അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനത്തിനെതിരെ പരാതി നല്‍കിയ വ്യക്തിയോട് എം.എല്‍.എയുടെ പ്രതികാര നടപടി, പരാതിക്കാരന്റെ എസ്റ്റേറ്റില്‍ ആദിവാസികളെകൊണ്ട് കുടില്‍കെട്ടിച്ചുവെന്ന് പോലീസില്‍ പരാതി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരാതി നല്‍കിയതിന് തന്റെ എസ്റ്റേറ്റില്‍ ആദിവാസികളെക്കൊണ്ട് കുടില്‍കെട്ടിച്ച് എം.എല്‍.എ പ്രതികാരം തീര്‍ക്കുന്നതായി എം.എല്‍.എക്കെതിരെ പരാതി നല്‍കിയ കൊല്ലം സ്വദേശ് മുരുകേഷ് നരേന്ദ്രന്‍. കക്കാടംപൊയിലില്‍ നിയമവിരുദ്ധമായി വാട്ടര്‍തീം പാര്‍ക്ക് പണിതതിന് ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും അനധികൃത സ്വത്തുസമ്പാദനത്തിന് ഇന്‍കംടാക്‌സ് വകുപ്പില്‍ പരാതി നല്‍കുകയും ചെയ്തത് കൊല്ലം സ്വദേശ് മുരുകേഷ് നരേന്ദ്രനാണ്.

സിപിഎമ്മിന്റെ പഞ്ചായത്ത് ഭരണം എസ്ഡിപിഐ പിന്തുണയോടെ, കൂടെ കോണ്‍ഗ്രസിലെ ഒരു വിഭാഗവും, പറപ്പൂരില്‍ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു

പി.വി അന്‍വര്‍ നിലമ്പൂര്‍ എം.എല്‍.എയായ ഉടനെയാണ് സ്വത്തുതര്‍ക്കത്തില്‍പെട്ട പൂക്കോട്ടുംപാടം റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാസംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഈ സംഭവത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കിയും ഗുണ്ടാസംഘത്തില്‍പെട്ട അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടം കൈനോട്ട് ഫൈസല്‍, അമരമ്പലം പഞ്ചായത്തിലെ കവളമുക്കട്ട പുഞ്ച പി.ടി സിദ്ദിഖ് എന്ന കുട്ടി അടക്കം കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെ പൂക്കോട്ടുംപാടം പോലീസ് ക്രൈം നമ്പര്‍ 349/16 ആയി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തനിക്കെതിരെ കേസെടുത്ത എസ്.ഐക്കെതിരെ മൂന്നു ദിവസത്തിനകം നടപടിയെടുത്തില്ലെങ്കില്‍ പൂക്കോട്ടുംപാടം പോലീസ് സ്‌റ്റേഷനില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് പി.വി അന്‍വര്‍ നിലമ്പൂരില്‍ വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചു.

kudil

പൂക്കോട്ടുംപാടം റീഗള്‍ എസ്റ്റേറ്റില്‍ ആദിവാസികളെക്കൊണ്ട് കെട്ടിച്ച കുടില്‍

എന്നാല്‍ എസ്.ഐ അമൃത്‌രംഗനെതിരെ ആഭ്യന്തരവകുപ്പ് നടപടിയെടുത്തില്ല. സി.പി.എം സംസ്ഥാന നേതൃത്വം ഇടപെട്ടതോടെ സമരപ്രഖ്യാപനത്തില്‍ നിന്നും എം.എല്‍.എ പിന്‍വാങ്ങുകയായിരുന്നു.

എം.എല്‍.എക്കും ഗുണ്ടാസംഘത്തിനുമെതിരെ കേസെടുത്തതിനു പകരമായി ആദിവാസികളെ ആക്രമിക്കുകയും ജാതിപ്പേര് വിളിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ എസ്റ്റേറ്റ് ഉടമകളായ മുരുകേഷ് നരേന്ദ്രന്‍, ജയമുരുഗേഷ് എന്നിവര്‍ക്കെതിരെ ആദിവാസി പീഢനനിരോധന നിയമ പ്രകാരം കേസെടുപ്പിക്കുകയും ചെയ്തു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ കള്ളപ്പരാതിയെന്നു തെളിഞ്ഞതോടെ ഹൈക്കോടതി കേസ് തള്ളുകയായിരുന്നു.

