സ്വപ്‌നയല്ല മാഡം....സരിത് വിളിച്ചിരുന്നത് ഇങ്ങനെ, സ്വര്‍ണം ആര്‍ക്കാണ് കൊടുത്തതെന്നും അറിയാം!!
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സരിത്തില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് അന്വേഷണ സംഘം. സ്വര്‍ണം ആരാണ് അയക്കുന്നത്. ആര്‍ക്കാണ് ഇത് കൈമാറുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി അറിയുന്നത് സ്വപനയ്ക്കാണെന്ന് മൊഴിയില്‍ പറയുന്നു. അതേസമയം സ്വപ്നയെ പേരെടുത്ത് വിളിക്കാതെയായിരുന്നു ചോദ്യം ചെയ്യലില്‍ സരിത് സംസാരിച്ചത്. ചേച്ചിയെന്നും മാഡമെന്നുമാണ് സരിത്ത് പലപ്പോഴും സ്വപ്നയെ വിളിച്ചിരുന്നത്. ഇടപാടുകാരനായ റമീസിനെ കുറിച്ച് മാത്രമാണ് തനിക്ക് അറിയാവുന്നതെന്നും സരിത് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.

തിരുവല്ലത്തുള്ള സരിത്തിന്റെ വീട്ടില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇന്ന് പരിശോധനയും നടത്തിയിരുന്നു. പ്രാഥമിക വിവര ശേഖരമാണ് ഉദ്യോഗസ്ഥര്‍ നടത്തിയത് അയല്‍വാസികളോട് വിവരങ്ങളും ചോദിച്ചറിഞ്ഞു. ഇയാളുടെ വീട്ടില്‍ എന്‍ഐഎയുടെ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം റമീസിന് പെരിന്തല്‍മണ്ണയിലുള്ള വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. മണിക്കൂറുകളോളം നീണ്ട പരിശോധനയില്‍ റമീസിന്റെ വീട്ടില്‍ നിന്നും നിരവധി രേഖകള്‍ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.
റമീസ് നേരത്തെ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, സ്ഥലക്കച്ചവടുമായി ബന്ധപ്പെട്ടുണ്ടാക്കിയ കരാറുകള്‍, മുദ്രപത്രങ്ങള്‍, പാസ്ബുക്കുകള്‍, ചെക്കുകള്‍, തുടങ്ങിയവയാണ് കണ്ടെടുത്തത്. സ്വപ്‌നയെയും സന്ദീപിനെയും കറുകുറ്റിയെ കോവിഡ് കെയര്‍ സെന്ററിലാക്കും. ഇവരുടെ കോവിഡ് പരിശോധനാ ഫലം നാളെ ലഭിച്ചാല്‍ മാത്രമേ തുടര്‍ നടപടിയുണ്ടാവൂ. ഇരുവരെയും എന്‍ഐഎ കസ്റ്റഡിയില്‍ ആവശ്യപ്പെടും. കൊച്ചിയിലെത്തിക്കുന്നതിന് മുമ്പ് ആലുവ ജില്ലാ ആശുപത്രിയില്‍ പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.
സ്വപ്‌നയെയും സന്ദീപിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്ന വഴിയും പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇവരെ കൊണ്ടുവന്ന എന്‍ഐഎയുടെ വാഹനത്തിന്റെ ടയര്‍ പഞ്ചറായി. തുടര്‍ന്ന് ഇവരെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. ദേശീയപാതയോരത്ത് പലയിടത്തും പ്രതികള്‍ക്കെതിരെ പ്രതിഷേധങ്ങളുണ്ടായി. എന്‍ഐഎ ഓഫീസ് വളപ്പില്‍ കടന്ന് പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് ലാത്തി വീശുകയും ചെയ്തു. സ്വപ്‌നയും സന്ദീപും പിടിയിലായത് ബെംഗളൂരുവില്‍ നിന്ന് വിദേശത്തേക്ക് കടക്കാന്‍ പദ്ധതി തയ്യാറാക്കുന്നതിനിടെയായിരുന്നു. രണ്ട് ദിവസം മുമ്പ് ഇവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ മാറി കൊറമംഗലയിലെ പുതിയ ഹോട്ടലില്‍ റൂമെടുത്ത് അരമണിക്കൂര്‍ പിന്നിടും മുമ്പാണ് അറസ്റ്റിലായത്.












Click it and Unblock the Notifications