പിണറായിയോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ ദല്ലാള്‍ ശ്രമിച്ചു: ശോഭ സുരേന്ദ്രന്‍
ആലപ്പുഴ: ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ആലപ്പുഴയിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയും ബി ജെ പി നേതാവുമായ ശോഭ സുരേന്ദ്രന്‍. തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പത്ത് ലക്ഷം രൂപ വാങ്ങിയത് ദല്ലാള്‍ നന്ദകുമാറുമായിട്ടുള്ള ഭൂമി ഇടപാടിന്റെ പേരില്‍ അഡ്വാന്‍സായിട്ടാണ് എന്നും ശോഭ പറഞ്ഞു. ഇത് അനധികൃതമായി വാങ്ങിയ പണമാണെങ്കില്‍ രഹസ്യമായല്ലേ വാങ്ങൂ എന്നും ശോഭ പറഞ്ഞു.
'പത്ത് ലക്ഷം രൂപ എനിക്ക് അഡ്വാന്‍സായി പൊതിഞ്ഞ പണമായിട്ടാണ് തരുന്നത്. എന്നാല്‍ അത് എന്റെ ബാങ്ക് അക്കൗണ്ടില്‍ തരണമെന്ന് ഞാനാണ് പറഞ്ഞത്,' ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഇനി താന്‍ ആ പത്ത് ലക്ഷം രൂപ വാങ്ങിയത് വേറെ വല്ല കാര്യത്തിനുമാണെങ്കില്‍ എന്തുകൊണ്ടാണ് ഒരു വര്‍ഷമായി ഇതിനെ കുറിച്ച് നന്ദകുമാര്‍ ഒന്നും മിണ്ടാതിരുന്നത് എന്നും തനിക്കെതിരെ കേസ് കൊടുക്കാതിരുന്നത് എന്നും ശോഭ ചോദിച്ചു.

പിണറായി വിജയനോളം തലപ്പൊക്കമുള്ള സിപിഎമ്മിലെ കണ്ണൂരിലെ നേതാവിനെ ബിജെപിയില്‍ ചേര്‍ക്കാനായി പാര്‍ട്ടി നാഷണല്‍ കമ്മിറ്റി ഓഫീസില്‍ നിരങ്ങിയ ആളാണ് നന്ദകുമാര്‍ എന്നും ശോഭ പറഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുതിയ അംഗങ്ങളെ ബിജെപിയില്‍ ചേര്‍ക്കുന്നതിനുള്ള ചുമതല തനിക്കാണ്. അക്കാര്യം ഡല്‍ഹിയില്‍ നിന്നും മനസ്സിലാക്കിയാണ് നന്ദകുമാര്‍ തന്നെ ബന്ധപ്പെട്ടത് എന്നും ശോഭ പറഞ്ഞു.
ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വ്യക്തിയെ നന്ദകുമാറിന്റെ വീട്ടില്‍ വച്ച് കണ്ടിരുന്നു എന്നും എന്നാല്‍ നേരിട്ടു സംസാരിക്കാന്‍ തയാറായില്ല എന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഈ നേതാവിനെ ബിജെപിയിലെത്തിക്കുന്ന കാര്യം ഡല്‍ഹിയില്‍ വെച്ച് ചര്‍ച്ച ചെയ്തപ്പോള്‍ നന്ദകുമാര്‍ കമ്മീഷനായി വന്‍തുകയാണ് ആവശ്യപ്പെട്ടത് എന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
തൃശൂരില്‍ ഗോവിന്ദന്‍ മാഷ് യാത്ര നടത്തുന്ന ദിവസം രാമനിലയത്തിലെ മുറിക്കകത്തിരുന്നപ്പോള്‍ ഏത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണ് തന്നെ കാണാന്‍ വന്നത് എന്നും ബിജെപിയുടെ ഏത് അഖിലേന്ത്യ നേതാവുമായാണ് സംസാരിച്ചത് എന്നും ദല്ലാള്‍ വ്യക്തമാക്കേണ്ട എന്നും ശോഭ പറഞ്ഞു. ഈ അറിയപ്പെടുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതാവിന്റെ പേര് നന്ദകുമാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറയണം എന്നും ശോഭ ആവശ്യപ്പെട്ടു.
ബിജെപിയിലേക്ക് ആളെ കൊണ്ടുവരുന്നത് നന്ദകുമാറിനെപ്പോലുള്ളവര്‍ക്ക് കോടിക്കണക്കിനു രൂപ കൊടുത്തിട്ടല്ലെന്നും അവര്‍ വ്യക്തമാക്കി. പിണറായി വിജയനൊഴിച്ച് ആരെ കിട്ടിയാലും നല്ലവനാണെങ്കില്‍ ബിജെപിയില്‍ സ്വീകരിക്കും. എന്നാല്‍ അതിന് മുമ്പ് ആ നേതാവിന്റെ ഹിസ്റ്ററി പഠിക്കും. അതിന് ശേഷമാണ് ഒരു വ്യക്തിക്ക് ബിജെപി മെമ്പര്‍ഷിപ്പ് കൊടുക്കുന്നത് എന്നും ശോഭ പറഞ്ഞു.
ദല്ലാള്‍ നടത്തിയ ചര്‍ച്ചയില്‍ ഒന്നാം ഘട്ടം തന്നെ ചോദിച്ചത് കോടാനുകോടി രൂപയാണ് എന്നും ബ്രോക്കര്‍മാരില്‍ നിന്ന് പണം കൊടുത്തിട്ടല്ല ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് എന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയെ പിളര്‍ക്കുമെന്നായപ്പോള്‍ നന്ദകുമാറിന്റെ കാല്‍ തല്ലിയൊടിക്കുമെന്ന് കണ്ണൂരിലെ പിണറായി വിജയന്റെ ലോബി പറഞ്ഞിട്ടല്ലേ നന്ദകുമാര്‍ ശ്രമം പാതിവച്ച് അവസാനിപ്പിച്ചത് എന്നും ശോഭ സുരേന്ദ്രന്‍ ചോദിച്ചു.












Click it and Unblock the Notifications