കേരള വിപണി പിടിക്കാൻ 'നന്ദിനി', പാലിന് വൻ വിലക്കുറവ്; കടുത്ത ആശങ്ക അറിയിച്ച് മിൽമ
തിരുവനന്തപുരം: കർണാടകയുടെ പാൽ ബ്രാന്റായ 'നന്ദിനി'യുടെ വിൽപ്പന കേരളത്തിലും പൊടിപൊടിക്കുന്നു. മിൽമയേക്കാൾ രണ്ട് മുതൽ ഏഴ് രൂപ വരെ വിലകുറച്ചാണ് നന്ദിനി പാലും മറ്റ് പാൽ ഉൽപ്പന്നങ്ങളും കേരളത്തിൽ വിൽക്കുന്നത്. ഇത് വലിയ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് മിൽമ.
കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ പാൽ ഉൽപന്നങ്ങളാണ് നന്ദിനിയെന്ന പേരിൽ വിപണിയിൽ ഉള്ളത്. ഇതിനോടകം കൊച്ചിയിലും മഞ്ചേരിയിലും തിരൂരിലും പന്തളത്തുമടക്കം നന്ദിനി ഔട്‌ലെറ്റുകൾ തുറന്നിട്ടുണ്ട്. കോഴിക്കോട് അടക്കമുള്ള നഗരങ്ങളിലെ സൂപ്പർമാർക്കറ്റുകളിലും നന്ദിനി ലഭ്യമായി തുടങ്ങിയിട്ടുണ്ട്. മിൽമയുടെ എതിർപ്പുകൾ വകവെയ്ക്കാതെയാണ് നന്ദിനി ഔട്ട്ലെറ്റുകൾ തുറന്നത്.

നന്ദിനിയുടെ പാൽ ഒഴികെയുള്ള ഉത്പന്നങ്ങൾ വിൽക്കുന്നത് കേരളം എതിർക്കുന്നില്ല.എന്നാൽ പാൽ അടക്കം വൻ വിലക്കുറവിൽ നൽകി കേരളത്തിലെ വിപണി പിടിക്കാൻ നന്ദിനി നടത്തുന്ന ശ്രമം സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് വലിയ തിരിച്ചടിയാകുമെന്നാണ് മിൽമ ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിൽ പാൽ ഉത്പാദനം കുറയുന്ന സമയങ്ങളിൽ പാൽക്ഷാമം ഉണ്ടാകാതിരിക്കാൻ നന്ദിനിയിൽ നിന്നും 2 ലക്ഷം ലിറ്റർ വരെ മിൽമ പാൽ വാങ്ങാറുണ്ടെന്നും അധികൃതർ പറയുന്നു. മാത്രമല്ല ഒരു സംസ്ഥാനത്തിന്റെ സഹകരണ പ്രസ്ഥാനം മറ്റൊരു സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന്റെ വിപണിയിൽ നേരിട്ട് ഇടപെടുന്നത് സഹകരണ തത്വങ്ങളുടെ മൂല്യങ്ങൾക്ക് എതിരാണെന്നും മിൽമ ചൂണ്ടിക്കാട്ടുന്നു.
കര്‍ണാടകയില്‍ പാല്‍ വില്‍പന തുടങ്ങാന്‍ ഗുജറാത്തിലെ അമുല്‍ നീക്കം നടത്തിയപ്പോള്‍ കടുത്ത പ്രതിഷേധമായിരുന്നു 'നന്ദിനി' ഉയർത്തിയത്. എന്നാൽ ഇതേ നന്ദിനി കേരള വിപണിയില്‍ നേരിട്ട് പാല്‍ വില്‍ക്കാന്‍ വേണ്ടി ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ഉയരുന്നവിമർശനം. അതേസമയം വിഷയം ദേശീയ ക്ഷീര വികസന ബോർഡിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കാമെന്ന് ബോർഡ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മിൽമ ചെയർമാൻ കെഎസ് മണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'വർഷങ്ങളായി മറ്റ് പാൽ ഉത്പനങ്ങൾ കേരളത്തിൽ വിൽക്കുന്നുണ്ട്. അതിനൊന്നും ആരും തടസം പറഞ്ഞിട്ടില്ല. എന്നാൽ പാൽ വിൽക്കുന്നത് അങ്ങനെയല്ല. അതാത് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാൽ അവിടെ തന്നെയാണ് വിൽക്കേണ്ടത്. അത് മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ച് വിൽക്കുന്നത് ശരിയല്ല. ഇക്കാര്യത്തിൽ ആശങ്ക അറിയിച്ചപ്പോൾ കർണാടകത്തിൽ നിന്നും മറുപടി ലഭിച്ചിട്ടില്ല. ഇത് സഹകരണ തത്വങ്ങളുടെ ലംഘനം മാത്രമല്ല അമൂലിനെ എതിർക്കുന്നത് പോലെ തന്നെ, ഇതും ചെയ്യാതിരിക്കണം', മിൽമ ചെയർമാൻ പറഞ്ഞു.












Click it and Unblock the Notifications