ഇതോടെയാണ് പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരാവകാശ നിയമപ്രകാരം തെളിവുകള്‍ ശേഖരിച്ച് മുരുകേഷ് നരേന്ദ്രന്‍ നിയമയുദ്ധം ആരംഭിച്ചത്. ഹൈക്കോടതി നോട്ടീസ് അയച്ചതോടെ പി.വി അന്‍വര്‍, ഫോണില്‍ മുരുഗേഷ് നരേന്ദ്രനെ വിളിച്ച് ഭീഷണി മുഴക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് മുരുകേഷ് നരേന്ദ്രന്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കിയിരുന്നു. എസ്റ്റേറ്റില്‍ ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് അതിക്രമം തുടരുകയും ഫെന്‍സിങും ബാറ്ററികള്‍ അടക്കമുള്ള ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. മഞ്ചേരി മുന്‍സിഫ് കോടതിയില്‍ നിന്നും ഒ.എസ് 308/ 16ല്‍ ഐ.എ 212/16ലെ ഉത്തരവു പ്രകാരം എതിര്‍കക്ഷികളോ ആള്‍ക്കാരോ ഞങ്ങളുടെ ഭൂമിയില്‍ അനധികൃതമായി പ്രവേശിക്കുകയോ നാശനഷ്ടങ്ങള്‍ വരുത്തുകയോ അതിരുകളോ സ്ഥലത്തെ അമ്പലമോ ഗെയിറ്റോ നശിപ്പിക്കരുതെന്ന് ഉത്തരവുമുണ്ട്. എന്നാല്‍ കോടതി ഉത്തരവ് പോലും മുഖവിലക്കെടുക്കാതെയാണ് ഇപ്പോഴും എസ്‌റ്റേറ്റില്‍ ഗുണ്ടാ സംഘം അതിക്രമം തുടരുന്നതിന്. ഇതിനെതിരെ പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങിയതോടെയാണ് ആദിവാസികളെക്കൊണ്ട് കുടില്‍കെട്ടിച്ച് എം.എല്‍.എ പൂഴിക്കടകന്‍ ഇറക്കിയത്. പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനങ്ങള്‍ക്കും ഗുണ്ടായിസത്തിനുമെതിരെ നിയമപരമായി തന്നെ പോരാട്ടം തുടരുമെന്ന് മുരുഗേഷ് നരേന്ദ്രന്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവിക്കും പൂക്കോട്ടുംപാടം സ്‌റ്റേഷനിലും പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിക്കും ഇതു സംബന്ധിച്ചു പരാതി നല്‍കിയിട്ടുണ്ട്.

27-11-17 ന്് ജില്ലാപോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ പൂര്‍ണ രൂപം താഴെ:

പ്രേക്ഷക,

ജയ മുരുകേഷ് & മുരുകേഷ് നരേന്ദ്രന്‍

അമൃത ഭവന്‍

കൊറ്റംകര

ചന്തനതോപ്പ്

കൊല്ലം

സ്വീകര്‍ത്താവ്,

ജില്ലാ പോലീസ് ചീഫ്

മലപ്പുറം

സര്‍,

ഞങ്ങളുടെ ഉടമസ്ഥതയിലുള്ള അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍, ഗുണ്ടാസംഘത്തില്‍പെട്ട അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടം കൈനോട്ട് ഫൈസല്‍, അമരമ്പലം പഞ്ചായത്തിലെ കവളമുക്കട്ട പുഞ്ച പി.ടി സിദ്ദിഖ് എന്ന കുട്ടി അടക്കം കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെ പൂക്കോട്ടുംപാടം പോലീസ് ക്രൈം നമ്പര്‍ 349/16 ആയി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

മഞ്ചേരി മുന്‍സിഫ് കോടതിയില്‍ നിന്നും ഒ.എസ് 308/ 16ല്‍ ഐ.എ 212/16ലെ ഉത്തരവു പ്രകാരം എതിര്‍കക്ഷികളോ ആള്‍ക്കാരോ ഞങ്ങളുടെ ഭൂമിയില്‍ അനധികൃതമായി പ്രവേശിക്കുകയോ നാശനഷ്ടങ്ങള്‍ വരുത്തുകയോ അതിരുകളോ സ്ഥലത്തെ അമ്പലമോ ഗെയിറ്റോ നശിപ്പിക്കരുതെന്ന് 17-10-2016ന് ഉത്തരവായിട്ടുണ്ട്. എന്നാല്‍ കോടതി ഉത്തരവ് പോലും മുഖവിലക്കെടുക്കുകയോ പാലിക്കുകയോ ചെയ്യാതെ ഫൈസലും കുട്ടി എന്ന സിദ്ധിഖും ഇപ്പോഴും റീഗള്‍ എസ്റ്റേറ്റിലേക്ക് വാഹനങ്ങളുമായി അതിക്രമിച്ചു കയറുകയും എസ്റ്റേറ്റ് ജീവനക്കാരെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. കോടതി ഉത്തരവു പാലിക്കാതെ ഭീഷണിയും അതിക്രമവും തുടരുന്നുവെന്നു കാണിച്ച് 25-2-17ന് ബഹു. മലപ്പുറം ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയിരുന്നു.

