'മിഷേലിന്റെ മരണത്തിൽ ഒരു നടന്റെ മകന് പങ്ക്, ഉന്നത രാഷ്ട്രീയ ഇടപെടലുണ്ടായി..'; നീതി തേടി കുടുംബം...
എറണാകുളം: ഏറെ കോളിളക്കം സൃഷ്‌ടിച്ച മിഷേൽ ഷാജിയുടെ ദുരൂഹമരണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പുറത്തുകൊണ്ടു വരണമെന്നും പ്രതികൾക്ക് തക്കതായ ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി മിഷേലിന്റെ മാതാപിതാക്കൾ. ഈ മാസം ഒന്നിന് പിറവം മണ്ഡലത്തിൽ നടന്ന നവകേരള സദസിലായിരുന്നു പരാതി നൽകിയത്. മകളുടെ മരണം ആത്മഹത്യയാക്കി തീർക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാവണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
ശക്തമായ രാഷ്ട്രീയ ഇടപെടൽ ഉള്ളതുകൊണ്ടാണ് മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ പോലീസ് ശ്രമിക്കുന്നതെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നു. ആദ്യ ദിവസം മുതൽ പോലീസിന് ഉന്നതങ്ങളിൽനിന്നു കൃത്യമായ നിർദ്ദേശം ലഭിച്ചിട്ടുണ്ട്. അവർ ഒതുക്കിതീർത്ത കേസിൽ അവരിൽ നിന്ന് തന്നെ നീതി ലഭിക്കുമെന്നത് ഒരു വിശ്വാസം മാത്രമാണെന്നും ഷാജി ചൂണ്ടിക്കാണിക്കുന്നു.

മിഷേലിനെ കാണാതായ മാർച്ച് അഞ്ചിന് രാത്രി എറണാകുളത്തെ വനിതാ പോലീസ് സ്‌റ്റേഷൻ, കസബ സ്‌റ്റേഷൻ, സെൻട്രൻ സ്‌റ്റേഷൻ എന്നിവടങ്ങളിൽ പരാതിയുമായി ചെന്നിട്ടും യാതൊരു നടപടിയുമുണ്ടായില്ല. മകളുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ നോക്കി എവിടെയാണെന്ന് കണ്ടുപിടിക്കാൻ സഹായിക്കണമെന്ന് കേണപേക്ഷിച്ചിട്ടും പോലീസുകാർ കൂട്ടാക്കിയില്ലെന്നും ഷാജി ആരോപിക്കുന്നു.
തുടക്കം മുതൽ തന്നെ കേസിൽ ഉന്നത ഇടപെടലുണ്ടായിരുന്നു. അല്ലാതെ ഒരിക്കലും പോലീസുകാർ ഇത്ര ധൈര്യത്തോടെ ഇങ്ങനെയൊന്നും ചെയ്യില്ല. ഒരു നടന്റെ മകന് ഉൾപ്പെടെ കേസിൽ പങ്കുണ്ടെന്നും ഷാജി ആരോപിക്കുന്നു. അത് കൊണ്ടുതന്നെ കൃത്യമായ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടാണ് പോലീസ് നിഷ്ക്രിയരായതെന്നാണ് ഷാജി ആരോപിക്കുന്നത്.
വെള്ളത്തിൽ മുങ്ങി മരിച്ചതിന്റെ യാതൊരു ലക്ഷണവും മിഷേലിന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നില്ലെന്ന് ഷാജി പറയുന്നു. മരിച്ചതിനു ശേഷം ഒന്നര മണിക്കൂർ വെള്ളത്തിലിട്ടാൽ മുങ്ങി മരിച്ചതിന്റെ ലക്ഷണങ്ങൾ ഒന്നും കാണില്ല. മരണത്തിന് മുൻപ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട്. ഫൊറൻസിക് സർജനായിരുന്ന അന്തരിച്ച ഡോ. ബി ഉമാദത്തനെ നേരിൽ കണ്ട് ഇക്കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും മിഷേലിന്റെ പിതാവ് വ്യക്തമാക്കി.
അതേസമയം, 2017 മാര്‍ച്ച് അഞ്ചിന് കാണാതായ മിഷേലിന്റെ മൃതദേഹം പിറ്റേന്ന് കൊച്ചി കായലിലാണ് കണ്ടെത്തിയത്. ആദ്യം കേസന്വേഷിച്ച ലോക്കല്‍ പോലീസും പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും മിഷേലിന്റേത് ആത്മഹത്യയാണെന്നാണ് കണ്ടെത്തിയത്. ഏകദേശം ഏഴ് വർഷത്തിലേക്ക് കടക്കുമ്പോഴും മിഷേലിന്റെ മരണത്തിലെ ദുരൂഹതകൾ ഇപ്പോഴും നീങ്ങിയിട്ടില്ല.
2017 മാര്‍ച്ച് അഞ്ചിന് വൈകീട്ട് എറണാകുളം കച്ചേരിപ്പടിയിലുള്ള സെന്റ് തെരേസാസ് ഹോസ്‌റ്റലില്‍ നിന്ന് കലൂര്‍ സെന്റ് ആന്റണീസ് പള്ളിയിലേക്കു പോയ മിഷേല്‍ 6.15ന് പള്ളിയില്‍ നിന്നു തിരിച്ചിറങ്ങിയെന്നും രാത്രി 8ന് എറണാകുളത്തിനും വൈപ്പിനുമിടയിലുള്ള രണ്ടാമത്തെ ഗോശ്രീ പാലത്തില്‍ നിന്ന് കായലില്‍ ചാടി ആത്മഹത്യ ചെയ്‌തുവെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. എന്നാൽ പെൺകുട്ടിയുടെ കുടുംബം ഈ കണ്ടെത്തൽ പൂർണമായും തള്ളിക്കളഞ്ഞിരുന്നു.












Click it and Unblock the Notifications