'വെള്ളിയാഴ്ച ജുമുഅ ഒഴിവാക്കേണ്ടി വന്നാലും മുസ്ലീങ്ങൾ നിർബന്ധമായും വോട്ട് ചെയ്യണം'; നജീബ് മൗലവി
കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പിൽ നിർബന്ധമായും വോട്ട് രേഖപ്പെടുത്തണമെന്ന് വിശ്വാസുകളോട് സുന്നി പണ്ഡിതനും കേരള സംസ്‌ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയുമായ എ നജീബ് മൗലവി. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരം ഒഴിവാക്കിയാലും വോട്ട് ചെയ്യാതിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിന് മുസ്‌ലീങ്ങൾ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് തന്നെ സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജുമുഅ ഒഴിവാക്കുന്നത് പോലും ന്യായമാണെന്നും മലപ്പുറം മമ്പാട് ഒരു പരിപാടിയിൽ അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നിശ്ചയിച്ച് സമുദായാംഗങ്ങളെ വോട്ടെടുപ്പിൽ നിന്ന് അകറ്റി നിർത്താനുള്ള 'മുസ്ലിം വിരുദ്ധ ശക്തികളുടെ' കുതന്ത്രങ്ങളെ പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

'ഈ ലോക്സഭ തിരഞ്ഞെടുപ്പ് പരമപ്രധാനമാണ്. വർഗീയ ശക്തികളെ പരാജയപ്പെടുത്തി മതനിരപേക്ഷവും ജനാധിപത്യപരവുമായ ഭരണം സ്ഥാപിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് നടത്തുന്ന ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിയില്ലെങ്കിലും മുസ്ലീങ്ങൾ കുഴപ്പത്തിലാകരുത്. മുസ്ലീങ്ങൾക്ക് മറ്റ് വഴികൾ ഉണ്ട്. ഘട്ടം ഘട്ടമായി ജുമാഅത്ത് നടത്തുന്നത് ഉൾപ്പെടെയുള്ള പ്രായോഗിക പരിഹാരങ്ങളുണ്ട്. രണ്ട് ജുമുഅ നടത്താം. ആദ്യം ഒരു വിഭാഗത്തിനും രണ്ടാമത്തേത് പോളിങ് ഉദ്യോഗസ്ഥർക്കും ബൂത്ത് ഏജൻ്റുമാർക്കുമായും. അത് സാധ്യമല്ലെങ്കിൽ വേറേയും വഴികളുണ്ട്.
ജുമുഅ ഒരാളുടെ തൊഴിലിനെ ബാധിക്കുന്നുണ്ടെങ്കിൽ അതിൽ നിന്നും വിട്ടുനിൽക്കാമെന്ന് ഇസ്ലാമിൽ വ്യവസ്ഥയുണ്ട്. ഇസ്ലാമിലെ ഒരു സംഭവവും അദ്ദേഹം വിശദീകരിച്ചു. തൻ്റെ അടുത്ത ബന്ധുവിന് അസുഖമുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ ഇബ്‌നു ഉമർ ഒരിക്കൽ മദീനയിലെ പള്ളിയിലെ ജുമാഅ ഒഴിവാക്കി രോഗിയായ ബന്ധുവിനെ സന്ദർശിച്ചിരുന്നു.
മുസ്‌ലിംകൾ ജുമുഅക്ക് പോകുമ്പോൾ അവരുടെ അഭാവത്തിൽ കള്ളവോട്ട് നടക്കാൻ സാധ്യതയുണ്ടോ എന്നറിയാൻ നമ്മൾ ജാഗ്രത പാലിക്കണം. വെള്ളിയാഴ്ച ജുമുഅയുടെ പേരിൽ ഒരു മുസ്ലിമും തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറരുത്', അദ്ദേഹം പറഞ്ഞു.
ഉംറ അടക്കം മാറ്റിവെച്ച് മുസ്ലീങ്ങൾ വോട്ട് ചെയ്യണം; ഡോ ഹുസൈൻ മടവൂർ
ഏപ്രിൽ 26 ന് ലോക്സഭ തിരഞ്ഞെടുപ്പിൽ എല്ലാ മുസ്ലീങ്ങളും തങ്ങളുടെ വോട്ട് രേഖപ്പെടുത്തണമെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ ഹുസൈൻ മടവൂർ. ഉംറ തീർത്ഥാടനമായാലും അവധിക്കാല യാത്രകളായാലും അതെല്ലാം മാറ്റി വെച്ച് വിശ്വാസികൾ വോട്ടവകാശം വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് എല്ലാ മതേതര ജനതയ്ക്കും വളരെ നിർണായകമായ തിരഞ്ഞെടുപ്പാണ്. രാജ്യത്തിൻ്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വോട്ടെടുപ്പിൽ നിർണായക പങ്കുണ്ട്. ഉംറയും ഉല്ലാസയാത്രയും ആസൂത്രണം ചെയ്തിട്ടുള്ളവർ അത് മാറ്റിവെച്ച് ഏപ്രിൽ 26-ന് കൃത്യമായ വോട്ട് രേഖപ്പെടുത്തണം', മടവൂർ പറഞ്ഞു.












Click it and Unblock the Notifications