ജനിതകമാറ്റം വന്ന കൊവിഡ് വൈറസ്: കേരളത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി, വൈകിട്ടോടെ പൂർണവിവരം
തിരുവനന്തപുരം: ബ്രിട്ടണില്‍ നിന്നുളള ജനതക മാറ്റം വന്ന വൈറസിന്റെ സാന്നിധ്യം രാജ്യത്ത് സ്ഥിരീകരിച്ചതോടെ ജാഗ്രതയില്‍ കേരളവും. 6 പേരിലാണ് രാജ്യത്ത് അതിതീവ്രമായ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രിട്ടണില്‍ നിന്നും വന്ന 18 പേര്‍ക്ക് കേരളത്തില്‍ കൊവിഡ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ജനിതകമാറ്റം വന്ന കൊവിഡ് ആണോ ഇവര്‍ക്ക് ബാധിച്ചിരിക്കുന്നത് എന്നത് സ്ഥിരീകരിച്ചിട്ടില്ല.
Recommended Video
കേരളത്തില്‍ എത്തിയ 18 പേരുടെ സ്രവം വിശദമായ പരിശോധനയ്ക്ക് വേണ്ടി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഇവരെ പ്രത്യേക നിരീക്ഷണത്തിലും പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. കരുതലും ജാഗ്രതയും തുടരണമെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ കണ്ടെത്തിയ കൊവിഡിന് ജനിതക മാറ്റം സംഭവിച്ചതായി ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വൈകിട്ടോടെ പൂര്‍ണമായ വിവരങ്ങള്‍ അറിയാനാകുമെന്നാണ് കരുതുന്നത്. ജനിതകമാറ്റം സംഭവിച്ച കൊവിഡ് ആണെങ്കിലും പ്രതിരോധിക്കാന്‍ കേരളത്തിലെ ആരോഗ്യസംവിധാനങ്ങള്‍ക്ക് സാധിക്കുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി.
രാജ്യത്ത് ജനിതക മാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് അറിയിച്ചിരിക്കുന്നത്. ബ്രിട്ടണില്‍ നിന്നെത്തി ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേര്‍ക്കും ഹൈദരാബാദിലുളള രണ്ട് പേര്‍ക്കും പൂനെ എന്‍ഐവിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാള്‍ക്കുമാണ് അതിതീവ്ര വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. കേരളത്തില്‍ എത്തിയ 18 പേര്‍ക്കും വലിയ തോതിലുളള സമ്പര്‍ക്കം ഇല്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.
ഇവര്‍ക്ക് വീട്ടുകാരുമായി മാത്രമാണ് സമ്പര്‍ക്കമുളളതായി കണ്ടെത്തിയിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ കേരളം അതീവ ജാഗ്രത പുലര്‍ത്തുകയാണ്. വിമാനത്താവളങ്ങളിലും പോര്‍ട്ടുകളിലും പ്രത്യേക കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ അപ്പോള്‍ തന്നെ ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നുണ്ട്. അതിന് ശേഷം 14 ദിവസം നിരീക്ഷണത്തിലും താമസിപ്പിക്കുന്നു.












Click it and Unblock the Notifications