വായ്പാ പരിധി വെട്ടികുറച്ചപ്പോൾ സന്തോഷിക്കുന്നു, മുരളീധരൻ കേരളത്തിന്റെ ആരാച്ചാർ; മന്ത്രി റിയാസ്
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചപ്പോൾ അതിൽ സന്തോഷിച്ച കേന്ദ്ര മന്ത്രി കേരളത്തിന്റെ ആരാച്ചാരാണെന്ന് റിയാസ് കുറ്റപ്പെടുത്തി. കേരളത്തിന് വേണ്ടി ഇടപെടേണ്ടിയിരുന്ന ആളാണ് മുരളീധരനെന്നും എന്നാൽ അദ്ദേഹം ഇക്കാര്യത്തിൽ സന്തോഷിച്ചത് ദൗർഭാഗ്യകരമായി പോയെന്നും റിയാസ് പറഞ്ഞു.
'വായ്‌പാ പരിധി വെട്ടിക്കുറക്കുന്നത് ഒരു മനുഷ്യനും സന്തോഷിക്കാനാവില്ല. മലയാളിക്ക് മാത്രമല്ല, ഒരാൾക്കും സന്തോഷത്തിന് വക നൽകുന്ന കാര്യമല്ല ഒരു സംസ്ഥാനത്തിന്റെ വായ്‌പാ പരിധി വെട്ടിക്കുറക്കുന്നത്. സംസ്ഥാനത്തിന്റെ അവകാശമാണത്. അങ്ങനെയുള്ള ഒരു വിഷയത്തിൽ ഒരു കേന്ദ്രമന്ത്രി സന്തോഷിക്കുക, അതും ഒരു മലയാളി. അത് വല്ലാത്തൊരു മാനികാവസ്ഥ തന്നെയാണ്. 8000 കോടി രൂപയാണ് ഇത്തവണ വെട്ടിക്കുറച്ചത്. 32,000 കോടി രൂപയാണ് നമ്മൾ ആവശ്യപ്പെട്ടത്.

ഇരുപത്തിമൂവായിരത്തോളം ഉണ്ടായിരുന്നത് ഇപ്പോൾ 15,000 കോടിയിലേക്കെത്തി. ഇതിൽ മലയാളിയായ ഒരു കേന്ദ്രമന്ത്രി സന്തോഷിച്ച് തുള്ളിച്ചാടുകയാണ്. കേരളത്തിന്റെ ആരാച്ചാരെപ്പോലെയാണ് അദ്ദേഹം പെരുമാറിക്കൊണ്ടിരിക്കുന്നത്.
യഥാർത്ഥത്തിൽ സംസ്ഥാനത്തിനു വേണ്ടി ഇടപെട്ട് മുന്നോട്ടു പോകേണ്ടൊരു വ്യക്തിയല്ലേ അദ്ദേഹം. കേന്ദ്രസർക്കാരിൽ തനിക്കുള്ള സ്വാധീനം ഉപയോഗിച്ചുകൊണ്ട് കേരളത്തിലെ ജനങ്ങളെയാകെ പ്രയാസത്തിലേക്ക് തള്ളിവിടുന്ന ഒരു നീക്കം ഇല്ലാതാക്കാൻ ശ്രമിക്കണ്ടേ? എൽഡിഎഫിന് വേണ്ടി വോട്ട് ചെയ്തവരും ചെയ്യാത്തവരും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നവരെയുമെല്ലാം ഈ തീരുമാനം ബാധിക്കാൻ പോകുവല്ലേ. അതിൽ ദുഃഖിക്കുകയല്ലേ ശരിക്കും വേണ്ടത്. മന്ത്രിയുടെ പെരുമാറ്റം ദൗർഭാഗ്യകരമാണ്.
വായ്പാ പരിധി വെട്ടിക്കുറച്ചാൽ അത് സംസ്ഥാനത്തെ ബാധിക്കുമല്ലോ. അങ്ങനെ എല്ലാവിഭാഗം ജനങ്ങളെയും നേരിട്ട് ബാധിക്കുന്ന വിഷയത്തിൽ മന്ത്രിക്ക് സന്തോഷിക്കാൻ കഴിയുന്നത് വല്ലാത്തൊരു മാനസികാവസ്ഥയാണ്', മന്ത്രി പറഞ്ഞു.
കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ തീരുമാനം വിശദമായ പഠനങ്ങൾക്ക് ശേഷമാണെന്നും സംസ്ഥാന സർക്കാരിന്റെ ധൂർത്ത് കേന്ദ്ര സർക്കാരിന് അനുവദിക്കാനാകില്ലെന്നുമായിരുന്നു കേന്ദ്ര തീരുമാനത്തെ കുറിച്ച് വി മുരളീധരൻ പറഞ്ഞു. കടമെടുപ്പും ബാധ്യതകളും ക്ഷേമ പെന്‍ഷനോ അടിസ്ഥാന സൗകര്യ വികസനത്തിനോ വേണ്ടിയല്ല. കെ വി തോമസിനെ പോലുളളവര്‍ക്ക് ഓണറേറിയം നല്‍കാനാണ് വായ്പകള്‍ എന്നും മന്ത്രി വിമർശിച്ചിരുന്നു.പരിധിക്ക് പുറത്ത് ധൂര്‍ത്തിന് വേണ്ടി കടമെടുപ്പ് അനുവദിച്ചാല്‍ കേരളം ശ്രീലങ്കയാവും. അതിന് കേന്ദ്രസര്‍ക്കാര്‍ കൂട്ട് നില്‍ക്കില്ലെന്നും വി മുരളീധരൻ പറഞ്ഞിരുന്നു.












Click it and Unblock the Notifications