21 പേരുടെ ജീവനെടുത്തു, ചിലര്‍ ഇപ്പോഴും ചികിത്സയില്‍; കേരളം മറക്കാന്‍ ആഗ്രഹിക്കുന്ന കരിപ്പൂര്‍ വിമാന ദുരന്തം
കോഴിക്കോട്: കൊവിഡ് മഹാമാരിക്കാലത്ത് കേരളക്കരയാകെ ഞെട്ടിച്ച മഹാദുരന്തമായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 7ന് സംഭവിച്ചത്. 184 യാത്രക്കാരുമായി കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ലാന്‍ഡ് ചെയ്ത വിമാനം റണ്‍വേയില്‍ നിന്ന് നിയന്ത്രണം വിട്ട് 40 അടി താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പൈലറ്റും, സഹ പൈലറ്റും ഉള്‍പ്പടെ 16 പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. നാല് പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
വിമാന അപകടം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഓടിയെത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ പേരുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. വിമാനത്താവളത്തിന്റെ സുരക്ഷ ചുമതലയുള്ള സിഐഎസ്എഫും എയര്‍പോര്‍ട്ട് എയര്‍ഫോഴ്‌സും എത്തുന്നതിന് മുമ്പേ നാട്ടുകാര്‍ മതിലുകള്‍ ചാടിക്കടന്ന് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനിറങ്ങുകയായിരുന്നു. കൊവിഡിനെ പോലും ഭയക്കാതെയായിരുന്നു നാട്ടുകാരുടെ ഇടപെടല്‍.
നടന്‍ ആന്‍റണി വര്‍ഗീസ് വിവാഹിതനായി- ചിത്രങ്ങള്‍ കാണാം

വിമാനത്തിന്റെ ഇന്ധനത്തിനും ചോര്‍ച്ചയുണ്ടാകുമെന്നും അത് കത്തിപ്പടരാന്‍ സാധ്യതയുണ്ടെന്നുള്ള അപകടം ആലോചിക്കാതെയാണ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇടപെട്ടത്. പരിക്കേറ്റവരെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുക എന്ന് മാത്രമായിരുന്നു അവര്‍ ആലോചിച്ചത്. ആംബുലന്‍സിന് വേണ്ടി കാത്ത് നില്‍ക്കാതെ സ്വന്തം വാഹനങ്ങളില്‍ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കുതിച്ചു.
അന്നത്തെ അപകടത്തില്‍ വിമാനത്തിന് തീ പടരാതിരുന്നത് ദുരന്തത്തിന്റെ ആഘാതം കുറച്ചു. കനത്ത മഴയും മൂടല്‍ മഞ്ഞും ഉണ്ടായിരുന്നതിനാല്‍ 7.40ന് എത്തിയ വിമാനം മൂന്ന് തവണ ചുറ്റിപ്പറന്നതിന് ശേഷമാണ് ലാന്‍ഡ് ചെയ്തത്. സാധാരണ എല്ലാ വിമാനങ്ങളും റണ്‍വെയുടെ കിഴക്ക് ഭാഗത്ത് നിന്നാണ് ലാന്‍ഡ് ചെയ്യാറുള്ളത്. എന്നാല്‍ ഈ വിമാനം പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് ലാന്‍ഡ് ചെയ്തത്. റണ്‍വെയുടെ ടെച്ചിംഗ് ചൈന്‍ പകുതിയോളം കടന്നാണ് വിമനം ലാന്‍ഡ് ചെയ്തതെന്നാണ് കരുതുന്നത്. തുടര്‍ന്ന് കനത്ത മഴയില്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. വേഗത കുറവായതിനാലാണ് പൂര്‍ണ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെട്ടത്.
ഇന്ന് വിമാന അപകടത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും ഗുരുതരമായി പരിക്കേറ്റവരെ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച നഷ്ട പരിഹാരം ഇതുവരെ ലഭ്യമായില്ലെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒരു നടപടിയുണ്ടായില്ല.
അതേസമയം, വിമാന അപകടത്തിന്റെ കാരണം സംബന്ധിച്ച റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. കൂടാതെ ടേബിള്‍ ടോപ്പ് റണ്‍വെ വികസനമടക്കമുള്ള കാര്യങ്ങളില്‍ പിന്നീട് കാര്യമായതൊന്നും നടപ്പായതുമില്ല. അന്ന് അപകട കാരണങ്ങളെ കുറിച്ച് തര്‍ക്കങ്ങളുയര്‍ന്നിരുന്നു. ദുരന്തത്തിന് കാരണം ടെയില്‍വിന്‍ഡോ അതോ ഹൈഡ്രോപ്‌ളെയിനിങ്ങോ എന്നതിലായിരുന്നു തര്‍ക്കം.
വിമാനമിറങ്ങുന്ന അതേ ദിശയില്‍ കാറ്റ് വീശുന്ന സാഹചര്യമാണ് ടെയില്‍വിന്‍ഡ്. റണ്‍വേയിലെ ജലസാന്നിധ്യം മൂലം ബ്രേക്കിംഗ് നിയന്ത്രണം നഷ്ടമാക്കുന്ന അവസ്ഥയാണ് ഹൈഡ്രോ പ്‌ളെയിനിംഗ്. എന്നാല്‍ ഊഹാപോഹങ്ങള്‍ക്ക് പിന്നാലെ പോകേണ്ടെന്നും എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തുന്ന അന്വേഷണത്തിലൂടെ യഥാര്‍ത്ഥ കാരണം പുറത്തുവരുമെന്നും സ്ഥലത്തെത്തിയ അന്നത്തെ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഉറപ്പും നല്‍കിയിരുന്നു.












Click it and Unblock the Notifications