സിപിഎമ്മിനെതിരെ ഹൈദരലി തങ്ങള്‍; ഇത്രയും രൂക്ഷമായിട്ട് ആദ്യം, മാന്യതയില്ലാത്ത രാഷ്ട്രീയം
കോഴിക്കോട്: സിപിഎമ്മിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍. മാന്യതയില്ലാത്ത രാഷ്ട്രീയമാണ് സിപിഎം നടത്തുന്നതെന്ന് തങ്ങള്‍ കുറ്റപ്പെടുത്തി. മുന്നണിയിലെ ഘടകകക്ഷി നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചയില്‍ പോലും വര്‍ഗീയത ദര്‍ശിക്കുകയാണ് അവര്‍. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി മുതലെടുക്കാനാണ് സപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു. കോഴിക്കോട് ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍.

ആദ്യമായിട്ടാണ് ഹൈദരലി തങ്ങള്‍ ഇത്രയും രക്ഷമായ ഭാഷയില്‍ സിപിഎമ്മിനെ വിമര്‍ശിക്കുന്നത്. സാധാരണ മിതഭാഷിയായി കാണാറുള്ള നേതാവാണ് ഇദ്ദേഹം. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവനയാണ് ഹൈദരലി തങ്ങളെ പ്രകോപിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട് തങ്ങളുടെ വീട്ടിലെത്തിയതിനെ വര്‍ഗീയമായി ചിത്രീകരിച്ചിരുന്നു വിജയരാഘവന്‍.
ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ രംഗത്തുവന്നു. വൈകാതെ വിജയരാഘവന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം നേരിടേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
മുതിര്‍ന്ന കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ പങ്കെടുത്ത കോഴിക്കോട്ടെ ഐശ്വര്യ കേരള യാത്ര സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ആയിരുന്നു.












Click it and Unblock the Notifications