അമ്മയില്‍ പൊട്ടിത്തെറി: രാജിവെച്ച് മോഹന്‍ലാല്‍, ഭരണസമിതി പിരിച്ചുവിട്ടു, പുതിയ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറി. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കം എല്ലാവരും രാജിവെക്കുകയും നിലവിലെ ഭരണ സമിതി പിരിച്ച് വിടുകുകയും ചെയ്തു. ഹേമകമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു സിദ്ധീഖ്, ജോ. സെക്രട്ടറി ബാബു രാജ്, മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, മുതിർന്ന അംഗങ്ങളായ മുകേഷ്, മണിയന്‍പിള്ള രാജു തുടങ്ങിയ നിരവധി പേർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിവിധ നടിമാർ രംഗത്ത് എത്തിയിരുന്നു.
അല്‍പം മുന്‍പ് ഓണ്‍ലൈനായി ചേർന്ന അടിയന്തര എക്സിക്യുട്ടീവ് യോഗത്തിലാണ് ഭരണ സമിതി പിരിച്ച് വിടാനുള്ള തീരുമാനമുണ്ടായത്. കഴിഞ്ഞ മാസമായിരുന്നു തിരഞ്ഞെടുപ്പിലൂടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഇതിന് പിന്നാലെയാണ് സംഘടനയെ വലിയ രീതിയില്‍ പ്രതിരോധത്തിലാക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുള്ള തുറന്ന് പറച്ചിലുകളും ഉണ്ടാകുന്നത്.

രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം നടത്തി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുമെന്നും മോഹന്‍ലാല്‍ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. "ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു." വാർത്താക്കുറിപ്പില്‍ മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.
രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. 'അമ്മ' ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.
'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും. - എന്നും അദ്ദേഹം വാർത്താക്കുറിപ്പില്‍ കൂട്ടിച്ചേർത്തു.
പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ താര സംഘടനയായ അമ്മയിൽ കടുത്ത ഭിന്നത ഉടലെടുത്തിരുന്നു. സിദ്ധീഖ് രാജിവെച്ച പശ്ചാത്തലത്തില്‍ ജോ.സെക്രട്ടറിയായ ബാബു രാജിന് സെക്രട്ടറിയുടെ ചുമതല നല്‍കാനുള്ള നീക്കമുണ്ടായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് ബാബു രാജിനെതിരേയും ലൈംഗീക പീഡന ആരോപണം ഉയരുന്നത്.
ഇതോടെ ആരോപണവിധേയനായ ജോയിൻ സെക്രട്ടറി ബാബു രാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടുവെന്നാണ് വിവരം. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് കൂട്ടരാജിയെന്ന നിർദേശത്തിലേക്ക് എത്തിയത്.












Click it and Unblock the Notifications