'ബട്ടൺസ് ഇട്ടില്ലെന്ന് പറഞ്ഞു തല ചുമരിൽ ഇടിച്ചു, താടി വടിക്കാൻ ആജ്ഞാപിച്ചു'; നാദാപുരത്തെ റാഗിംഗ് ഇര
കോഴിക്കോട്: ക്രൂരമായ റാഗിംഗ് ഇരയായതായി നാദാപുരത്ത് സീനിയർ വിദ്യാർത്ഥികളിൽ നിന്ന് മർദ്ദനമേറ്റ പ്ലസ് വൺ വിദ്യാർത്ഥി. ഒരിക്കൽ തന്നെ മർദ്ദിച്ചതിന് നൽകിയ പരാതിയിൽ ഇവർക്കെതിരെ കേസെടുത്തിരുന്നുവെന്നും എന്നാൽ ധൈര്യമുണ്ടെങ്കിൽ വീണ്ടും കേസ് കൊടുത്തോളൂ എന്ന് പറഞ്ഞുകൊണ്ടാണ് പരീക്ഷ ഹാളിന് പുറത്തുവച്ച് വീണ്ടും ഉപദ്രവിച്ചതെന്ന് വിദ്യാർത്ഥി വൺഇന്ത്യ മലയാളത്തോട് പറഞ്ഞു.
സ്‌കൂളിന് അകത്ത് വച്ചായിരുന്നു സംഭവം. ഞാൻ എക്‌സാം ഹാളിലേക്ക് പോവുകയായിരുന്നു. അവിടെ വച്ച് കുറച്ച് കുട്ടികൾ അവിടെ വന്നിട്ട് എന്നോട് ഷർട്ടിന്റെ ബട്ടൺസ് ഇടാൻ പറഞ്ഞു. ഞാൻ ഇടില്ലെന്ന് പറഞ്ഞു. അവരോട് ശരീരത്തിൽ നിന്ന് കൈയെടുക്കാൻ ഞാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് എന്നെ കഴുത്തിന് പിടിച്ച് ചുമരിനോട് ഇടിച്ചത്; വിദ്യാർത്ഥി പറയുന്നു.

നീ വലിയ കേസ് കൊടുക്കുന്ന ആളല്ലേ എങ്കിൽ ഇതും കൂടി കൊടുത്തേക്ക് എന്നാണ് അവർ പറഞ്ഞത്. പ്ലസ് വണ്ണിൽ പഠിക്കുന്ന നിനക്കെന്തിനാണ് ഈ താടി, അതെല്ലാം വടിച്ചേക്കൂ എന്നാണ് അപ്പോൾ എന്നോട് പറഞ്ഞത്. മുൻപ് മർദ്ദിക്കുകയും അവർക്കെതിരെ കേസ് കൊടുക്കുകയും ചെയ്‌തിരുന്നു. തലയിൽ ഉൾപ്പെടെ വേദന ഉണ്ട്. മുഴയുണ്ടായിരുന്നു. ഒരു ദിവസം ആശുപത്രിയിൽ ആയിരുന്നു; വിദ്യാർത്ഥി തുടർന്നു.
മുൻപും അവർ ബട്ടൺസ് ഇടുന്നത് പോലെയുള്ള കാര്യങ്ങൾ പറഞ്ഞിരുന്നു. സീനിയർ വിദ്യാർത്ഥികൾ പറയുന്നത് കേട്ടില്ലെങ്കിൽ എന്തോ ദേഷ്യം പോലെയാണ്. അവരുടെ ഭാഗത്ത് നിന്ന് ഭീഷണി ഉണ്ടായിരുന്നു. ഒരു ദിവസം ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. എനിക്ക് പരിചയം ഇല്ലാത്ത ആളുകളാണ്; വിദ്യാർത്ഥി കൂട്ടിച്ചേർത്തു.
കുടുംബം ഉൾപ്പെടെ കടുത്ത ആശങ്കയിലാണ് ഇപ്പോഴുള്ളതെന്നാണ് പിതാവ് പറയുന്നത്. അന്ന് പരീക്ഷ ഹാളിൽ ഞാൻ ഇറക്കി കൊടുത്തു പോയതിന് പിന്നാലെയാണ് ഈ സംഭവം ഉണ്ടായത്. ഇനിയും മൂന്ന് പരീക്ഷകൾ കൂടി ബാക്കിയുണ്ട്. ഞങ്ങൾക്ക് പരീക്ഷ ഹാളിൽ പോയി കൂടെയിരിക്കാൻ കഴിയില്ലലോ. പുറത്തേക്ക് അയക്കാൻ ആണെങ്കിലും ഞങ്ങൾക്ക് പേടിയുണ്ട്; കുട്ടിയുടെ പിതാവ് പറഞ്ഞു.
പുറത്തേക്ക് എവിടെയും വിടാറില്ല മകനെ. ഇതിൽ ശക്തമായ നിയമ നടപടി സ്വീകരിക്കണം. ഒരു കുട്ടിക്കും ഇത്തരത്തിലുള്ള ഗതി ഉണ്ടാവരുത്. കഴിഞ്ഞ മാസം നടന്ന സംഭവങ്ങളിൽ ഇപ്പോൾ കേസ് നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഇപ്പോൾ ഇതുമുണ്ടായിരിക്കുന്നത്. അന്ന് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ആയിരുന്നങ്കിൽ ഇപ്പോൾ പരീക്ഷാ ഹാളിൽ വച്ചാണ്; കുട്ടിയുടെ പിതാവ് വ്യക്തമാക്കി.
അവർ പറയുന്നത് അനുസരിച്ച് പഠിക്കാൻ പറ്റുമെങ്കിൽ മതിയെന്ന നിലപാടാണ് അവരുടേത്. ചെരുപ്പ് ഇടരുതെന്ന് പറഞ്ഞാൽ ഇടരുത്, താടി വടിക്കണം എന്ന് പറഞ്ഞാൽ വടിക്കണം. അടിച്ചാൽ പോലും വീട്ടിലോ സ്‌കൂളിലോ പോയി പറയാൻ പാടില്ല. പറഞ്ഞുകഴിഞ്ഞാൽ വീണ്ടും അടിക്കുമെന്നാണ് ഭീഷണി; കുട്ടിയുടെ പിതാവ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications