തോന്നിവാസം പറഞ്ഞതിന് ഉത്തരം പറയണം..; സ്വപ്‌നയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചത് നന്നായെന്ന് ഗോവിന്ദന്‍
ഇന്നലെ ഗോവിന്ദനെ തനിക്കറിയില്ല എന്ന് സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു. താന്‍ വെളിപ്പെടുത്തിയത് പറഞ്ഞ് കേട്ട കാര്യമാണ് എന്നും സ്വപ്‌ന പറഞ്ഞിരുന്നു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നതിന് മുന്നോടിയായി വക്കീല്‍ നോട്ടീസ് അയച്ചത് നട്ടെല്ലുണ്ടായത് കൊണ്ടാണ് എന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നട്ടെല്ലുണ്ടെങ്കില്‍ കേസ് കൊടുക്കൂ എന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ ആരോപണത്തിന് പിന്നാലെ എന്നെ വെല്ലുവിളിച്ചത്. അന്നേ ഞാന്‍ പറഞ്ഞതാണ് നട്ടെല്ല ഒന്നല്ല, പത്തെണ്ണം ഉണ്ട് എന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ജനകീയ പ്രതിരോധ ജാഥ തിരുവനന്തപുരത്ത് പ്രവേശിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍. സ്വപ്ന സുരേഷിന് വക്കീല്‍ നോട്ടീസ് അയച്ചത് ഗുണം ചെയ്തു എന്ന് കരുതുന്നുണ്ട് എന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. വക്കീല്‍ നോട്ടീസ് അയച്ചത് ഗുണം ചെയ്തോ ഇല്ലയോയെന്ന് പറയേണ്ടത് മാധ്യമങ്ങളാണ് എന്നും അദ്ദേഹം പറഞ്ഞു.
വക്കീല്‍ നോട്ടീസിന് സ്വപ്‌ന സുരേഷിന്റെ വിശദീകരണം നിയമപരമായി വരട്ടെ. തന്നെ അറിയില്ല എന്നാണ് ഇന്നലെ അവര്‍ പറഞ്ഞത്. എനിക്കും അവരെ അറിയില്ല. വെറുതേ തോന്നിവാസം പറഞ്ഞാല്‍ പറഞ്ഞതിന് ഉത്തരം പറയണം എന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ ബെംഗളൂരുവില്‍ മൊഴി കൊടുത്ത് വന്ന ശേഷമാണ് എം വി ഗോവിന്ദനെ തനിക്ക് അറിയില്ല എന്ന് സ്വപ്‌ന സുരേഷ് പറഞ്ഞത്.

എം വി ഗോവിന്ദനെ വ്യക്തിപരമായി തനിക്ക് അറിയില്ല എന്നും പലരും എന്നോട് വന്ന് പറഞ്ഞ കാര്യങ്ങളാണ് താന്‍ വെളിപ്പെടുത്തിയത് എന്നും സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു. താന്‍ ആരുടേയും പേര് പറഞ്ഞിട്ടില്ല എന്നും സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു. അതേസമയം എം വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസ് നിയമപരമായി നേരിടും എന്ന് മാപ്പ് പറയാന്‍ താന്‍ ഒരിക്കല്‍ കൂടി ജനിക്കണ്ടി വരും എന്നുമായിരുന്നു സ്വപ്‌ന സുരേഷ് ഇന്നലെ പ്രതികരിച്ചത്.
Beauty Tips with Potato: സൗന്ദര്യം കൂട്ടാന്‍ ഉരുളക്കിഴങ്ങോ..? കള്ളമല്ല, സത്യമാണ്
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ ആരോപണം പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തി എന്ന വെളിപ്പെടുത്തലില്‍ ആണ് സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും എതിരെ എം വി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചത്. ഒരുകോടി രൂപ നഷ്ടപരിഹാരം വേണം എന്നും നിയമനടപടിയില്‍ നിന്ന് ഒഴിവാകണമെങ്കില്‍ ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം എന്നുമായിരുന്നു വക്കീല്‍ നോട്ടീസില്‍ പറഞ്ഞിരുന്നത്.
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ ഒത്തുതീര്‍പ്പിനായി ഇടനിലക്കാരനെ അയച്ചെന്നും 30 കോടി വാഗ്ദാനം ചെയ്‌തെന്നുമായിരുന്നു സ്വപ്‌ന സുരേഷ് പറഞ്ഞത്. എം വി ഗോവിന്ദന്‍ പറഞ്ഞയച്ചത് എന്ന പേരില്‍ ആണ് ഇടനിലക്കാരന്‍ വന്നത് എന്നും നാടുവിട്ട് പോയില്ലെങ്കില്‍ കൊല്ലുമെന്ന ഭീഷണി മുഴക്കി എന്നുമായിരുന്നു സ്വപ്‌ന സുരേഷ് ദിവസങ്ങള്‍ക്ക് മുന്‍പ് വെളിപ്പെടുത്തിയിരുന്നത്.












Click it and Unblock the Notifications