സംസ്ഥാനത്ത് മഴ ശക്തിപ്പെടും; 5 ജില്ലകളിൽ മുന്നറിയിപ്പ്; ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരുന്നു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡീഷ- പശ്ചിമബംഗാൾ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂന മർദ്ദം നിലവിൽ ശക്തി കൂടി വടക്ക് കിഴക്കൻ മധ്യപ്രദേശിന് മുകളിൽ ആണ് സ്ഥിതി ചെയ്യുന്നത്.
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വടക്ക് പടിഞ്ഞാറാൻ മധ്യപ്രദേശിലേക്ക് നീങ്ങാൻ ആണ് സാധ്യത ഉള്ളതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറയിച്ചത്. തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്. കാസർഗോഡ്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്.

വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുള്ള യെല്ലോ അലേർട്ട്: 28ാം തിയതി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളാണ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 29ന് തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് അലേർട്ട്. രണ്ടാം തിയതി ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെ ആണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥം ആക്കുന്നത്. അതേസമയം ഉയർന്ന തിരമാലയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്.
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 28ാം തിയതി രാത്രി 11.30 വരെ 2.5 മുതൽ 2.7 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.
വേഗത സെക്കന്റിൽ 52 സെന്റീ മീറ്ററിനും 63 സെന്റി മീറ്ററിനും നും ഇടയിൽ മാറിവരാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദ്ദേശം ഉണ്ട്.
കടൽ ക്ഷോഭം രൂക്ഷമാകാൻ സാധ്യത ഉള്ളത് കൊണ്ട് അപകടമേഖലകളിൽ നിന്ന് അധികൃതർ നിർദ്ദേശിച്ചാൽ ആളുകൾ മാറിത്താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാൻ നിർദ്ദേശം ഉണ്ട്.












Click it and Unblock the Notifications