ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി; വിമതരെ വെട്ടിനിരത്തി... അവര്‍ക്ക് നിഗൂഡ ലക്ഷ്യങ്ങള്‍ എന്ന് ലീഗ്
കോഴിക്കോട്: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു. പഴയ നേതാക്കളെയും അവരുമായി ബന്ധമുള്ളവരെയും പൂര്‍ണമായും തഴഞ്ഞാണ് പുതിയ കമ്മിറ്റി. പിഎച്ച് ആയിഷ ബാനു പ്രസിഡന്റ്, റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറി, നയന സുരേഷ് ട്രഷറര്‍ ആയിട്ടാണ് പുതിയ കമ്മിറ്റി. മുന്‍ കമ്മിറ്റിയിലെ ട്രഷറര്‍ ആയിരുന്നു ആയിഷ ബാനു. റുമൈസ നേരത്തെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു. നയന സുരേഷ് മലപ്പുറം ജില്ലാ ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയാണ് ഹരിതയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ഹരിത വിവാദത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുന്‍ ഭാരവാഹികള്‍ക്ക് നിഗൂഢ ലക്ഷ്യങ്ങളുണ്ടായിരുന്നു എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. നജ്‌വ ഹനീന, ഷാഹിദ റാഷിദ്, ഐഷ മറിയം എന്നിവര്‍ പുതിയ വൈസ് പ്രസിഡന്റുമാരാണ്. അഫ്ഷില, ഫായിസ, അഖീല ഫര്‍സാന എന്നിവര്‍ സെക്രട്ടറുമാരും. എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ഭാരവാഹികളില്‍ ഇവരാരും ഉണ്ടായിരുന്നില്ല. ഔദ്യോഗിക പക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരാണ് പുതിയ കമ്മിറ്റിയിലുള്ളത്.

കഴിഞ്ഞ ജൂണ്‍ 22ന് കോഴിക്കോട് ചേര്‍ന്ന എംഎസ്എഫ് യോഗത്തില്‍ ഹരിതയുടെ നേതാക്കളെ ലൈംഗികമായി അധിക്ഷേപിച്ചു എന്ന പരാതിയാണ് വിവാദങ്ങള്‍ക്ക് കാരണമായത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ലാ ഭാരവാഹികളായ കബീര്‍ മുതുപറമ്പ്, അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെ ആയിരുന്നു ഹരിതയുടെ 10 ഭാരവാഹികളുടെ പരാതി. മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്ന് ഇവര്‍ വനിതാ കമ്മീഷനെ സമീപിച്ചു. വനിതാ കമ്മീഷന്‍ പരാതി വെള്ളയില്‍ പോലീസിന് കൈമാറി. ചെമ്മങ്ങാട് പോലീസ് ഓഫീസറാണ് ഈ കേസ് അന്വേഷിക്കുന്നത്.
പരാതി പിന്‍വലിക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വം പലതവണ ഹരിത ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. ആരോപണ വിധേയരായ മൂന്ന് നേതാക്കള്‍ മാപ്പ് പറയണമെന്ന് മുസ്ലിം ലീഗ് നേതൃത്വം നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ നടപടിയെടുക്കാതെ പരാതി പിന്‍വലിക്കില്ലെന്ന് ഹരിത ഭാരവാഹികള്‍ വ്യക്തമാക്കി. ഇതോടെയാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്.
അതിനിടെ കേസില്‍ പോലീസ് നടപടി തുടങ്ങി. നവാസിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. വഹാബിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. വിവാദമായ എംഎസ്എഫ് യോഗത്തിന്റെ മിനുട്‌സ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. മിനുട്‌സ് കോടതി ആവശ്യപ്പെട്ടാല്‍ ഹാജരാക്കിയാല്‍ മതിയെന്നാണ് എംഎസ്എഫ് നേതാക്കളുടെ തീരുമാനം. ഹരിത ഭാരവാഹികള്‍ക്ക് പിന്നില്‍ സിപിഎം ആണ് എന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ആരോപണം.












Click it and Unblock the Notifications