ബിജെപിയുടെ 'യുവം' കാറ്റ് പോയ ബലൂൺ പോലെ, മോദിയോട് ചോദ്യങ്ങളെവിടെ? തൊലിക്കട്ടി അപാരമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: കൊച്ചിയിൽ ബിജെപിയുടെ യുവം പരിപാടി സമാപിച്ചതിന് പിന്നാലെ വിമർശനവുമായി ഡിവൈഎഫ്ഐ. . യുവം പരിപാടി പ്രധാനമന്ത്രിയോട് യുവാക്കൾക്ക് സംവദിക്കാനുളള അവസരമാണെന്ന് പറഞ്ഞിട്ട് അദ്ദേഹം രാഷ്ട്രീയ പ്രസംഗം നടത്തി മടങ്ങുകയാണ് ഉണ്ടായതെന്ന് ഇടത് എംപിയും ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷനുമായ എഎ റഹീം കുറ്റപ്പെടുത്തി.
ബിജെപിയുടെ പതിവ് രാഷ്ട്രീയ പ്രചാരണ പൊതുയോഗം മാത്രമാണ് കൊച്ചിയിൽ നടന്നത് എന്നും ബിജെപി സംസ്ഥാന ഘടകം ഇതിന് മറുപടി പറയണമെന്നും റഹീം ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ അടക്കം നിരവധി യുവാക്കൾ കൊച്ചിയിലെ യുവം പരിപാടിയിൽ പങ്കെടുത്തിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജും വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

എഎ റഹീമിന്റെ പ്രതികരണം: വന്ന് വന്ന് സ്ക്രിപ്റ്റഡ് ചോദ്യങ്ങളിൽ നിന്നു പോലും ഒളിച്ചോടാൻ തുടങ്ങിയിരിക്കുന്നു പ്രധാനമന്ത്രി. യുവം പരിപാടിയുടെ സംഘാടകർ വാഗ്ദാനം ചെയ്തത് രണ്ട് പ്രത്യേകതകളായിരുന്നു. 1.പ്രധാനമന്ത്രിയുമായി യുവാക്കൾക്ക് സംവദിക്കാം. 2.ഇതിൽ രാഷ്ട്രീയമില്ല. സംഭവിച്ചതോ?? സംവാദം നടന്നില്ല, ഒരു ചോദ്യം പോലും ആർക്കും ചോദിയ്ക്കാൻ കഴിഞ്ഞുമില്ല. രാഷ്ട്രീയമില്ലെന്നു വാഗ്ദാനം ചെയ്ത് വിളിച്ചു കൂട്ടിയിട്ട് ലക്ഷണമൊത്ത രാഷ്ട്രീയ പ്രസംഗം നടത്തി പ്രധാനമന്ത്രി മടങ്ങി.
വിവിധ മേഖലകളിലെ പ്രതിഭകളെ പ്രധാനമന്ത്രിയുമായി സംവദിക്കാൻ ക്ഷണിക്കുന്നു. ബിജെപി തന്നെ നടത്തുന്ന പരിപാടി,അവർ തന്നെ ക്ഷണിച്ചും, തയ്യാറാക്കിയും കൊണ്ടുവന്നവർ, അവർ തന്നെ തയ്യാറാക്കിവച്ച ചോദ്യങ്ങൾ , സംവാദം റിപ്പോർട്ട് ചെയ്യാൻ കാത്തുനിന്ന മാധ്യമങ്ങൾ..... പക്ഷേ സംഭവിച്ചത് , പതിവ് മൻ കി ബാത്ത്. ബിജെപിയുടെ പതിവ് രാഷ്ട്രീയ പ്രചരണ പൊതുയോഗം എന്നതിൽ കവിഞ്ഞു വേറൊന്നുമുണ്ടായില്ല.
അദ്ദേഹത്തിന്റെ പതിവ് രാഷ്ട്രീയ പ്രസംഗം കേൾക്കാൻ യുവാക്കളെ വിളിച്ചാൽ കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണോ സംവാദമെന്നു കള്ളം പറഞ്ഞത്? അല്ലെങ്കിൽ സ്ക്രിപ്റ്റഡ് ആയിരുന്നിട്ട് പോലും ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ താല്പര്യമില്ലാത്ത പ്രധാനമന്ത്രി സ്വയം ഒളിച്ചോടിയതാണോ? സംഘാടകരായ ബിജെപി സംസ്ഥാന ഘടകം മറുപടി പറയണം'.

വികെ സനോജിന്റെ പ്രതികരണം: ' കൊട്ടിഘോഷിച്ച യുവം പരിപാടി മറ്റൊരു
മൻകീ ബാത്ത് ആക്കി മാറ്റി പ്രധാനമന്ത്രി കേരള സമൂഹത്തിന് മുന്നിൽ അപഹാസ്യനായി. ഏതാണ്ട് ഒരു വർഷത്തിലധികം സമയമെടുത്ത് പ്രൊഫഷണൽ ഏജൻസികളെ വച്ച് നിഷ്പക്ഷ ലേബലിൽ നടത്തിയെടുക്കാൻ ശ്രമിച്ച പരിപാടിയാണ് യുവം എന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പ്രൊഫഷണൽ കോളേജുകളിൽ ചെന്ന് വിദ്യാർത്ഥികളെ പരിപാടിക്ക് വേണ്ടി ക്യാൻവാസ് ചെയ്തൊക്കെയായിരുന്നു പ്ലാൻ.
എന്നാൽ അവസാന ഘട്ടത്തിൽ പതിവ് പോലെ തമിഴ് സിനിമയിൽ വേഷം മാറി വരുന്ന വടി വേലുവിന്റെ കഥാപാത്രം പോലെ സംഘികളുടെ കാവി കളസം കേരള ജനത വെളിയിൽ കണ്ടു. ഒടുവിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗമാക്കി പരിപാടി അവസാനിപ്പിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കൊണ്ട് ആകെ സാധിക്കുന്ന കാര്യം തിരിച്ചു ചോദ്യങ്ങളില്ലാത്ത പൊതു പ്രസംഗം മാത്രമാണ്. പ്രധാന മന്ത്രിയുമായി യുവാക്കൾക്ക് സംവദിക്കാമെന്നും, യുവം പരിപാടിയിൽ രാഷ്ട്രീയമില്ലെന്നുമാണ് സംഘാടകർ പ്രചരിപ്പിച്ചിരുന്നത്.
എന്നാൽ DYFI യുടെ Young India, Ask PM, എന്ന പരിപാടിയിലൂടെ യുവജനങ്ങളുടെ നൂറ് ചോദ്യങ്ങൾ യുവം പരിപാടിയുടെ ഒളിച്ചു കടത്തൽ പുറത്ത് കൊണ്ട് വന്നു. തുടർന്നാണ് കൊട്ടിഘോഷിച്ച യുവം പരിപാടി ബിജെപിയുടെ രാഷ്ട്രീയ സമ്മേളനമായി കാറ്റ് പോയ ബലൂൺ പോലെ അവസാനിച്ചത്. എന്തൊക്കെ മാരീച വേഷങ്ങൾ കെട്ടി അവതരിച്ചാലും ബിജെപിയുടെ മുഖംമൂടി കേരളത്തിൽ ജനങ്ങൾ വലിച്ചു കീറും.
നവോത്ഥാന ആശയങ്ങളുടെ അടിത്തറയിൽ ഇടതുപക്ഷ രാഷ്ട്രീയം കരുത്താർജിച്ച് ഉറപ്പിച്ചിച്ചെടുത്ത കേരളത്തിന്റെ മതനിരപേക്ഷ സാമൂഹിക മണ്ഡലത്തിൽ എന്തൊക്കെ പ്രഛന്ന വേഷം കെട്ടിയാലും ഒടുവിൽ ബിജെപി ഇതുപോലെ തൊലിയുരിഞ്ഞു നിൽക്കേണ്ടി വരും. നരേന്ദ്രമോദിയെ കൊണ്ട് പറ്റുന്ന ഒരേയൊരു പരിപാടി തിരിച്ചു ചോദ്യങ്ങൾ വരാത്ത മൻ കീ ബാത്ത് മാത്രമാണ്. അങ്ങനെയൊരാളെ കേരളത്തിൽ കൊണ്ട് വന്ന് സംവാദത്തിന് മുതിർന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തൊലിക്കട്ടി അപാരം തന്നെ'.












Click it and Unblock the Notifications