മുരളീധരൻ കോൺഗ്രസിന്റെ എല്ലാമെല്ലാമാണ്,എന്ത് വിലകൊടുത്തും പാർട്ടിയിൽ നിലനിർത്തും'; കെ സുധാകരൻ
തിരുവനന്തപുരം: കെ മുരളീധരനൊപ്പം കോൺഗ്രസ് ഒറ്റക്കെട്ടായി നിൽക്കുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. അദ്ദേഹം കോൺഗ്രസിന് വേണ്ടപ്പെട്ട നേതാവാണ്. എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും പരിഹരിക്കും. അദ്ദേഹത്തിന്റെ പരാതിയെന്താണെന്ന് അറിഞ്ഞ് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു. തൃശൂരിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ മുരളീധരൻ തുറന്നടിച്ചിരുന്നു. താൻ ഇനി മത്സരിക്കാനില്ലെന്നും പൊതുരംഗത്ത് നിന്ന് മാറി നിൽക്കുമെന്നുമായിരുന്നു മുരളീധരൻ പറഞ്ഞത്. ഇത് സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു സുധാകരന്റെ പ്രതികരണം.
'മുരളീധരന്റെ വിഷയം കോൺഗ്രസിനെ സംബന്ധിച്ച് മറ്റെന്തിനെക്കാളും പ്രാധാന്യം അർഹിക്കുന്ന വിഷയമാണ്. തൃശൂരിലെ കോൺഗ്രസിന്റെ ചരിത്രത്തിൽ ഇത്തരം സംഭവം ആദ്യമാണ്. അതിനുള്ള അടിസ്ഥാനപരമായ കാര്യങ്ങൾ എന്തെന്ന് പരിശോധിക്കണം. പാർട്ടി നടപടി സ്വീകരിക്കും, എല്ലാ വസ്തുകളും പരിശോധിക്കും, തിരുത്തിപ്പോകാൻ പറ്റുന്നതാണെങ്കിൽ തിരുത്തിപ്പോകും.

മുരളീധരൻ വിട്ട് നിൽക്കേണ്ട ആളല്ല. മുരളീധരൻ കോൺഗ്രസിന്റെ എല്ലാമെല്ലാമാണ്. എല്ലാരും ഒറ്റക്കെട്ടായി കൂടെയുണ്ട്. ഞങ്ങളെല്ലാവരും ബഹുമാനിക്കുന്ന കെ കരുണാകന്റെ മകനെ മറക്കാനും ത്യജിക്കാനും ഞങ്ങൾക്ക് സാധിക്കില്ല. അദ്ദേഹത്തിന്റെ മനസിലെ തോന്നലുകൾക്ക് ഏത് സന്ദർഭത്തിലും പരിഹാരം ഉണ്ടാക്കാൻ കെപിസിസി തയ്യാറാണെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ പരാതി എന്താണെന്ന് കേൾക്കേണ്ടതുണ്ട്. മുരളീധരനെ കാണും. എന്ത് വിലകൊടുത്തും മുരളീധരനെ പാർട്ടിയിൽ നിലനിർത്തും', അദ്ദേഹം പറഞ്ഞു.
'സുരേഷ് ഗോപിക്ക് വേണ്ടി മൂന്ന് തവണ നരേന്ദ്ര മോദി വന്നു. സുനിൽ കുമാറിന് വേണ്ടി പിണറായി വിജയൻ വന്നു. എനിക്ക് വേണ്ടി ആകെ വന്നത് ഡികെ ശിവകുമാർ മാത്രമമാണ് വന്നത്. അതും ഉച്ചവെയിലത്ത്.സംസ്ഥാന ദേശീയ നേതാക്കൽ പ്രചരണത്തിൽ നിന്നും വിട്ടുനിന്നു. ഇനി ഒരു പദവിയിലേക്കും താൻ ഇല്ല. രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്', എന്നായിരുന്നു തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുരളീധരൻ തുറന്നടിച്ചത്.
അതേസമയം തിരഞ്ഞെടുപ്പുകളില്‍ നിന്ന് മാറിനില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് മുരളീധരനെ പിന്തിരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. വട്ടിയൂർക്കാവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ അദ്ദേഹത്തോട് നേതൃത്വം ആവശ്യപ്പെട്ടേക്കും. അതല്ലെങ്കിൽ യു ഡി എഫ് കൺവീനർ പദവി, കെ പി സി സി അധ്യക്ഷസ്ഥാനം, വയനാട് ലോക്സഭാ സീറ്റ് എന്നീ മൂന്ന് ഓഫറുകൾ മുരളീധരന് മുന്നിൽ വെച്ചേക്കും. ഈ ഓഫറുകൾക്ക് മുൻപിൽ മുരളീധരൻ വഴങ്ങുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.












Click it and Unblock the Notifications