കൊച്ചിയിൽ ഇനി കൂടുതൽ കപ്പലടുക്കും; എൽഎൻജി ബങ്കറിംഗ് സൗകര്യം സ്ഥാപിക്കും, 500 കോടിയുടെ നിക്ഷേപം..!
കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി തുറമുഖത്തിൽ കൂടുതൽ നിക്ഷേപമെത്തുന്നു. കൊച്ചി തുറമുഖ അതോറിറ്റിയും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും എൽഎൻജിയിൽ പ്രവർത്തിക്കുന്ന, ഇരട്ട ഇന്ധന കപ്പലുകൾക്കായി പുറം നങ്കൂരം, ഉൾ തുറമുഖ പരിധി, പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ് ജെട്ടി എന്നിവിടങ്ങളിൽ എൽഎൻജി ബങ്കറിംഗ് സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചതോടെയാണ് സാധ്യത തെളിയുന്നത്.
സമുദ്ര പ്രവർത്തനങ്ങളിൽ ശുദ്ധമായ ഇന്ധനത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ നിർദ്ദിഷ്‌ട പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഏകദേശം 500 കോടി രൂപയുടെ നിക്ഷേപം ഇതിൽ ഉൾപ്പെടുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതോടെ കൊച്ചി തുറമുഖത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് ചിറക് മുളക്കുകയാണ്.

മുംബൈയിൽ നടന്ന 2025ലെ ഇന്ത്യ മാരിടൈം വീക്കിൽ കൊച്ചിൻ പോർട്ട് അതോറിറ്റി ചെയർപേഴ്‌സൺ ബി കാശിവിശ്വനാഥൻ, ബിപിസിഎൽഐ & സി ബിസിനസ് ഹെഡ് മനോജ് മേനോൻ എന്നിവരുടെ സാന്നിധ്യത്തിൽ കൊച്ചിൻ പോർട്ട് അതോറിറ്റി ട്രാഫിക് മാനേജർ ക്യാപ്റ്റൻ ഹിമാൻഷു ശേഖർ, ബിപിസിഎൽ ചീഫ് ജനറൽ മാനേജർ (സെയിൽസ്-ഐ & സി) സഞ്ജയ് കർഗാവോങ്കർ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
സുസ്ഥിരത വർധിപ്പിക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമുള്ള ഇന്ത്യയുടെ കാഴ്‌ചപ്പാടിനോട് ഈ പങ്കാളിത്തം യോജിക്കുന്നു. ആഗോള പാരിസ്ഥിതിക നിയന്ത്രണങ്ങൾക്കും ഹരിത തുറമുഖ സംരംഭങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്കും അനുസൃതമായി, എൽഎൻജി ബങ്കറിംഗ് സൗകര്യം രാജ്യത്തിന്റെ ശുദ്ധമായ ഊർജ്ജ അഭിലാഷങ്ങളെ പിന്തുണയ്ക്കുമെന്ന് സംയുക്ത പത്രക്കുറിപ്പിൽ പറയുന്നു.
പരിസ്ഥിതി സൗഹൃദ സമുദ്ര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും ദക്ഷിണേന്ത്യൻ തീരത്തെ ഒരു മുൻനിര എൽഎൻജി ബങ്കറിംഗ് കേന്ദ്രമായി കൊച്ചിയെ മാറ്റുന്നതിനും കൊച്ചി തുറമുഖവും ബിപിസിഎല്ലും തമ്മിലുള്ള സഹകരണം ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് കൊച്ചിൻ പോർട്ട് അതോറിറ്റി ചെയർപേഴ്‌സൺ കാശിവിശ്വനാഥൻ എടുത്തുപറഞ്ഞു.
സാധാരണ കപ്പലുകൾക്കുള്ള ബങ്കറിങ് സൗകര്യങ്ങൾ കൊച്ചിയിൽ നേരത്തെ മുതൽ ഉള്ളതാണ്. എന്നാൽ എൽഎൻജി ബങ്കറിങ് സൗകര്യം കൂടി വരുന്നതു പോർട്ട് അതോറിറ്റിയുടെയും ബിപിസിഎലിന്റെയും വരുമാന വർധനയ്ക്ക് ഇത് വലിയ രീതിയിൽ സഹായിക്കും. മാത്രമല്ല പരിസ്ഥിതി സൗഹൃദ നയങ്ങൾക്ക് ഇത് ആക്കം കൂട്ടുകയും ചെയ്യും.
ഈ വർഷം അവസാനത്തോടെ പദ്ധതി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിലൂടെ നേരിട്ടുള്ളതും പരോക്ഷവുമായ ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നും കരുതപ്പെടുന്നു. ഇത് കൂടുതൽ തൊഴിലവസരങ്ങൾ കൊണ്ട് വരുന്ന നടപടിയായതിനാൽ തന്നെ എല്ലാവരും വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
ആഭ്യന്തര, അന്തർദേശീയ ഷിപ്പിംഗിനെ പിന്തുണയ്ക്കുന്നതിലൂടെ കൊച്ചി ദക്ഷിണേന്ത്യയിലെ എൽഎൻജി ബങ്കറിംഗ് കേന്ദ്രമായി മാറുമെന്നതാണ് പ്രധാന കാര്യം. കൂടാതെ നീക്കം ഇന്ത്യയുടെ എൽഎൻജി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും, കപ്പലുകൾക്ക് ശുദ്ധമായ ഇന്ധനങ്ങളിലേക്ക് മാറുന്നത് എളുപ്പമാക്കുകയും ചെയ്യും. മാത്രമല്ല മെയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് ലക്ഷ്യങ്ങളിലേക്ക് കൂടുതൽ സംഭാവന ചെയ്യുന്ന പദ്ധതി കൂടിയാണിത്.












Click it and Unblock the Notifications