കെഎസ്‍യുവിന് പുതിയ നേതൃത്വം: അലോഷ്യസ് സേവ്യര്‍ പുതിയ അധ്യക്ഷൻ
ഡൽഹി: അഞ്ച് വർഷത്തിന് ശേഷം കേരള സ്റ്റുഡൻ്റസ് യൂണിയന് പുതിയ നേതൃത്വം. അലോഷ്യസ് സേവ്യർ ആണ് കെഎസ്‍യുവിൻ്റെ പുതിയ സംസ്ഥാന അധ്യക്ഷൻ. അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവരെ സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായും നിയമിച്ചു.
കഴിഞ്ഞ ആഴ്ച സ്ഥാനം ഒഴിഞ്ഞ മുൻ സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്തിനെ എൻഎസ്‍യുഐ ദേശീയ ജനറൽ സെക്രട്ടറിയായി പുതിയ നിയമനം നൽകി.കഴിഞ്ഞ ആഴ്ച കെഎസ്‍യു വാരികയായ കലാശാലയുടെ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് അഭിജിത്ത് കെഎസ്‍യു അധ്യക്ഷസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്.

2017-ൽ നടത്തിയ പുനസംഘടനയെ തുടർന്നാണ് കെഎസ്‍യു സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹം എത്തുന്നത്. രണ്ട് വർഷമായിരുന്നു കാലാവധിയെങ്കിലും അഞ്ച് വർഷത്തിലേറെ കാലം ഈ പദവിയിൽ അഭിജിത്ത് തുടർന്നു.
പുനസംഘടന ഇത്ര നീളുന്നതിൽ സംഘടനയ്ക്ക് അകത്തും വലിയ വിമർശനങ്ങൾ ഉണ്ടായിരുന്നു. അഭിജിത്ത് രാജി പ്രഖ്യാപിച്ചതോടെയാണ് പുനസംഘടന നടത്തുനനതിലേക്ക് എത്തിയത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കെ.എസ്.യു പുനസംഘടന സംബന്ധിച്ച് കെപിസിസി തലത്തിൽ ചർച്ചകൾ നടന്നു വരികയായിരുന്നു.
എ ഗ്രൂപ്പുകാരനായ അലോഷ്യസ് സേവ്യർ ഇടുക്കി സ്വദേശി ആണ്. നിലവിൽ കെ.എസ്.യുവിൻ്റെ എറണാകുളം ജില്ലാ പ്രസിഡൻ്റാണ്. കെഎസ്‍യു അധ്യക്ഷ സ്ഥാനത്തേക്ക് അലോഷ്യസ് സേവ്യറിൻ്റെ പേരാണ് ഉമ്മൻ ചാണ്ടി നിർദേശിച്ചത്. വിഡി സതീശനും അലോഷ്യസ് സേവ്യറിന് വേണ്ടി തന്നെ രംഗത്ത് വന്നതോടെ മറ്റ് എതിർപ്പുകൾ മറികടന്ന് അലോഷ്യസിന് പദവിയിലേക്ക് എത്തി..












Click it and Unblock the Notifications