ഷംനാ കാസിം ബ്ലാക്ക്മെയിലിംഗ് കേസ്: തട്ടിപ്പ് സംഘത്തിനെതിരെ കൂടുതൽ പേർ, അഞ്ച് പരാതിക്കാർ കൂടിയെന്ന്
കൊച്ചി: സിനിമാനടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘത്തിനെതിരെ കൂടൂതൽ പരാതിക്കാർ രംഗത്ത്. നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ചൊവ്വാഴ്ചയാണ് നാല് പേർ അറസ്റ്റിലായത്. സംഭവത്തിൽ വാടാനപ്പള്ളി സ്വദേശിയായ റഫീഖ്, കടവന്നൂർ രമേശ്, കൈപ്പമംഗലം സ്വദേശി ശരത്, ചേറ്റൂർ സ്വദേശിയായ അഷ്റഫ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. എന്നാൽ മൂന്ന് പേർക്ക് കൂടി സംഭവത്തിൽ പങ്കുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.

അഞ്ച് പരാതിക്കാർ?
അഞ്ചുപേർ കൂടി കേസിൽ അറസ്റ്റിലായ സംഘത്തിന്റെ തട്ടിപ്പിന് ഇരയായതായി വിവരം ലഭിച്ചിട്ടുണ്ടെന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെ വ്യക്തമാക്കിയത്. ഇവരിൽ നിന്നും തട്ടിപ്പ് സംബന്ധിച്ച വിവരം ശേഖരിക്കുമെന്ന് അറിയിച്ച പോലീസ് കൂടുതൽ പേർ പരാതിയുമായി ഇനിയും രംഗത്തെത്താൻ സാധ്യതയുണ്ടെന്നും പറയുന്നു.

മൂന്ന് യുവതികൾ
ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിലായതോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞ് കുടുതൽ പേർ ഈ സംഘത്തിനെതിരെ രംഗത്തെത്തുന്നത്. ആലപ്പുഴ സ്വദേിശിയായ നടിയ്ക്ക് പുറമേ കടവന്ത്ര സ്വദേശിയായ മോഡലും മറ്റൊരു യുവതിയും ഇതേ സംഘത്തിനെതിരെ മരട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവർക്ക് പുറമേ അഞ്ച് പേർ കൂടി പരാതിയുമായി എത്തിയിട്ടുണ്ടെന്നാണ് ഐജി വിജയ് സാഖറെ വെള്ളിയാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്.
Recommended Video

സംഘത്തിന് സിനിമാ രംഗവുമായി ബന്ധം?
തട്ടിപ്പുസംഘത്തിന് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. യുവതികളിൽ നിന്ന് പണവും സ്വർണ്ണവും കൈക്കലാക്കിയെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം. ഇതിന് പുറമേ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചും പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. എന്നാൽ സ്വർണ്ണക്കടത്ത് സംബന്ധിച്ച് ഈ സംഘത്തിന് ബന്ധമുള്ളതായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

സ്വർണ്ണക്കടത്ത് മറ മാത്രം
സ്വർണ്ണകടത്ത് മറ്റ് പ്രവർത്തനങ്ങൾക്കുള്ള മറ മാത്രമാണെന്നാണ് ഐജി ചൂണ്ടിക്കാണിക്കുന്നത്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഈ പ്രതികൾ സ്വർണ്ണക്കടത്ത് നടത്തിയതായി തെളിഞ്ഞിട്ടില്ല. എന്നാൽ ഇതിന്റെ പേരിലാണ് യുവതികളെ വിളിച്ചുവരുത്തി വഞ്ചിച്ചിരുന്നത്. സ്വർണ്ണക്കടത്തുമായി സംഘത്തിന് ബന്ധമില്ലെന്നാണ് വെള്ളിയാഴ്ച കീഴടങ്ങിയ അഞ്ചാമത്തെ പ്രതി പോലീസിനോട് പറഞ്ഞത്.

അഞ്ച് പരാതികൾ കൂടി
ഇതുവരെ ഈ സംഘത്തിനെതിരെ മൂന്ന് പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. അഞ്ച് പേർ വെള്ളിയാഴ്ച പരാതി നൽകുന്നതിനായി എത്തുമെന്നും ഐജി വ്യക്തമാക്കി. എന്നാൽ കൊറോണ വൈറസ് മൂലമുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ആദ്യത്തെ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാക്കാര്യങ്ങളും വിശദമായി അന്വേഷിക്കുമെന്നും ഐജി വ്യക്തമാക്കി.

പൂട്ടിയിട്ടെന്ന് പരാതി
മോഡലിംഗിന് എന്ന പേരിൽ പാലക്കാട് എത്തിച്ചുവെന്നും രഹസ്യ കേന്ദ്രത്തിൽ പൂട്ടിയിട്ടെന്നും ആരോപിച്ച് ഇതേ സംഘത്തിനെതിരെ ഒരു പെൺകുട്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്വർണ്ണക്കടത്തിന് നിർബന്ധിച്ചവെന്നും മോഡൽ പോലീസിനോട് പറഞ്ഞിട്ടുണ്ട്. മാർച്ചിലായിരുന്നു ഈ സംഭവം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് എറണാകുളം നോർത്ത് പോലീസിൽ പെൺകുട്ടി പരാതിപ്പെടുകയും ചെയ്തിരുന്നു. എന്നാൽ കുറ്റക്കാർക്കെതിരെ ഒരു തരത്തിലുള്ള നടപടിയും സ്വീകരിച്ചിട്ടില്ല. കൊച്ചി കടവന്ത്ര സ്വദേശിയായ യുവതിയ്ക്ക് പുറമേ ആലപ്പുഴ സ്വദേശിനിയും സംഘത്തിനെതിരെ പരാതി നൽകിയിരുന്നു. ഇവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

അന്വേഷണം പ്രത്യേക സംഘത്തിന്
ഷംന തട്ടിപ്പ് സംഘത്തിനെതിരെ പരാതി നൽകിയതിന് പിന്നാലെ ഒരു നടിയും ആലപ്പുഴ സ്വദേശിയായ മോഡലും ഇതേ സംഘത്തിനെതിരെ മരട് പോലീസിനെ സമീപിച്ച് പരാതി നൽകിയിരുന്നു. ഇതോടെ പ്രതികൾ ഉൾപ്പെട്ട തട്ടിപ്പും സ്വർണ്ണക്കടത്തുമായുള്ള ബന്ധവും പോലീസ് അന്വേഷിച്ച് വരുന്നുണ്ട്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ മനുഷ്യക്കടത്ത്, തടഞ്ഞുവെക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ എന്നീ വകുപ്പുകൾ ചുമത്തുമെന്നാണ് പോലീസ് നൽകുന്ന വിവരം.












Click it and Unblock the Notifications