'കേരളത്തിൽ എൻഡിഎ-എൽഡിഎഫ് സഖ്യകക്ഷി ഭരണം'; മുഖ്യമന്ത്രി ഗതികേടിലെന്നും വിഡി സതീശൻ
തിരുവനന്തപുരം: എൻ ഡി എ ഘടകകക്ഷിയായ ജെ ഡി എസിന് രാഷ്ട്രീയ സംരക്ഷണം നല്‍കി എല്‍ ഡി എഫില്‍ പിടിച്ച് നിർത്തുന്നത് സി പി എം ആണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകള്‍ ഡെമോക്ലീസിന്റെ വാൾ പോലെ തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ ജെ ഡി എസിനെ ഒന്നും ചെയ്യാൻ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സി പി എം എന്നും വിഡി സതീശൻ പറഞ്ഞു.
ദേശീയ തലത്തില്‍ ബി ജെ പി സഖ്യത്തിന്റെ ഭാഗമായ ജെ ഡി എസിന്റെ മന്ത്രി കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലും പങ്കെടുത്തു. കേരളത്തില്‍ എന്‍ ഡി എ - എല്‍ ഡി എഫ് സഖ്യകക്ഷി ഭരണം തന്നെയാണ് നടക്കുന്നത്. ബി ജെ പി നേതൃത്വം നല്‍കുന്ന എൻ ഡി എ മുന്നണിയില്‍ ചേര്‍ന്നതായി ജെ ഡി എസ് പ്രഖ്യാപനം വന്ന് ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയും എല്‍ ഡി എഫ് നേതൃത്വവും മൗനം തുടരുന്നത് ദുരൂഹമാണ്.

എൻ ഡി എ സഖ്യകക്ഷിയായ ജെ ഡി എസ് ഏത് സാഹചര്യത്തിലാണ് എല്‍ ഡി എഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും സി പി എം നേതൃത്വവും തയാറാകണം. സംഘപരിവാര്‍ വിരുദ്ധ നിലപാടില്‍ അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ ജെ ഡി എസിനെ എൽ ഡി എഫിൽ നിന്ന് പുറത്താക്കണം. എൻ ഡി എയ്‌ക്കൊപ്പം ചേര്‍ന്ന ജെ ഡി എസിനെ മുന്നണിയില്‍ നിന്നു പുറത്താക്കിയിട്ട് വേണം സി പി എം നേതാക്കള്‍ സംഘപരിവാര്‍ വിരുദ്ധത സംസാരിക്കാന്‍. ഇതിനുള്ള ആര്‍ജവം കേരളത്തിലെ മുഖ്യമന്ത്രിക്കും സി പി എം നേതൃത്വത്തിനും ഉണ്ടോയെന്ന് മാത്രമെ ഇനി അറിയേണ്ടതുള്ളൂ', പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം ജെ ഡി എസ് ദേശീയ നേതൃത്വത്തിന് താക്കീതുമായി സി പി എം രംഗത്തെത്തി. രണ്ട് വള്ളത്തിൽ കാലിട്ട് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് സി പി എമ്മിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് ഒക്ടോബർ ഏഴിന് ജെ ഡി എസ് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.


Click it and Unblock the Notifications