ലയനം:ബേബി മിണ്ടേണ്ടെന്ന് പിബി
ദില്ലി: സിപിഎമ്മും സിപിഐയും ലയിക്കുന്ന കാര്യത്തില്‍ ഇനി എംഎ ബേബി അഭിപ്രായം പറയേണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ഇക്കാര്യം പാര്‍ട്ടിയുടെ അജണ്ടയില്‍ തന്നെ ഇല്ലാത്ത കാര്യമാണെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
കമ്യൂണിസ്റ്റ് പാര്‍ട്ടികളും ലയനം, പുനരേകീകരണം... ഈ രണ്ട് കാര്യങ്ങളും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടെന്നാണ് പോളിറ്റ് ബ്യൂറോയുടെ കര്‍ശന നിര്‍ദ്ദശം. ഇത്തരം ചര്‍ച്ചകള്‍ രണ്ട് പാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും പോളിറ്റ് ബ്യൂറോ വിലയിരുത്തുന്നു.

സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം എന്ന ആശയം മുന്നോട്ട് വച്ചത്. കഴിഞ്ഞ ദിവസം സി അച്യുതമേനോന്‍ അനുസ്മരണ ചടങ്ങിലായിരുന്നു ബേബി ലയനക്കാര്യം എടുത്തിട്ടത്.
ഉടന്‍ തന്നെ വിഷയത്തില്‍ പിന്തുണയുമായി സിപിഐ നേതാക്കളായ ബിനോയ് വിശ്വവും കാനം രാജേന്ദ്രനും രംഗത്തെത്തി. എന്നാല്‍ ലയനം അല്ല വേണ്ടത് പുനരേകീകരണമാണെന്ന വാദവുമായി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും ചര്‍ച്ച ചൂടുപിടിപ്പിച്ചു.
സിപിഎമ്മില്‍ നിന്ന് ബേബിയുടെ പരാമര്‍ശത്തോട് പ്രതികരിച്ചവരെല്ലാം ശക്തമായ വിയോജിപ്പാണ് പ്രകടിപ്പിച്ചത്. ദേശാഭിമാനി പത്രാധിപര്‍ വിവി ധക്ഷിണാമൂര്‍ത്തിയും എംഎം ലോറന്‍സും അടക്കമുള്ളവരായിരുന്നു രംഗത്തെത്തിയത്. പിബി അംഗമായ ബേബിയെ വിമര്‍ശിക്കാന്‍ ഇവര്‍ ഒരു മടിയും കാണിച്ചില്ലെന്നതാണ് സത്യം.
എന്തായാലും പിബി നിര്‍ദ്ദേശം കിട്ടിയതോടെ എംഎ ബേബിയും നിലപാട് മാറ്റി. ഉടന്‍ ഒരു ലയനം അല്ല താന്‍ ഉദ്ദേശിച്ചത്, കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ ബേബി പറയുന്നത്.












Click it and Unblock the Notifications