പാണന്‍ പാടിനടന്ന ചതിയന്‍ ചന്തുവിനെ നായകനാക്കിയ കഥകളുടെ പെരുന്തച്ചന്‍; എംടി വിടപറയുമ്പോള്‍..
എംടി വാസുദേവന്‍ നായരുടെ മരണത്തോടെ മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത് എണ്ണം പറഞ്ഞ ക്ലാസിക്കുകളില്‍ സമ്മാനിച്ച ചലച്ചിത്രകാരനെ കൂടിയാണ്. ലോകത്തിന് മുന്നില്‍ മലയാളത്തേയും കേരളത്തേയും അടയാളപ്പെടുത്തിയ സാഹിത്യകാരന്‍ എന്നോ ലോകത്തെ മലയാളത്തിന് പരിചയപ്പെടുത്തിയ സാഹിത്യകാരന്‍ എന്നോ എംടിയെ വിളിക്കാം. എന്നാല്‍ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് വരുമ്പോള്‍ എംടിയെന്ന ചലച്ചിത്രകാരനെ കുറിച്ച് കൂടി പറയാതിരിക്കാനാവില്ല.
സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതി കൊണ്ടാണ് എംടി മലയാളിയുടെ ചലച്ചിത്രാസ്വാദനത്തിന് നടുവിലേക്ക് കസേര വലിച്ചിടുന്നത്. 1966 ല്‍ പുറത്തിറങ്ങിയ മുറപ്പെണ്ണില്‍ പ്രേം നസീര്‍, കെ പി ഉമ്മര്‍, മധു, ശാരദ, പി ജെ ആന്റണി, അടൂര്‍ ഭാസി, എസ് പി പിള്ള, ശാന്താദേവി, നെല്ലിക്കോട് ഭാസ്‌കരന്‍ തുടങ്ങിയ വന്‍താരനിരയായിരുന്നു അണിനിരന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ വരവറിയിക്കാന്‍ എംടിക്ക് സാധിച്ചിരുന്നു.

പിറ്റേവര്‍ഷം ഇരുട്ടിന്റെ ആത്മാവ് എന്ന ചിത്രത്തിലൂടെ എംടി വീണ്ടും എത്തി. പി ഭാസ്‌കരന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഭ്രാന്തന്‍ വേലായുധന്‍ പ്രേംനസീറിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. നിര്‍മാല്യത്തിലൂടെയാണ് എംടി സംവിധായകന്റെ വേഷമണിയുന്നത്. തിരക്കഥയെഴുതി നിര്‍മ്മിച്ച് സംവിധാനം ചെയ്ത നിര്‍മാല്യം മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ ഗോള്‍ഡ് മെഡലും സംസ്ഥാന പുരസ്‌കാരവും നേടുകയും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് പി ജെ ആന്റണിക്ക് സമ്മാനിക്കുകയും ചെയ്തു.
മലയാള സിനിമയിലെ ക്ലാസിക്കുകള്‍ക്ക് തുടക്കമിടുകയായിരുന്നു പിന്നീടങ്ങോട്ട് എംടി. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ അമ്പതിലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയില്‍ പിന്നീട് എംടിയുണ്ടായിരുന്നു. നാല് തവണയാണ് മികച്ച തിരക്കഥക്കുള്ള ദേശീയ അവാര്‍ഡ് എംടിയെ തേടിയെത്തിയത്. ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994) എന്നിവയ്ക്കായിരുന്നു ഈ പുരസ്‌കാരങ്ങള്‍.
പാണന്‍ പാടിനടന്ന ചന്തുവിന്റെ കഥയ്ക്കും ജീവിതത്തിനും ഒരു മറുവശമുണ്ടെങ്കിലോ എന്ന് ചിന്തിച്ച് അത് മാലോകരോട് വിളിച്ച് പറയാന്‍ എംടിയോളം ചങ്കൂറ്റം മറ്റാര്‍ക്കാണ് ഉണ്ടാകുക. രാമായണത്തിലെ ഉപകഥകളിലൊന്നായ വൈശാലിയുടേയും ഋഷ്യശൃംഗന്റേയും കഥയും പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന്റെ കഥയും അഭ്രപാളികളിലേക്ക് കോറിയിടുമ്പോള്‍ എംടിയെന്ന സാഹിത്യകാരനാണോ സിനിമാക്കാരനാണോ മുന്നില്‍ എന്ന ചോദ്യമുയരും.
മഞ്ഞ്, കടവ്, ബന്ധനം, വാരിക്കുഴി, ഒരു ചെറുപുഞ്ചിരി എന്നിവയാണ് എംടി സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍. എംടിയുടെ തൂലികയില്‍ പിറന്ന കഥാപാത്രങ്ങളാണ് മമ്മൂട്ടിക്കും മോഹന്‍ലാലിനും തങ്ങളുടെ പ്രതിഭയെ വെല്ലുവിളിക്കാനും തേച്ച് മിനുക്കാനുമുള്ള അവസരം നല്‍കിയത്. സദയവും താഴ്‌വാരവും ഉയരങ്ങളിലും അമൃതംഗമയയും പഞ്ചാഗ്നിയും മോഹന്‍ലാല്‍ എന്ന നടനെ ആവോളം ചൂഷണം ചെയ്ത സിനിമകളായിരുന്നു.
മമ്മൂട്ടിക്ക് വേണ്ടിയൊരുക്കിയ വടക്കന്‍ വീരഗാഥ, ഉത്തരം, പഴശ്ശിരാജ, സുകൃതം, അടിയൊഴുക്കുകള്‍ എന്നിവ താരത്തിന്റെ കരിയര്‍ ബെസ്റ്റുകളായും അറിയപ്പെടുന്നു. ഹരിഹരനും ഐവി ശശിക്കുമൊപ്പമായിരുന്നു എംടി കൂടുതലും സിനിമകള്‍ ചെയ്തത്.












Click it and Unblock the Notifications