ഒടിയൻ പ്രതിമ തിരിച്ചെത്തി, വീഡിയോ പങ്കിട്ട് ശ്രീകുമാർ മേനോൻ; 'നോട്ട് ദി പോയന്റ്, ആരാധകനെ കിട്ടിയിട്ടില്ല'
തിരുവനന്തപുരം: തന്റെ ഓഫീസിന് മുൻപിൽ വെച്ചിരുന്നതിൽ നിന്നും കാണാതെ പോയ ഒടിയൻ പ്രതിമകളിൽ ഒന്ന് തിരിച്ച് ലഭിച്ചെന്ന കുറിപ്പുമായി സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ.'പോയ ഒടിയൻ പാലക്കാട്ടെ പുഷ് 360 ഓഫീസിൽ ഒരു തള്ളു വണ്ടിയിൽ തിരിച്ചു വന്നു. എടുത്തു കൊണ്ടുപോയ ആരാധകൻ തന്നെ അതൊരു വണ്ടിക്കാരനെ ഏൽപ്പിച്ചു മടക്കി തന്നു',എന്നാണ് ശ്രീകുമാറിൻറെ കുറിപ്പ്. പ്രതിമ ഉന്തുവണ്ടിയിൽ കൊണ്ടുവരുന്ന വീഡിയോയും ശ്രീകുമാർ പങ്കിട്ടിട്ടുണ്ട്.

'ഇതിനിടയിൽ ഒരു കാര്യം സംഭവിച്ചു പോയ ഒടിയൻ പാലക്കാട്ടെ Push 360 ഓഫീസിൽ ഒരു തള്ളു വണ്ടിയിൽ തിരിച്ചു വന്നു. എടുത്തു കൊണ്ടുപോയ ആരാധകൻ തന്നെ അതൊരു വണ്ടിക്കാരനെ ഏൽപ്പിച്ചു മടക്കി തന്നു. വീഡിയോയിൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണേ... ദൃശ്യത്തിൽ കാണുന്നത് മടക്കി കൊണ്ടു വരവ് ഏറ്റെടുത്ത പ്രിയപ്പെട്ട വണ്ടിക്കാരനാണ്. അല്ലാതെ കഷ്ടപ്പെട്ട് ബുദ്ധിമുട്ട് എടുത്തു കൊണ്ടു പോയ ശേഷം മടക്കി തന്ന ആ ആരാധകനല്ല എഡിറ്റിംഗും മ്യൂസിക്കും ഓഫീസിലെ രസികന്മാർ. നന്ദി, പ്രിയ ആരാധകന്... മടക്കി തന്ന സ്നേഹത്തിന്...', ശ്രീകുമാർ വീഡിയോയിൽ കുറിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു തന്റെ ഓഫീസിന് മുന്നിൽ വെച്ച ഒടിയൻ ശിൽപങ്ങളിൽ ഒന്നിനെ കാണാതായ വിവരം സംവിധായകൻ ശ്രീകുമാർ മേനോൻ പങ്കുവെച്ചത്. ഓഫീസിന് മുന്നിൽ രണ്ട് ഒടിയൻ ശിൽപങ്ങളിൽ ഒന്നിനെയാണ് കാണാതായതെന്നും അവധി കഴിഞ്ഞ് ഓഫീസിൽ മടങ്ങിയെത്തിയപ്പോഴാണ് ശിൽപം മോഷണം പോയെന്നുമായിരുന്നു വി എ ശ്രീകുമാർ ഫേസ്ബുക്കിലുടെ പങ്കുവെച്ചത്.
പ്രതിമ എടുത്ത് കൊണ്ടുപോയ ആൾ തനിക്ക് അയച്ച ഒരു ഓഡിയോയും ശ്രീകുമാർ പങ്കുവെച്ചിരുന്നു. പ്രതിമ കൊണ്ടുപോയത് മറ്റൊന്നിനും വേണ്ടിയല്ലെന്നും നാട്ടിൽ വിലയില്ലാത്തത് കൊണ്ടാണ് അത് കൊണ്ട് വന്ന് മറ്റത്ത് വെച്ചത് എന്നുമായിരുന്നു വീഡിയോയിലെ വാക്കുകൾ.
'ശ്രീകുമാറേട്ട ഒന്നും വിചാരിക്കണ്ട, നിങ്ങളെ മറ്റേ ലാലേട്ടനില്ലേ, സ്റ്റാച്യു, ഞാൻ നേരെ അതെടുത്തിട്ട് എന്റെ വീട്ടിൽ കൊണ്ടുവെച്ചു, ഇവിടെ ആരം അറിഞ്ഞിട്ടില്ല, ഒന്ന് ആളാവാൻ വേണ്ടിട്ടാണ്. ഒന്നും വിചാരിക്കേണ്ട. സോറി സാർ,കാരണം എന്റെ വീട്ടിനവിടെ വെച്ചാലേ ഒരു വിലയുണ്ടാകും,എനിക്ക് നാട്ടിൽ ഒരു വിലയില്ലാത്ത പോലെയാണേ, സോറി സാർ ഞാൻ അറിയാണ്ട് നിങ്ങടെ അവിടെ നിന്ന് വന്ന് എടുത്തു,നേരെ വീട്ടിൽ കൊണ്ട് വന്ന് വീട്ട് മുറ്റത്ത് വെച്ചിട്ടുണ്ട്, ഒകെ സർ' എന്നായിരുന്നു ഓഡിയോയിലെ വാക്കുകൾ.












Click it and Unblock the Notifications