'അതിലെനിക്ക് ഭയങ്കര സന്തോഷമുണ്ട്'; ആറാട്ടണ്ണനെ കൈകാര്യം ചെയ്തതില്‍ എന്‍എം ബാദുഷ
കൊച്ചി: തിയേറ്ററിന് പുറത്ത് സിനിമയെ കുറിച്ച് നെഗറ്റീവ് റിവ്യൂ നല്‍കിയതിന്റെ പേരില്‍ സന്തോഷ് വര്‍ക്കിയെ കൈകാര്യം ചെയ്ത വിഷയത്തില്‍ പ്രതികരണവുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍ എം ബാദുഷ. സന്തോഷ് വര്‍ക്കിയെ പോലുള്ള ആളുകള്‍ പണം വാങ്ങിയാണ് റിവ്യൂ ചെയ്യുന്നത് എന്ന് ബാദുഷ ആരോപിച്ചു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിനിമ കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരുടെ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ രണ്ടിന് റിലീസ് ചെയ്ത 'വിത്തിന്‍ സെക്കന്‍ഡ്സ്' എന്ന സിനിമയുടെ റിവ്യൂ പറയുന്നതിനിടെയാണ് സന്തോഷ് വര്‍ക്കിയെ അണിയറ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യത്. സിനിമ മുഴുവന്‍ കാണാതെ സന്തോഷ് വര്‍ക്കി മോശം അഭിപ്രായം പറഞ്ഞെന്നാരോപിച്ചായിരുന്നു കൈയേറ്റം.

എന്‍ എം ബാദുഷയുടെ വാക്കുകള്‍
'ആ നടന്ന സംഭവത്തില്‍ ശരിക്കും പറഞ്ഞാല്‍ എനിക്ക് ഭയങ്കര സന്തോഷമുണ്ട്. കാരണം അങ്ങനെ ചെയ്യാന്‍ പാടില്ല. അയാളെ പറ്റി എനിക്ക് നന്നായി അറിയാം. ഇയാളൊക്കെ പൈസയും വാങ്ങുന്നുണ്ട്. മറ്റുള്ള ആള്‍ക്കാരില്‍ നിന്ന് പൈസ വാങ്ങി നല്ല റിവ്യൂ പറയുന്നുണ്ട്. പൈസ കൊടുക്കാത്ത ആള്‍ക്കാരുടെ സിനിമക്ക് മോശം റിവ്യൂവും പറയുന്നുണ്ട്. അയാള്‍ തന്നെ പറയുന്നുണ്ട് ഞാന്‍ 10 മിനിറ്റേ സിനിമ കണ്ടിട്ടുള്ളൂ എന്ന്.
10 മിനിറ്റ് കൊണ്ട് ആ സിനിമയെ അയാള്‍ വിശകലനം ചെയ്‌തെങ്കില്‍ അയാള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് സിനിമയുടെ മൊത്തം റിവ്യൂ പറഞ്ഞത്. സിനിമക്ക് പിന്നിലെ വിഷമം ഇവര്‍ മനസിലാക്കണം. അവര്‍ക്ക് പറയാം എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടില്ല, നിങ്ങള്‍ കാണണ്ടാട്ടോ എന്ന് പറയുന്നതില്‍ കുഴപ്പമില്ല. ഇത് അങ്ങനെയല്ല. ആ സിനിമ ഇങ്ങനെയാണ് അതിന്റെ ആള്‍ക്കാര്‍ ചെയ്തത് ശരിയായില്ല, അഭിനയിച്ചത് ശരിയായില്ല.
ഡയറക്ഷന്‍ ശരിയല്ല എന്നൊന്നും പറയേണ്ടതില്ലല്ലോ. സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്,' എന്നാണ് എന്‍ എം ബാദുഷ പറയുന്നത്. ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് കൊണ്ടാണ് സന്തോഷ് വര്‍ക്കി സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. ലാലേട്ടന്‍ ആറാടുകയാണ് എന്ന സന്തോഷ് വര്‍ക്കിയുടെ കമന്റ് വൈറലായിരുന്നു. ആറാട്ടണ്ണന്‍ എന്നാണ് സന്തോഷ് വര്‍ക്കി സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. മിക്ക സിനിമകളും ആദ്യ ദിനം തന്നെ കണ്ട് ഓണ്‍ലൈന്‍ മീഡിയയില്‍ സന്തോഷ് വര്‍ക്കി റിവ്യൂ നല്‍കാറുണ്ട്.












Click it and Unblock the Notifications