നെടുമ്പാശ്ശേരി റെയിൽവേ സ്‌റ്റേഷൻ വൈകില്ല; ആദ്യഘട്ടത്തിനായി 10 കോടി അനുവദിച്ചു, ഡിസംബറിൽ നിർമ്മാണം തുടങ്ങും?
കൊച്ചി: നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്‌റ്റേഷൻ നിർമ്മാണം ഡിസംബറിൽ തുടങ്ങാൻ തീരുമാനം. ഇതിന് മുന്നോടിയായി ഉദ്യോഗസ്ഥസംഘം ഇവിടെയെത്തി സ്ഥല പരിശോധന നടത്തി. ചീഫ് പ്രോജക്റ്റ് മാനേജർ കണ്ണൻ, ഡെപ്യൂട്ടി ചീഫ് എൻജിനിയർ മാരിമുത്തു എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേയിലെ വിവിധ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരാണ് ഇന്നലെ നിർദ്ദിഷ്‌ട റെയിൽവേ സ്‌റ്റേഷൻ മേഖലയിൽ പരിശോധന നടത്തിയത്. അടുത്തിടെയാണ് പദ്ധതിക്ക് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചത്. അതിന് പിന്നാലെയാണ് പരിശോധന നടന്നത്.
കെട്ടിടം നിർമ്മിക്കുന്നതിനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനും ആവശ്യമായ സൗകര്യമുണ്ടോ എന്നറിയാൻ സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയാണ് ഉദ്യോഗസ്ഥർ ഇന്നലെ ചെയ്‌തത്. സ്‌റ്റേഷൻ കെട്ടിടം, ഫുട്ട് ഓവർബ്രിഡ്‌ജ്, എസി വെയ്‌റ്റിങ് ഹാൾ, ടിക്കറ്റ് കൗണ്ടർ, ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങൾ സജ്ജമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ ഡിപ്പാർട്ട്‌മെന്റിനോടും സബ് എസ്‌റ്റിമേറ്റ് തയ്യാറാക്കി നൽകാൻ നിർദ്ദേശം നൽകി.

10 കോടി രൂപ ആദ്യഘട്ടത്തിനായി ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. സബ് എസ്‌റ്റിമേറ്റുകൾ വിശകലനം ചെയ്‌ത് അന്തിമ എസ്‌റ്റിമേറ്റ് തയ്യാറാക്കും. 20 കോടി രൂപയാണ് ആകെ പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. ഗതിശക്തിയാണ് പുതിയ റെയിൽവേ സ്‌റ്റേഷൻ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പദ്ധതിക്ക് ചില വെല്ലുവിളികൾ നേരിടുന്നുണ്ട്.
പ്രധാന പ്രശ്‌നം സ്ഥലലഭ്യത
റെയിൽവേയുടെ സ്ഥലത്ത് യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കാനാകില്ല. അതിനാൽ സ്ഥലലഭ്യത സംബന്ധിച്ച് സിയാലുമായി ചർച്ച നടത്താനാണ് തീരുമാനം. നിലവിലുള്ള റെയിൽവേ ലൈനിന് കിഴക്കുഭാഗത്തായാണ് റെയിൽവേയ്ക്ക് സ്ഥലമുള്ളത്. റെയിൽവേ ലൈനിന് പടിഞ്ഞാറുഭാഗത്ത് സിയാലിന്റെ സ്ഥലമുണ്ട്. അവിടെ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാൽ യാത്രക്കാർക്ക് കൂടുതൽ ഗുണകരമാകും എന്നാണ് വിലയിരുത്തൽ.
പക്ഷേ, മറ്റൊരു വെല്ലുവിളി എന്തെന്നാൽ ഇവിടെ നിന്ന് വിമാനത്താവളത്തിലേക്ക് പ്രത്യേക യാത്രാസൗകര്യം കൂടി ഒരുക്കേണ്ടി വരും എന്നതാണ്. ആദ്യഘട്ടത്തിൽ റെയിൽവേയുടെ കൈവശമുള്ള സ്ഥലത്ത് കെട്ടിടം നിർമ്മിക്കുകയാണ് ലക്ഷ്യമിടുന്നത്. അതിനായി ഉപയോഗിക്കുന്ന സ്ഥലം ചതുപ്പായതിനാൽ മണ്ണിട്ട് ഉയർത്തിയാൽ മാത്രമേ കെട്ടിടം പണിയാൻ കഴിയൂ. സ്‌റ്റേഷന്റെ ഭാഗമായി 600 മീറ്റർ നീളത്തിൽ രണ്ട് പ്ലാറ്റ്‌ഫോമുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇനി വിമാനത്താവളത്തിലേക്ക് കൂടുതൽ സൗകര്യമാവും
ഒന്നര പതിറ്റാണ്ടിന് ശേഷം ഏറെനാളത്തെ മേഖലയിലെ ആവശ്യം വീണ്ടും സഫലമാവുന്നത്. 2010ൽ വിമാനത്താവളത്തോട് ചേർന്നുള്ള റെയിൽവേ സ്‌റ്റേഷന്റെ പദ്ധതി തയ്യാറാക്കി ശിലാസ്ഥാപനം വരെ നടത്തിയെങ്കിലും പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. അതിനാണ് ഇപ്പോൾ വീണ്ടും ജീവൻ വച്ചിരിക്കുന്നത്.
24 കോച്ചുകളുള്ള ട്രെയിനുകള്‍ക്ക് നിര്‍ത്താന്‍ കഴിയുന്ന രണ്ട് പ്ലാറ്റ്‌ഫോമുകളാണ് പുതിയ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍മ്മിക്കാൻ പദ്ധതിയിടുന്നത്. ഹൈ ലെവൽ പ്ലാറ്റ്ഫോം, ഫുട് ഓവർബ്രിഡ്‌ജ്, പ്ലാറ്റ്‌ഫോമുകളിലേക്ക് ലിഫ്റ്റ് കണക്റ്റ് വിറ്റി ഉൾപ്പെടെ സൗകര്യങ്ങളുണ്ടാകും. സോളാർ പാടത്തിന് സമീപത്തായാണ് നിർമ്മാണം. വന്ദേ ഭാരത് ട്രെയിനുകൾക്കും ഇവിടെ സ്‌റ്റോപ്പ് അനുവദിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കേരളത്തിലെ ഏറ്റവും വലുതും, തിരക്കേറിയതുമായ വിമാനത്താവളമാണ് കൊച്ചിയിലേത്. സംസ്ഥാനത്തേക്കുള്ള ആഭ്യന്തര-വിദേശ സഞ്ചാരികളുടെ പ്രധാന കവാടം കൂടിയാണ് ഈ എയർപോർട്ട്. അതുകൊണ്ട് മറ്റ് ഇടങ്ങളിൽ നിന്ന് പെട്ടെന്ന് വിമാനത്താവളത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ പുതിയ റെയിൽവേ സ്‌റ്റേഷൻ വലിയ രീതിയിൽ സഹായകരമാവും എന്നാണ് വിലയിരുത്തൽ. കൊച്ചിയിലെ പൊതുഗതാ സംവിധാനത്തിന് കൂടുതൽ ശക്തി പകരുന്നതാണ് നെടുമ്പാശ്ശേരി റെയിൽവേ സ്‌റ്റേഷൻ. മേഖലയിലേക്ക് മെട്രോ നീട്ടുന്നത് ഉൾപ്പെടെ പരിഗണനയിലുണ്ട് എന്നാണ് വിവരം.












Click it and Unblock the Notifications