Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരു കൈ കൊണ്ട് തള്ളുക, മറ്റേ കൈ കൊണ്ട് സ്വീകരിക്കുക. ഇത് പ്രതിപക്ഷത്തിന്റെ അവസരവാദം'; ജയരാജൻ

കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എംവി ജയരാജൻ. എൽഡിഎഫ് സർക്കാറിന്റെ അന്ത്യം കാണാൻ കൊതിക്കുന്ന അന്ധമായ ഇടതുപക്ഷ വിരോധം മാത്രമാണ് പ്രതിപക്ഷത്തെ നാൾക്കുനാൾ മുന്നോട്ടുനയിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബഹിഷ്കരണത്തിനായൊരു പ്രതിപക്ഷവും ക്ഷേമത്തിനായി എൽഡിഎഫ് സർക്കാരും എന്ന നിലയിലാണ് കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. കെ-ഫോൺ അടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്കരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഫേസ്ബുക്കിലൂടെയുള്ള ജയരാജന്റെ വിമർശനം. വായിക്കാം

'ബഹിഷ്‌കരണത്തിനായൊരു പ്രതിപക്ഷം, അരിക്കൊമ്പൻ ഫാൻസിനായൊരു മനോരമ-
വികസനത്തിനും ക്ഷേമത്തിനും എൽഡിഎഫ് മാത്രം കെ-ഫോൺ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന പ്രതിപക്ഷനേതാവിന്റെ പ്രഖ്യാപനം നിസ്സംഗതയോടെയാണ് കേരളജനത ശ്രവിച്ചത്. കാരണം പ്രതിപക്ഷനേതാവിന്റെ ബഹിഷ്‌കരണവും മൗനവും ആദ്യത്തേതല്ല. 80000 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കി കേരളത്തെ കുതിപ്പിലേക്ക് നയിച്ച കിഫ്ബി ധനസമാഹരണത്തെ ബഹിഷ്‌കരിക്കുക മാത്രമല്ല, കോടതിയിൽ ചോദ്യം ചെയ്ത് തടസ്സപ്പെടുത്തുകപോലും ചെയ്തു. മുൻ പ്രതിപക്ഷനേതാവ് രമേശ്‌ചെന്നിത്തലയുടെ മണ്ഡലത്തിലാണെങ്കിൽ റോഡുകളും പാലങ്ങളും സ്‌കൂൾ-ആശുപത്രി കെട്ടിടങ്ങളും പണിതത് കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്. ഒരു കൈ കൊണ്ട് തള്ളുക, മറ്റേ കൈ കൊണ്ട് സ്വീകരിക്കുക. ഇത് പ്രതിപക്ഷത്തിന്റെ അവസരവാദ സമീപനമാണ്.

 mvjayarajan

ലൈഫും ആർദ്രവും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും എൽഡിഎഫ് സർക്കാർ നടപ്പാക്കിയപ്പോൾ ജനങ്ങൾ സർക്കാറിനൊപ്പം ചേർന്നു. എന്നാൽ ലൈഫിനെ തകർക്കാൻ കോൺഗ്രസ് എം.എൽ.എ. രംഗത്തിറങ്ങി. യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷൻ ലൈഫ് നടപ്പാക്കിയില്ല. ഗെയിൽ പൈപ്പ് ലൈനിനെതിരെ ബഹിഷ്‌കരണമല്ല, തീവ്രവാദികളുമായി ചേർന്ന് നശീകരണ സമരമാണ് നടത്തിയത്. സിൽവർ ലൈൻ പദ്ധതിയുടെ സർവ്വേ നടത്താൻ സ്ഥാപിച്ച കല്ലുപോലും പിഴുതെറിഞ്ഞു സമരാഭാസം നടത്തി. ദേശീയപാതയും ജലപാതയും നിർമാണ പ്രവർത്തനം ആരംഭിച്ചപ്പോൾ അതൊക്കെ മുഖ്യമന്ത്രിയുടെ ദിവാസ്വപ്‌നമെന്ന് പരിഹസിച്ചു.

എഐ ക്യാമറയെ ബഹിഷ്‌കരിക്കാൻ പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തപ്പോൾ അണികൾ ചിത്രം വരാൻ വേണ്ടി ക്യാമറക്ക് മുമ്പിൽ മത്സരിക്കുകയായിരുന്നു. എൽഡിഎഫ് സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള വികസന പദ്ധതികളുടെ ഉദ്ഘാടനം ബഹിഷ്‌കരിക്കാൻ പ്രതിപക്ഷനേതാവ് ആഹ്വാനം ചെയ്തപ്പോൾ കോൺഗ്രസ് എം.പി.മാരും എം.എൽ.എ.മാരും പുച്ഛിച്ചുതള്ളി. പെൻഷൻ 1600 രൂപയാക്കി വർദ്ധിപ്പിച്ചപ്പോൾ സ്വന്തം അണികളോട് ബഹിഷ്‌കരിക്കണമെന്ന് പറഞ്ഞിരുന്നുവെങ്കിൽ വയോജനങ്ങൾ അനുകൂലിക്കുമായിരുന്നോ? ജനഹിതമനുസരിച്ചുള്ള വികസനവും ക്ഷേമവുമാണ് എൽഡിഎഫ് സർക്കാർ ഏഴുവർഷവും നടപ്പാക്കിയത്. ഇനിയും അങ്ങനെതന്നെയായിരിക്കും.‌

കാരണം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാനാണ് സർക്കാർ ഭരിക്കുന്നത്. കേന്ദ്രസർക്കാറിന്റെയും വിവിധ ഏജൻസികളുടെയും പുരസ്‌കാരങ്ങൾ എൽഡിഎഫ് സർക്കാറിനെ തേടിയെത്തിയത്, വികസന-ക്ഷേമ പദ്ധതികൾ നടപ്പാക്കിയതുകൊണ്ടാണ്. ഏറ്റവുമൊടുവിൽ ഭക്ഷ്യസുരക്ഷയിലും ഉന്നതവിദ്യാഭ്യാസമേഖലയിലും കേരളം നമ്പർ വൺ ആയി മാറി. ഇതൊക്കെ മലയാളികളിൽ സന്തോഷമുണ്ടാക്കുമ്പോൾ, യുഡിഎഫിലും മനോരമാദി മാധ്യമങ്ങളിലും നിരാശയും സങ്കടവുമാണ് സൃഷ്ടിക്കുന്നത്.

കേന്ദ്ര സർക്കാർ കേരളത്തിന് അർഹതപ്പെട്ട 40000 കോടി രൂപ നിഷേധിച്ചപ്പോൾ പ്രതിപക്ഷനേതാവ് മൗനമാചരിച്ചു. നിയമാനുസൃതമായി മൊത്തം വരുമാനത്തിന്റെ 3 ശതമാനം വായ്പ വാങ്ങാൻ സംസ്ഥാനത്തിന് അർഹതയുണ്ടായിട്ടും തുകയുടെ 54 ശതമാനം വെട്ടിക്കുറച്ചപ്പോൾ പ്രതിപക്ഷത്തിന് മിണ്ടാട്ടമുണ്ടായില്ല. കേന്ദ്രം നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷം ഇന്നുവരെ ചെറുവിരൽപോലും അനക്കിയിട്ടില്ല. എൽഡിഎഫ് സർക്കാറിന്റെ അന്ത്യം കാണാൻ കൊതിക്കുന്ന അന്ധമായ ഇടതുപക്ഷ വിരോധം മാത്രമാണ് പ്രതിപക്ഷത്തെ നാൾക്കുനാൾ മുന്നോട്ടുനയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+