'കാളപെറ്റെന്ന് കേട്ടാൽ കയറെടുക്കുന്ന കോൺഗ്രസ്സും മ പത്രവും'; വിമർശിച്ച് ജയരാജൻ
തിരുവനന്തപുരം: കേരള - കർണാടക അതിർത്തിയിൽ അയ്യൻകുന്ന് പഞ്ചായത്തിൽ കണ്ടെത്തിയ അടയാളപ്പെടുത്തലുകൾ നടത്തിയത് കേന്ദ്ര പൊതുമേഖലാ ഏജൻസിയാണെന്ന റിപ്പോർട്ടിന് പിന്നാലെ കോൺഗ്രസിനേയും മനോരമയേയും കടന്നാക്രമിച്ച് എംവി ജയരാജൻ.ചില അടയാളങ്ങൾ കണ്ടപ്പോൾ ബഫർസോൺ വിഷയത്തിൽ മലയോര ജനതയെ ആശങ്കയിലാക്കാനും സംസ്ഥാന സർക്കാറിനെതിരെ സമരം നടത്താനും കോൺഗ്രസ്സുകാർ നടത്തിയ നീക്കങ്ങൾ പരിഹാസ്യമായെന്നും പ്രധാന തലക്കെട്ടോടെ സർക്കാർ വിരുദ്ധ വ്യാജവാർത്തകൾ ചമച്ച മ പത്രക്കാർ ഇളിഭ്യരായി പോയെന്നും ജയരാജൻ പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് വിമർശനം. വായിക്കാം-

കാളപെറ്റെന്ന് കേട്ടാൽ കയറെടുക്കുന്ന കോൺഗ്രസ്സും മ പത്രവും
അയ്യൻ കുന്ന് ഗ്രാമപഞ്ചായത്തിലെ പതിനാലിടങ്ങളിൽ ചില അടയാളങ്ങൾ കണ്ടപ്പോൾ ബഫർസോൺ വിഷയത്തിൽ മലയോര ജനതയെ ആശങ്കയിലാക്കാനും സംസ്ഥാന സർക്കാറിനെതിരെ സമരം നടത്താനും കോൺഗ്രസ്സുകാർ നടത്തിയ നീക്കങ്ങൾ പരിഹാസ്യമായി. പ്രധാന തലക്കെട്ടോടെ സർക്കാർ വിരുദ്ധ വ്യാജവാർത്തകൾ ചമച്ച മ പത്രക്കാർ ഇളിഭ്യരായി. അതുകൊണ്ട് സത്യം തിരിച്ചറിഞ്ഞിട്ടും ഒരു ചരമക്കോളം പോലും അതിന് നൽകിയതുമില്ല.
ജില്ലയിലെ രണ്ട് വന്യജീവി സങ്കേതങ്ങൾ കൊട്ടിയൂരും ആറളവുമാണ്. സുപ്രീംകോടതി നിർദ്ദേശിച്ച ഒരു കിലോമീറ്റർ പരിധിയിൽ പെടാത്ത പഞ്ചായത്താണ് അയ്യൻകുന്ന്. കർണ്ണാടകഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് കേരള അതിർത്തിയിൽ അടയാളപ്പെടുത്തിയതെന്നായി പിന്നീട് കോൺഗ്രസ്സുകാരുടെ പ്രചരണം. കണ്ണൂർ ഡിഎഫ്ഒ കർണ്ണാടക ഫോറസ്റ്റ് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ അവരുടെ വനമേഖലയിൽ പോലും യാതൊരു അടയാളങ്ങളും അവർ നടത്തിയില്ലെന്ന് വ്യക്തമായി.
സുപ്രീംകോടതിയുടെ ബഫർസോൺ വിധിയെ തുടർന്ന് കേരളമൊഴിച്ച് പശ്ചിമഘട്ടമേഖലയിൽ ഒരു സംസ്ഥാനവും എത്രകുടുംബങ്ങളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും പ്രതികൂലമായി വിധി ബാധിക്കുമെന്ന് സുതാര്യമായ സർവ്വേയോ പരിശോധനയോ നടത്തിയിട്ടില്ല. കേരളം വസ്തുതാന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും മലയോര ജനതയുടെ കൃഷിഭൂമിയും നിർമിതികളും സംരക്ഷിക്കുകയും ചെയ്യാനാണ് ശ്രമിക്കുന്നത്.
അവസരം കിട്ടുമ്പോഴെല്ലാം സർക്കാർ വിരുദ്ധസമരത്തിനിറങ്ങിപ്പുറപ്പെടുന്ന കോൺഗ്രസ്സുകാരും വ്യാജ പ്രചരണങ്ങൾ സർക്കാറിനെതിരെ പടച്ചുവിടുന്ന മനോരമയും കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തവരാണ്. കേന്ദ്രസർക്കാർ നിർദ്ദേശത്തിനനുസരിച്ച് ധാതുസമ്പത്ത് പരിശോധനയ്ക്ക് കേരളത്തിലെത്തിയ സർവ്വേ ടീമാണ് അയ്യൻകുന്നിൽ അടയാളപ്പെടുത്തിയതെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞു. സത്യം ജനങ്ങൾക്ക് ബോധ്യമായി. എന്നാൽ കോൺഗ്രസ്സുകാർക്കും മ-പത്രത്തിനും ഇതൊന്നും ബോധ്യമായ മട്ടേയില്ല. സംസ്ഥാന സർക്കാറിന്റെ അനുമതിയില്ലാതെ മഹാരാഷ്ട്ര മിനറൽ എക്‌സ്‌പ്ലോറേഷൻ ലിമിറ്റഡ് കമ്പനിയാണ് സർവ്വേക്കായി എത്തിയത്. പയ്യാവൂരിൽ അടയാളപ്പെടുത്തൽ തുടങ്ങിയപ്പോൾ കളക്ടർ അത് നിർത്തിവെക്കാനാവശ്യപ്പെട്ടു.
സംസ്ഥാന സർക്കാറിന്റെ അനുമതിയില്ലാതെ പലതും ചെയ്യുന്ന കേന്ദ്രസർക്കാർ സ്വകാര്യഏജൻസികളെ കൊണ്ട് ധാതുസമ്പത്ത് ഉണ്ടോ എന്ന് പരിശോധിക്കാനും പിന്നീട് അത് കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കാനുമാണ് ശ്രമം. ഇനിയെങ്കിലും കയറെടുക്കും മുമ്പ് കാളയാണോ പശുവാണോ എന്നെങ്കിലും നോക്കുമോ?












Click it and Unblock the Notifications