അധ്യായന വർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും; പഠനം ഓൺലൈനിൽ
ജൂൺ 15 മുതൽ അവസാന വർഷ ബിരുദ, ബിരുദാന്തര കോഴ്സുകളുടെ പരീക്ഷകൾ ഷെഡ്യൂൾ ചെയ്യാനും തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലും കോളെജുകളിലും അധ്യായന വർഷത്തിന് ജൂൺ ഒന്നിന് തന്നെ തുടക്കമാകും. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തവണയും ഓൺലൈനായിട്ടായിരിക്കും ക്ലാസുകൾ. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും പ്രത്യേകം വിളിച്ച ഉന്നതതല യോഗത്തിലാണ് ധാരണയായത്.
വിക്ടേഴ്സ് ചാനൽ വഴി ജൂൺ ഒന്നിന് തന്നെ വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിക്കും. സംസ്ഥാനത്ത് ഒൻപതാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസ് കയറ്റം നൽകാൻ നിർദ്ദേശിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. സ്കൂൾ തലത്തിൽ പത്ത് വരെയുള്ള കുട്ടികൾക്കായിരിക്കും നിലവിൽ ക്ലാസുകൾ ആരംഭിക്കുക. പ്ലസ് വൺ ക്ലാസുകൾ വൈകും. ഇൗമാസം അവസാനത്തോടെ ക്ലാസ് പൂർത്തിയാകുന്ന പ്ലസ് വൺ വിദ്യാർഥികൾക്ക് പ്ലസ് ടു ക്ലാസുകൾ തുടങ്ങുന്നത് സംബന്ധിച്ച് വൈകാതെ തീരുമാനമെടുക്കും.

ഒന്നാം ക്ലാസിൽ പുതുതായി ചേരുന്നവർക്കായി ഓൺലൈനായി പ്രവേശനോത്സവവും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പത്ത്, പന്ത്രണ്ടാം ക്ലാസുകളിലെ വിദ്യാർഥികൾക്ക് വിക്ടേഴ്സിലെ ക്ലാസിന് പുറമെ സ്കൂൾതലത്തിൽ ബന്ധപ്പെട്ട അധ്യാപകർ ഓൺലൈൻ ക്ലാസ് നടത്തണമെന്ന നിർദേശം കൈറ്റ് സർക്കാറിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.
Recommended Video
കോളെജുകളിലും ജൂൺ ഒന്നിന് തന്നെ ക്ലാസുകൾ ആരംഭിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വിളിച്ച വൈസ് ചാൻസിലർമാരുടെ യോഗത്തിലാണ് തീരുമാനമായത്. ജൂൺ 15 മുതൽ അവസാന വർഷ ബിരുദ, ബിരുദാന്തര കോഴ്സുകളുടെ പരീക്ഷകൾ ഷെഡ്യൂൾ ചെയ്യാനും ജൂലൈ 31നകം ഫലം പ്രസിദ്ധീകരിക്കാനുമുള്ള ക്രമീകരണങ്ങൾ ഒരുക്കാനും മന്ത്രി നിർദേശിച്ചു. ഓഫ്‌ലൈന്‍ പരീക്ഷകള്‍ക്കാണ് കൂടുതല്‍ സര്‍വകലാശാലകളും താത്പര്യം പ്രകടിപ്പിച്ചത്.












Click it and Unblock the Notifications