പരാതി നല്‍കിയതിന്റെ വിരോധം തീര്‍ക്കാന്‍ എസ്റ്റേറ്റിലെ പുകപ്പുരയില്‍ കള്ളതോക്കുകൊണ്ടുവെച്ച് പിടിപ്പിക്കുമെന്നും വന്യമൃഗങ്ങളെ വേട്ടയാടി എസ്റ്റേറ്റില്‍ കൊണ്ടിട്ട് ഫോറസ്റ്റ് കേസുകളില്‍ പ്രതിയാക്കുമെന്നുമാണ് ഇപ്പോള്‍ ഭീഷണിപ്പെടുത്തുന്നത്. എസ്റ്റേറ്റ് മാനേജരെയും ഇത്തരത്തില്‍ കേസില്‍കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. എന്തുവന്നാലും എം.എല്‍.എ സംരക്ഷിക്കുമെന്നു പറഞ്ഞാണ് ഇവര്‍ ഭീഷണിതുടരുന്നത്. എം.എല്‍.എക്കെതിരെയുള്ള കേസ് പിന്‍വലിച്ചില്ലെങ്കില്‍ എസ്റ്റേറ്റില്‍ തീയിട്ട് കൃഷി നശിപ്പിക്കുമെന്ന ഭീഷണിയും മുഴക്കുന്നുണ്ട്.

എം.എല്‍.എക്കും ഗുണ്ടാ സംഘത്തിനു മെതിരെ കേസെടുത്തതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ ഇവര്‍ ആദിവാസികളെ മര്‍ദ്ദിച്ചുവെന്ന് കള്ളപ്പരാതി നല്‍കി എനിക്കും ഭര്‍ത്താവ് മുരുകേഷിനും എസ്റ്റേറ്റ് മാനേജര്‍ അനീഷിനുമെതിരെ എസ്.സി, എസ്.ടി പീഢന നിരോധന നിയമപ്രകാരം കേസെടുപ്പിച്ചിരുന്നു. ഈ കേസില്‍ കഴമ്പില്ലെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമാവുകയും. ബഹു ഹൈക്കോടതി കേസ് തള്ളുകയും ചെയ്തതാണ്. ഇതില്‍ പകതീര്‍ക്കാന്‍ എസ്റ്റേറ്റിലെ ഇലക്്ട്രിക് ഫെന്‍സിങുകളും സോളാര്‍ യൂണിറ്റും തകര്‍ക്കുകയും സോളാര്‍ യൂണിറ്റ് സ്ഥാപിച്ച കെട്ടിടം തകര്‍ത്ത് ബാറ്ററിയടക്കം മോഷിട്ടുകൊണ്ടുപോവുകയും ചെയ്തു. അഞ്ചു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങളാണ് ഞങ്ങള്‍ക്കുണ്ടായത്. ഇത് സംബന്ധിച്ച് പൂക്കോട്ടുംപാടം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇതിനേക്കാള്‍ വലിയപണി നല്‍കുമെന്നാണ് ഇവര്‍ ഇപ്പോള്‍ ഭീഷണിപ്പെടുത്തികൊണ്ടിരിക്കുന്നത്. ഇതിനുപുറമെ ഞങ്ങളുടെ എസ്റ്റേറ്റില്‍ കുടില്‍കെട്ടി ആദിവാസികളെ താമസിപ്പിച്ചിരിക്കുകയാണ്. നിയമവിരുദ്ധമായ ഈ പ്രവര്‍ത്തനം തടയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

നിരവധി ക്രിമിനല്‍ ഫോറസ്റ്റു കേസുകളില്‍ പ്രതികളാണ് ഫൈസലും കുട്ടി എന്ന സിദ്ദിഖും. ഇവരില്‍ നിന്നും ഞങ്ങള്‍ക്കും കുടുംബത്തിനും എസ്റ്റേറ്റ് ജീവനക്കാര്‍ക്കും എസ്റ്റേറ്റിനും സംരക്ഷണം നല്‍കണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

എന്ന്,

ജയ മുരുകേഷ് നരേന്ദ്രന്‍

മുരുകേഷ് നരേന്ദ്രന്‍

English summary
MLA's action against the person who complainted his legal violation

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്