അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; ഇന്ന് വിദ്യാരംഭം, ക്ഷേത്രങ്ങളില്‍ വന്‍ തിരക്ക്
തിരുവനന്തപുരം: അധര്‍മ്മത്തിന് മേല്‍ ധര്‍മം വിജയം വരിച്ചതിന്റെ വിശ്വാസത്തില്‍ ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികള്‍ ഇന്ന് വിജയ ദശമി ആഘോഷിക്കുന്നു. അറിവിന്റെ അക്ഷരമുറ്റത്തേക്ക് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭം ചടങ്ങുകളും ഇന്നാണ്. സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും പ്രത്യേകം തയ്യാറാക്കിയ എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വിദ്യാരംഭം ചടങ്ങുകള്‍ക്കായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
പുലര്‍ച്ചെ മുതല്‍ തന്നെ ഭക്തജനങ്ങള്‍ തങ്ങളുടെ പൊന്നാമോനകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നതിനായി എത്തി തുടങ്ങി. അറിവിന്റെ ലോകത്തേക്ക് ഹരിശ്രീ കുറിച്ച് കുരുന്നുകള്‍ ഇന്ന് കാലെടുത്ത് വെക്കും. തിരൂര്‍ തുഞ്ചന്‍ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും ആണ് കേരളത്തില്‍ പ്രധാനമായും വിദ്യാരംഭത്തില്‍ വലിയ തിരക്ക് അനുഭവപ്പെടാറുള്ളത്.

ഇത്തവണയും ഇതിന് മാറ്റമില്ല. തുഞ്ചന്‍പറമ്പില്‍ പുലര്‍ച്ചെ 4.30 മുതല്‍ വിദ്യാരംഭം ചടങ്ങുകള്‍ ആരംഭിച്ചു. 50 ഓളം ആചാര്യന്മാര്‍ ആണ് ഇവിടെ കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിച്ച് നല്‍കുക. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാല് മണിക്ക് തന്നെ വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങി. 35 ആചാര്യന്‍മാരാണ് കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കാനായി ഇവിടെയുള്ളത്.
തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, വൈരങ്കോട് ഭഗവതി ക്ഷേത്രം, തൃപ്രങ്ങോട് ശിവക്ഷേത്രം, ചന്ദനക്കാവ് ദേവീക്ഷേത്രം, മേല്‍പ്പത്തൂര്‍ സ്മാരകം, പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രം, തലക്കാട് അയ്യപ്പന്‍കാവ് ക്ഷേത്രം, തൃക്കണ്ടിയൂര്‍ ശിവക്ഷേത്രം, അമ്പലക്കുളങ്ങര ക്ഷേത്രം, തെക്കന്‍ കുറ്റൂര്‍ പഴയേടത്ത് ശിവക്ഷേത്രം, മാട്ടുമ്മല്‍ ശിവക്ഷേത്രം എന്നിവിടങ്ങളിലൊക്കെ സാംസ്‌കാരിക നായകരുടെയും ആചാര്യന്മാരുടെയും നേതൃത്വത്തില്‍ കുരുന്നുകള്‍ ഹരിശ്രീ കുറിക്കും.
'ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു' എന്ന് കുഞ്ഞുങ്ങളുടെ നാവില്‍ സ്വര്‍ണം കൊണ്ട് എഴുതി പിന്നീട് മണലിലോ, നെല്ലിലോ, അരിയിലോ ആ മന്ത്രം ഉറക്കെ ഉരുവിട്ട് എഴുതിക്കൊണ്ടാണ്. അറിവിലേക്കുള്ള ആരംഭം ഓരോ കുരുന്നുകളും കുറിക്കുന്നത്. നാദരൂപിണിയും വിദ്യാദേവതയുമായ സരസ്വതി ദേവിയെ ആണ് വിദ്യാരംഭ വേളയില്‍ ആരാധിക്കുന്നത്. അറിവിന്റെ ലോകത്ത് തിളങ്ങാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടാണ് ഓരോ കുരുന്നുകളേയും എഴുത്തിനിരുത്തുന്നത്.
വിദ്യാരംഭം ചടങ്ങുകള്‍ക്ക് ശേഷമാണ് പൂജയെടുപ്പ്. പൂജക്ക് വെച്ച പുസ്തകങ്ങളും ആയുധങ്ങളും ഇന്ന് തിരിച്ചെടുക്കും. ഇതോടെ 10 ദിവസം നീണ്ടുനിന്ന നവരാത്രി ആഘോഷങ്ങള്‍ക്കും അവസാനമാകും. പൂജവെപ്പ് എന്ന ചടങ്ങിലൂടെ തങ്ങളുടെ വിദ്യയ്ക്കും ജീവിതനിവൃത്തിക്കും ദേവിയുടെ അനുഗ്രഹം നേടിയെടുക്കുകയാണ് വിശ്വാസികള്‍.












Click it and Unblock the Notifications