മുസ്ലിം സംവരണ നഷ്ടം; സര്‍ക്കാര്‍ പിന്മാറണമെന്ന് ജിഫ്രി തങ്ങള്‍, കത്ത് നല്‍കി മുസ്ലിം ജമാഅത്ത്
കോഴിക്കോട്: ഭിന്നശേഷി വിഭാഗത്തിന് സംവരണം നല്‍കുന്നതിന്റെ ഭാഗമായി മുസ്ലിം വിഭാഗത്തിന് നല്‍കുന്ന സംവരണം കുറച്ചെന്ന വാര്‍ത്തകള്‍ വന്ന പിന്നാലെ പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍. മുസ്ലിങ്ങള്‍ക്ക് സംവരണം നഷ്ടപ്പെടുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപടി അനീതിയാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജിഫ്രി മുത്തുക്കോയ തങ്ങളുടെ വാക്കുകള്‍- 'ഭിന്നശേഷി വിഭാഗത്തിന് നല്‍കുന്ന സംവരണത്തിന്റെ മറവില്‍ മുസ്‌ലിംകള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സംവരണം നഷ്ടപ്പെടാന്‍ ഇടയാക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം. ഭിന്നശേഷിക്കാര്‍ക്കും മറ്റു അര്‍ഹരായ എല്ലാ വിഭാഗങ്ങള്‍ക്കും സംവരണാനുകൂല്യം നല്‍കപ്പെടേണ്ടത് തന്നെയാണ്...

എന്നാല്‍ ഇന്നും സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ രംഗത്തും വേണ്ട വിധം പ്രാതിനിധ്യമില്ലാത്ത മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങളെ ഹനിച്ചു കൊണ്ടാവരുത് ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത്. അര്‍ഹരായ എല്ലാ ജനവിഭാഗങ്ങള്‍ക്കും അവരുടെ അവകാശങ്ങള്‍ ആനുപാതികമായി നല്‍കാനാണ് ഭരണകൂടങ്ങള്‍ ശ്രദ്ധിക്കേണ്ടത്'- ജിഫ്രി തങ്ങള്‍ പറഞ്ഞു.
കേരള മുസ്ലിം ജമാഅത്തിന്റെ പ്രതികരണം- ''മുസ്ലിം സംവരണത്തില്‍ രണ്ട് ശതമാനം കുറയ്ക്കാനുള്ള തീരുമാനം കടുത്ത അനീതിയും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി പറഞ്ഞു. തീരുമാനം സര്‍ക്കാര്‍ അടിയന്തരമായി പുന:പരിശോധിക്കണം. പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനാണ് സംവരണം ഏര്‍പ്പെടുത്തിയത്. ഇതിന് കടകവിരുദ്ധമായ തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്...
ഇത് സംവരണത്തിന് മേലുള്ള അട്ടിമറിയാണ്. ഭിന്നശേഷി വിഭാഗത്തിന് അവര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കേണ്ടതുണ്ട്. എന്നാല്‍ അത് മുസ്ലിം സംവരണം അട്ടിമറിച്ചു കൊണ്ടാവരുത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നേരത്തെ നിയമസഭയില്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്നും സര്‍ക്കാര്‍ നിയമനങ്ങളില്‍ നിലവിലെ സംവരണ രീതികള്‍ തന്നെ തുടരണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും കേരള മുസ്ലിം ജമാഅത്തും സര്‍ക്കാറിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications