നാൽ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കാനാണ് സിപിഎം തീരുമാനം. വിഷയത്തിൽ യുഡിഎഫിനുള്ളിൽ തന്നെ ഭിന്നാഭിപ്രായം നിലനിൽക്കുന്ന സാഹചര്യത്തിൽ സിപിഎമ്മിനെ സംബന്ധിച്ചടുത്തോളം അത് കൂടുതൽ എളുപ്പമാവുകയും ചെയ്യുന്നു. നിയമസഭയിലും പുറത്തും ഇത് ആയുധമാക്കാൻ തന്നെയാണ് സിപിഎം തീരുമാനം.
ഇത് നമ്മുടെ പാത്തുവല്ലെന്ന്? കലക്കൻ ലുക്കിൽ സുരഭി ലക്ഷ്മി, വൈറലായി ഫൊട്ടോഷൂട്ട്

സ്കോളർഷിപ് ജനസംഖ്യാനുപാതത്തിൽ നടപ്പാക്കുന്നതോടെ മുസ്ലിം സമുദായത്തിന് നഷ്ടം സംഭവിച്ചുവെന്നും സച്ചാര്‍, പാലോളി കമ്മിറ്റികളുടെ ശുപാര്‍ശ കുഴിച്ചുമൂടിയെന്നുമാണ് ലീഗ് ആരോപണം. ഹൈക്കോടതി വിധിക്ക് പിന്നാലെ മുതൽ സർക്കാരിനെ ഇത്തരം വാദങ്ങൾ ഉപയോഗിച്ചാണ് മുസ്ലിം ലീഗ് പ്രതിരോധത്തിലാക്കുന്നത്. സച്ചാര്‍-പാലൊളി കമ്മിറ്റി ശുപാര്‍ശകള്‍ പ്രകാരം സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി നടപ്പാക്കിയ പദ്ധതി വീതം വയ്ക്കരുതെന്നും അവർ ആവശ്യപ്പെടുന്നു.

അതേസമയം ഉത്തരേന്ത്യയിൽ നിന്ന് വ്യത്യസ്തമായ സാമുദായിക അവസ്ഥ നിലനിൽക്കുന്ന കേരളത്തിൽ അത്തരം കാര്യങ്ങൾ പരിഗണിക്കാതെയുള്ള നടപടികൾ മതസൗഹാർദത്തെ തന്നെ അട്ടിമറിക്കുമെന്ന് സിപിഎം വാദിക്കുന്നു. സമാന നിലപാടാണ് കോൺഗ്രസിലെ പല മുതിർന്ന നേതാക്കൾക്കുമുള്ളത്. സർക്കാർ തീരുമാനം സ്വാഗതം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നടത്തിയ ആദ്യ പ്രതികരണം ഇതിന്റെ തെളിവാണ്.

"ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന സ്കോളർഷിപ്പുകളുടെ എണ്ണം കുറയ്ക്കരുതെന്നായിരുന്നു യുഡിഎഫിന്റെ പ്രധാന ആവശ്യം. പുതിയ ഉത്തരവ് മൂലം ഒരു സമുദായത്തിനും നഷ്ടം സംഭവിച്ചിട്ടില്ല. ഉത്തരവിൽ പറയുന്ന ഭൂരിഭാഗം നിർദേശങ്ങളും യുഡിഎഫ് മുന്നോട്ടുവച്ചതാണ്. യുഡിഎഫ് ഒറ്റക്കെട്ടായാണ് നിലപാടെടുത്തത്. മുസ്‌ലിം ലീഗ് ഉന്നയിക്കുന്ന ആവശ്യം യുഡിഎഫ് പരിശോധിക്കും," എന്നാണ് സതീശൻ ആദ്യം പറഞ്ഞത്. എന്നാൽ മുസ്ലിം ലീഗ് സ്വരം കടുപ്പിച്ചതോടെ തന്റെ നിലപാട് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് മലക്കം മറിയുകയും ചെയ്തു.

