'ആശങ്കയുടെ നാളുകൾ കഴിഞ്ഞു'; നിപ കേരളത്തിൽ നിയന്ത്രണ വിധേയമെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി
ന്യൂഡൽഹി: നിപ കേരളത്തിൽ നിയന്ത്രണ വിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഭാരതി പവാർ. സംസ്ഥാനവും കേന്ദ്രവും സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും രോഗം പകരുന്നത് നിയന്ത്രിക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. പരിശോധനകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തുടരുന്നുണ്ട്. ആശങ്കയുടെ നാളുകൾ കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഇന്നലെ നിപയിൽ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അറയിച്ചിരുന്നു, ഇന്നലെ ലഭിച്ച 27 പരിശോധന ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഒൻപത് വയസ്സുകാരന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു.

ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. 21 ദിവസം ഐസോലേഷനിൽ ഉള്ളവർ അതിൽ തന്നെ തുടരണം. കൃത്യമായി എല്ലാവരും മാസ്ക് ധരിക്കണം. സമ്പർക്ക പട്ടികയിൽ നിലവിൽ 981 പേരാണ് ഉള്ളതെന്നും അവർ പറഞ്ഞു.
അതേസമയം, നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോർ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേർന്നതായി വീണ ജോർജ് പറഞ്ഞു. ഇന്ന് പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ ഫലം ലഭിച്ച 7 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഐസൊലേഷൻ പൂർത്തിയാക്കിയ 66 പേരെ ഇന്ന് സമ്പർക്കപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ 915 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.
ഇൻഡക്‌സ് കേസിന്റെ സമ്പർക്ക പട്ടികയിലുള്ള മറ്റുജില്ലകളിലെ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയവരെ പട്ടികയിൽ നിന്നും ഒഴിവാക്കി. പബ്ലിക് ഹെൽത്ത് ലാബുകളുൾപ്പെടെയുള്ള സ്റ്റേറ്റ്, ജില്ലാതല ലാബുകളിൽ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കും.
ഐ.സി.എം.ആർ. . മാനദണ്ഡ പ്രകാരം എസ്.ഒ.പി. തയ്യാറാക്കും. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരോടും അതത് ജില്ലയിലെ ആർ.ടി.പി.സി.ആർ, ട്രൂനാറ്റ് പരിശോധനകൾ നടത്താൻ സൗകര്യങ്ങളുള്ള ലാബുകളുടെ വിശദവിവരങ്ങൾ സമർപ്പിക്കുവാൻ നിർദേശം നൽകി. എസ്.ഒ.പി. ലഭിക്കുന്ന മുറക്ക് മുൻഗണനാ ക്രമത്തിൽ പരിശീലനം നൽകി ലാബുകൾ സജ്ജമാക്കുന്നതാണ്. നിപ പോസിറ്റീവ് ആയവരുടെ മറ്റ് ടെസ്റ്റുകൾ നടത്തുന്നതിനുള്ള ലാബ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒറ്റ ദിവസം കൊണ്ട് സജ്ജമാക്കി.












Click it and Unblock the Notifications