'മുളക് പൊടിയെറിഞ്ഞ് 26 ലക്ഷത്തിന്റെ സ്വർണം കവർന്നു'; പോലീസ് അന്വേഷിച്ചപ്പോൾ ട്വിസ്റ്റ്
മുവാറ്റുപുഴ: മുളക് പാെടിയെറിഞ്ഞ് സ്വർണം കവർന്നു എന്ന യുവാവിന്റെ പരാതി വ്യാജം. 26 ലക്ഷം രൂപയുടെ സ്വർണം കവർച്ച ചെയ്യപ്പെട്ടുവെന്നായിരുന്നു പരാതി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യാജമാണെന്ന് മനസ്സിലാകുന്നത്. സ്വർണം തട്ടനായി പരാതി നൽകിയ യുവാവ് തന്നെ കെട്ടിച്ചമച്ചതാണ് മോഷണ കഥയെന്ന് തെളിഞ്ഞു.
സ്വർണ പണയ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രാഹുൽ എന്ന യുവാവാണ് പരാതിയുമായി എത്തിയത്. സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ എതിർ ദിശയിൽ നിന്ന് ബൈക്കിൽ ഹെൽമെറ്റ് ധരിച്ച് വന്ന രണ്ട് പേർ കണ്ണിൽ മുളക് പൊടി എറിഞ്ഞ് ബാഗ് തട്ടിപ്പറിച്ചു എന്നായിരുന്നു പരാതി. 26 ലക്ഷം രൂപയുടെ സ്വർണമാണ് ബാഗിലുണ്ടായിരുന്നത്. 15 ന് ഉച്ചയ്ക്ക് മൂവാറ്റുപുഴ തൃക്ക ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് കവർച്ച നടന്നത് എന്നായിരുന്നു പരാതി.

ഇൻസ്പെക്ടർ ടി സി മുരുകന്റെ നേതൃത്വത്തിൽ പോലീസ് ഉടനെ സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. നിരവധി സി സി ടി വികൾ പരിശോധിക്കുകയും സംഭവ പരിസരത്ത് ഉള്ള ആളുകളെ കണ്ട് ചോദിക്കുകയും ഉണ്ടായി.
ശാസ്ത്രീയമായ പരിശോധനകളും നടത്തി. തുടർന്നാണ് മുളക് പൊടി എറിഞ്ഞ സംഭവം യുവാവ് സൃഷ്ടിച്ച കഥയാണെന്ന് തെളിഞ്ഞത്യ കടബാധ്യത മൂലം രാഹുൽ സ്വർണം എടുത്ത് മറിച്ച ശേഷം പോലിസിൽ മുളക് പൊടി കഥ അവതരിപ്പിക്കുകയായിരുന്നു.
സ്ഥാപനത്തിൽ നിന്ന് 26 ലക്ഷം രൂപയുടെ സ്വർണം രണ്ട് പ്രാവശ്യമായി എടുക്കുകയായിരുന്നു. 20 ലക്ഷം രൂപയുടെ സ്വർണ്ണം ജോലി ചെയ്ത സ്ഥാപനത്തിൽ തന്നെ പണയം വെച്ചു. കൂടാതെ ആറ് ലക്ഷം രൂപയുടെ സ്വർണം അമ്പലത്തിനടുത്ത് മാറ്റി വെയ്ക്കുകയും ചെയ്തു, ഇയാളെ കൊണ്ടുപോയി സ്വർണം എടുത്തു.
എ എസ് പി ട്രയിനി അഞ്ജലി ഭാവന. ഡി വൈ എസ് പി എ ജെ തോമസ്, ഇൻസ്പെക്ടർ ടി സി മുരുകൻ, എസ് ഐ മാരായ ബൈജു പി ബാബു, ദിലീപ് കുമാർ, ശാന്തി കെ ബാബു, കെ കെ രാജേഷ്, ബെനോ ഭാർഗവൻ, എം വി റെജി, എ എസ് ഐമാരായ പി സി ജയകുമാർ, ടി എ മുഹമ്മദ്, സീനിയർ സി പി ഒ മാരായാ എം കെ ഫൈസൽ , നിഷാന്ത് കുമാർ, ധനേഷ് ബി നായർ, എച്ച് ഹാരീസ്, രഞ്ജിത്ത് രാജൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.












Click it and Unblock the Notifications