സി.എച്ച് മുഹമ്മദ് കോയയുടെ കാലത്താണ് മുസ്ലിം പെൺകുട്ടികളെ സ്കൂളിലെത്തിക്കാൻ വേണ്ടിയാണ് സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കിയത്. എന്നാൽ ഇതിൽ മുസ്ലിങ്ങൾ മാത്രമല്ല നാടാർ വിഭാഗത്തെയും ഉൾപ്പെടുത്തിയിരുന്നു. അങ്ങനെ മുസ്ലിങ്ങൾക്കുവേണ്ടി മാത്രമായിരുന്നെങ്കിൽ മറ്റൊരു വിഭാഗത്തെകൂടി ഉൾപ്പെടുത്തിയത് എന്തിനാണെന്നും സമുദായത്തിലേക്ക് മാത്രമായി പരിമിതപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും സിപിഎം ചോദിക്കുന്നു.

സച്ചാർ കമ്മിറ്റി റിപ്പോർട്ട് പരിഗണിച്ച ലീഗിന് കൂടി പ്രാതിനിധ്യമുണ്ടായിരുന്ന രണ്ടാം യു.പി.എ സർക്കാർ മുസ്ലിം സമുദായത്തിന് മാത്രമായി ഒരു പദ്ധതിയും ശിപാർശ ചെയ്തിട്ടില്ല. എല്ലാ പദ്ധതികളും ന്യൂനപക്ഷ വകുപ്പ് മുഖാന്തരമാണ് നടപ്പാക്കിയത്. മുസ്ലിം വികസന വകുപ്പ് രൂപവത്കരിച്ചില്ല. പാലോളി കമ്മിറ്റി ശിപാർശ അനുസരിച്ച് വി.എസ് സർക്കാർ മലപ്പുറം ഉൾപ്പെടെ ആറ് ജില്ലകളിൽ സർക്കാർ, എയ്ഡഡ് മേഖലയിൽ 180 ഹയർ സെക്കൻഡറി സ്കൂൾ ആരംഭിച്ചത് എല്ലാ വിഭാഗങ്ങൾക്കും കൂടിയായിരുന്നുവെന്നും സിപിഎം വ്യക്തമാക്കുന്നു.

ജനസംഖ്യാ അനുപാതികമായി കൊടുക്കാനാണ് ഹൈക്കോടതി പറഞ്ഞത്. ഒരു കൂട്ടര്‍ക്ക് കൊടുക്കുന്നതില്‍ കുറവ് വരുന്നില്ല. അതേസമയം തന്നെ മറ്റൊരു കൂട്ടര്‍ക്ക് നല്‍കുകയും ചെയ്യും. പിന്നെ എന്തിനാണ് തര്‍ക്കമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ഇത് ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യമാണ്. മുസ്ലിം വിഭാഗത്തിന് മാത്രമല്ല, മറ്റുള്ളവര്‍ക്ക് കൂടി കൊടുത്തു. അതില്‍ കുറവ് വന്നുവെന്ന പരാതി ഉയര്‍ന്നപ്പോള്‍ പരിഹാരം കാണുകയാണ് ചെയ്തത്. തീ കോരിയിടുന്ന വര്‍ത്തമാനം പറയാതിരിക്കലാണ് നല്ലത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ പ്രശ്നം യുഡിഎഫിനുള്ളിൽ പുതിയ പ്രതിസന്ധിക്കാണ് കാരണമായിരിക്കുന്നത്. ഇതോടെ വിഷയത്തിലിടപെടനാണ് കോൺഗ്രസ് തീരുമാനം. ഓരോ ആളുകളും പരാമർശിച്ച കാര്യങ്ങൾ വ്യാഖ്യാനിച്ച രീതിയിൽ വന്ന പ്രശ്നം മാത്രമാണ് വിവാദമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറയുന്നത്. കോൺഗ്രസിനും ഐക്യ ജനാധിപത്യ മുന്നണിക്കും ഒരു അഭിപ്രായമേയുള്ളു. ഈ സ്കോളർഷിപ്പ് സംവരണത്തിൽ എല്ലാ മതങ്ങളെയും പൂർണമായി വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും വേണം ഒരു നയം പ്രഖ്യാപിക്കാൻ. ഇതിന് സർക്കാരിന് മുന്നിൽ പുതിയ ഫോർമുല അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications