'എന്നെ രക്ഷിക്കാൻ സഹായിക്കുന്ന എല്ലാവർക്കും നന്ദി' : നിമിഷപ്രിയയുടെ കത്ത്
യെമൻ : തന്നെ രക്ഷിക്കുന്നതിനു വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഠിനാധ്വാനം ചെയ്യുന്ന എല്ലാവർക്കും നന്ദി. യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയ എഴുതിയ കത്തിലെ വാക്കുകളാണിത്. 'ഞാൻ നിമിഷപ്രിയ, ഈ യെമൻ ജയിലിൽനിന്ന് എന്റെ ജീവൻ രക്ഷിക്കാനായി സഹായിക്കുന്ന വിദേശത്തും സ്വദേശത്തും ഉള്ള ഓരോ ബഹുമാനപ്പെട്ടവർക്കും, പ്രത്യേകമായി സേവ് നിമിഷപ്രിയ ആക്‌ഷൻ കൗൺസിലിൽ ചേർന്നു പ്രവർത്തിക്കുന്നവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു'.
സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ഭാരവാഹികൾക്കാണ് നിമിഷപ്രിയ കത്തെഴുതിയിരിക്കുന്നത്. നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാനായി വലിയ പരിശ്രമങ്ങളാണ് ആക്ഷൻ കൗൺസിലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. തന്നെ രക്ഷിക്കുന്നതിനു വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഠിനാധ്വാനം ചെയ്യുന്നവർക്കാണ് നിമിഷപ്രിയ നന്ദി അറിയിച്ചത്.

അതിനാൽ തന്നെ കേന്ദ്ര സംസ്ഥാന സർക്കാരുകളെ സമീപിച്ച് ഇടപെടൽ ആവശ്യപ്പെടുകയാണ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ചെയ്യാൻ ശ്രമിക്കുന്നത്. നിമിഷപ്രിയ കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന യെമൻ പൗരന്റെ ബന്ധുക്കളുമായി തീർപ്പിലെത്തിക്കാനുള്ള പരിശ്രമങ്ങളാണ് നിലവിൽ നടക്കുന്നത്. ഇതിലേക്കായി നാലു കോടി രൂപ ആവശ്യമായി വരും. ഈ തുക സമാഹരിക്കാനുള്ള ശ്രമത്തിലാണ് ഭാരവാഹികൾ. ചെറിയ തുകകൾ വാഗ്‌ദാനം നൽകി നിരവധി പേർ മുന്നോട്ട് വന്നിട്ടുണ്ട്. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളെ ആക്‌ഷൻ കൗൺസിൽ പ്രവർത്തകർ സന്ദർശിച്ച് സഹായം അഭ്യർഥിച്ചിട്ടുണ്ട്. പലരും പിന്തുണ വാഗ്ദാനം ചെയ്‌തിട്ടുമുണ്ട്.

നിമിഷപ്രിയയുടെ കുടുംബം ഇന്ന് പാണക്കാട് കുടുംബത്തെ സന്ദർശിച്ചിരുന്നു. ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തിൽ അനുശോചനം അറിയിക്കാനാണ് നിമിഷപ്രിയയുടെ അമ്മയും ഏഴു വയസുകാരിയായ മകളും പാണക്കാടെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളെ കണ്ട ശേഷമാണ് ഇവർ മടങ്ങിയത്. നിമിഷപ്രിയയുടെ മോചനത്തിന് എല്ലാവിധ സഹായങ്ങളും കുടുംബം ആവശ്യപ്പെട്ടു. അമ്മ പ്രേമകുമാരിയും ഏഴു വയസുകാരി മകള്‍ മിഷേലും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് ഒപ്പമെത്തിയത്.

കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ നൽകിയ സഹായ വാഗ്ദാന പ്രതീക്ഷയിലാണ് കുടുംബം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിവർക്കും സഹായം അഭ്യർഥിച്ച് കത്തയച്ചിട്ടുണ്ട്.












Click it and Unblock the Notifications