'മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചു, തന്നെ അറിയില്ലെന്ന് നിവിന്‍ പറഞ്ഞത് കള്ളം'; പരാതിക്കാരി
ഇടുക്കി: ലൈംഗിക പീഡന പരാതിയില്‍ നടന്‍ നിവിന്‍ പോളി പറഞ്ഞതെല്ലാം കള്ളമെന്ന് പരാതിക്കാരി. തന്നെ അറിയില്ലെന്ന നിവിന്‍ പോളിയുടെ വാദം കള്ളമാണ് എന്ന് പരാതിക്കാരി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം. കഴിഞ്ഞ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് സംഭവം ഉണ്ടായത് എന്നും ദുബായില്‍ വെച്ചായിരുന്നു പീഡനമെന്നും പരാതിക്കാരി പറഞ്ഞു.
സുഹൃത്തായ ശ്രേയ വഴിയാണ് ഈ സംഘത്തെ പരിചയപ്പെടുന്നത് എന്നും നിര്‍മാതാവ് സുനിലിനെ ആണ് ആദ്യം പരിചയപ്പെട്ടത് എന്നും യുവതി പറഞ്ഞു. സുനില്‍ വഴിയാണ് നിവിന്‍ പോളി അടക്കമുള്ള മറ്റുള്ളവരെ പരിചയപ്പെട്ടത്. മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്നും ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല എന്നും പരാതിക്കാരി പറയുന്നു. പരാതിക്കാരിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'ദുബായില്‍ വെച്ച് നടന്ന സംഭവമാണ്. 2023 നവംബര്‍-ഡിസംബര്‍ മാസത്തിലാണ് സംഭവം നടന്നത്. എന്റെ ഒരു ഫ്രണ്ട് യൂറോപ്പിലേക്ക് വിടാം എന്ന് പറഞ്ഞ് 3 ലക്ഷം രൂപ വാങ്ങിയിരുന്നു. അത് കഴിഞ്ഞിട്ട് രണ്ട് മൂന്ന് മാസം കഴിഞ്ഞിട്ടും കാശിനെ കുറിച്ച് വിവരമൊന്നുമില്ല. പൈസ ചോദിച്ചപ്പോള്‍ എനിക്ക് സിനിമയില്‍ ചാന്‍സ് ചോദിച്ച് തരാം എന്ന് പറഞ്ഞ് ഒരു പ്രൊഡ്യൂസറെ പരിചയപ്പെടുത്തി തന്നു.
പുള്ളിയുടെ പേര് എകെ സുനില്‍ എന്നാണ്. പുള്ളിയുമായി ഒരു ചെറിയ ഇഷ്യൂ ഉണ്ടായി. പുള്ളി ഇന്റര്‍വ്യൂവിന് വിളിച്ചിട്ട് ശാരീരികമായി ഉപദ്രവിച്ചു. അത് കഴിഞ്ഞിട്ടാണ് നിവിന്‍ പോളി, ബഷീര്‍, വിനു, കുട്ടന്‍ എന്നിവരെ പരിചയപ്പെട്ടത്. ഇവരില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ച് ബോധമില്ലാത്ത രീതിയിലാണ് പെരുമാറിയത്. ഇതുവരെ ആരും ചെയ്ത കുറ്റം ഏറ്റുപറഞ്ഞിട്ടില്ല.
ഇതിന്റെ സത്യം തെളിയിക്കാന്‍ ഏത് വരെ പോകണോ അത് വരെ പോകും. സത്യം തെളിയട്ടെ. സിനിമയുമായി എനിക്ക് ബന്ധമില്ല. എന്റെ ഫ്രണ്ട് അവരുടെ പവര്‍ ഗ്രൂപ്പിലുള്ള ആളാണ്. ആ ഫ്രണ്ടാണ് എനിക്ക് പ്രൊഡ്യൂസറെ പരിചയപ്പെടുത്തി തന്നത്. അതുവഴിയാണ് ബാക്കിയുള്ളവരെ പരിചയപ്പെട്ടത്. അത് കഴിഞ്ഞ് അവരെന്നെ പൂട്ടിയിട്ടു. അവര്‍ പറയുന്നതൊന്നും കേള്‍ക്കുന്നില്ല എന്ന് വന്നപ്പോള്‍ നാട്ടിലെ വീട്ടില്‍ ക്യാമറ വെപ്പിക്കുകയും ഭര്‍ത്താവിന്റെ മെയില്‍ ഐഡി ഹാക്ക് ചെയ്യുകയും ചെയ്തു.
അവര്‍ പുറത്തിറങ്ങുമ്പോള്‍ വണ്ടിയിടിപ്പിച്ച് കൊല്ലും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. അവര്‍ പറയുന്നതൊക്കെ ചെയ്യേണ്ടി വന്നു. എനിക്ക് ശ്വാസം മുട്ടല്‍ കൂടിയപ്പോള്‍ സംസാരിക്കാന്‍ വയ്യാതായി. ആ സമയത്ത് നാട്ടിലേക്ക് ടിക്കറ്റെടുത്ത് തന്ന് എന്നെ പറഞ്ഞയയ്‌ക്കേണ്ടി വന്നു. അത് അവര്‍ക്ക് പ്രതീക്ഷിക്കാന്‍ പറ്റിയില്ല. നേരത്തെ തന്നെ പരാതി കൊടുത്തിരുന്നു. ദുബായില്‍ വെച്ച് നടന്ന സംഭവത്തില്‍ തെളിവില്ലാത്തത് കൊണ്ട് പ്രത്യേകിച്ച് ഒന്നും നടന്നില്ല.
പിന്നീടാണ് വീണ്ടും പരാതി കൊടുത്തത്. സോഷ്യല്‍ മീഡിയയില്‍ ചിത്രമിട്ട് അപമാനിക്കും എന്ന് പറഞ്ഞിരുന്നു. ഡാര്‍ക്ക്‌നെറ്റില്‍ ചിത്രങ്ങളിടും എന്ന് പറഞ്ഞു. അത് അവര്‍ ചെയ്തു,' പരാതിക്കാരി പറയുന്നു. കോട്ടയം സ്വദേശിയായ ശ്രേയ എന്ന സുഹൃത്താണ് തന്നെ ഇവര്‍ക്ക് മുന്നിലെത്തിച്ചത് എന്നും പരാതിക്കാരി വ്യക്തമാക്കി. നേരത്തെ തനിക്കെതിരായ പീഡന പരാതി നിവിന്‍ തള്ളിയിരുന്നു.
വ്യാജ പരാതിയാണ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത് എന്നും ഗൂഢാലോചനയുണ്ട് എന്നും താരം വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു. കരുതിക്കൂട്ടി അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമമാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും നിവിന്‍ പോളി പറഞ്ഞിരുന്നു. നിവിന്‍ പോളി അടക്കം ആറ് പ്രതികളാണ് ഉള്ളത്. നിവിന്‍ ആണ് ആറാം പ്രതി.












Click it and Unblock the Notifications